11 October Friday
വായ്‌പ എഴുതിത്തള്ളാൻ വാണിജ്യ ബാങ്കുകളും

കേരള ബാങ്ക്‌ വായ്‌പ എഴുതിത്തള്ളൽ ; ചൂരൽമല ബ്രാഞ്ചിൽ 
6.63 കോടിയുടെ വായ്‌പ

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2024


കൽപ്പറ്റ
മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവം നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളിയ കേരള ബാങ്ക്‌ തീരുമാനം മാതൃകാപരം. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിനും ഈട്‌ നൽകിയ വീടും വസ്‌തുവും നഷ്ടമായവർക്കും സഹായം ലഭിക്കും.  മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുത്തുമല പ്രദേശവാസികളായ 213 വായ്‌പക്കാരാണ്‌ ബാങ്ക്‌ ബ്രാഞ്ചിലുള്ളത്‌. 6.63 കോടി രൂപയാണ്‌  വായ്‌പ നൽകിയത്‌. നാന്നൂറിലധികം സ്വർണ വായ്‌പകളുമുണ്ട്‌. ചൂരൽമല ബ്രാഞ്ചിലെ വായ്‌പക്കാരായ ഒമ്പതുപേരുടെ മൃതദേഹം ഇതിനകം ലഭിച്ചു. 15 പേർ കാണാതായ പട്ടികയിലുണ്ട്‌. ക്യാമ്പിലുള്ളവരുടെ കണക്കുകളും ശേഖരിക്കുകയാണ്‌.

തൊഴിലാളികളും ചെറുകിട കർഷകരും വ്യാപാരികളുമാണ്‌ ഇടപാടുകാരിൽ കൂടുതൽ.  തോട്ടം മേഖല ആയതിനാൽ തൊഴിലാളികൾക്ക്‌ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചാണ്‌ വായ്‌പ നൽകിയത്‌.  വ്യാപാരികൾക്കും പ്രത്യേകം വായ്‌പ നൽകി.  ഉരുൾപൊട്ടലിൽ ബാങ്കിന്‌ കാര്യമായ നാശമുണ്ടായില്ല. പിറ്റേദിവസം തന്നെ മേപ്പാടി ബ്രാഞ്ച്‌ കെട്ടിടത്തിലേക്ക്‌ ചൂരൽമല ബ്രാഞ്ചിന്റെ പ്രവർത്തനം മാറ്റി. ദുരന്തബാധിതരെ മേപ്പാടിയിലെ സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റിയതിനാൽ മേപ്പാടിയിൽനിന്ന്‌ ഇടപാട്‌ നടത്താനുമായി. ഇടപാടുകൾ ഡിജിറ്റലായതിനാൽ പാസ്‌ ബുക്ക്‌ ഇല്ലാത്ത പ്രശ്‌നവും ബാധിച്ചില്ല.  നടപടിക്രമം ലളിതമാക്കിയും ദുരന്തബാധിതരെ സഹായിച്ചു.

ഗ്രാമീൺ ബാങ്ക്‌ 
വായ്‌പകളിൽ തീരുമാനമായില്ല
കേരള ബാങ്ക്‌ കൂടാതെ ചൂരൽമലയിൽ കേരള ഗ്രാമീൺ ബാങ്കിന്റെ ശാഖയുമുണ്ടായിരുന്നു.ആയിരത്തോളം ഇടപാടുകാരാണുള്ളത്‌. 16 കോടിയോളം വായ്‌പ നൽകിയിട്ടുണ്ട്‌.മരിച്ചവരും കാണാതായവരും വായ്‌പക്കാരിൽ ഉൾപ്പെടും.വായ്‌പയ്‌ക്ക്‌ ഈടായി നൽകിയ വീടുകളും സ്ഥാപനങ്ങളും സ്ഥലവും നഷ്ടമായവരുമുണ്ട്‌.   ഉരുൾപൊട്ടലിനെ തുടർന്ന്‌ ഈ ശാഖ താൽക്കാലികമായി കൽപ്പറ്റയിലേക്ക്‌ മാറ്റി.  വിവരം ശേഖരിച്ചുവരികയാണെന്നും തുടർനടപടിയിൽ  തീരുമാനമായിട്ടില്ലെന്നും ബാങ്ക്‌ അധികൃതർ പറഞ്ഞു.

എന്നാൽ ഉരുൾപൊട്ടൽ ബാധിച്ച എല്ലാ കുടുംബങ്ങളുടെയും വായ്‌പകൾക്ക്‌ മൊറൊട്ടോറിയം അനുവദിക്കാൻ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി തീരുമാനിച്ചിട്ടുണ്ട്‌. ജില്ലാതല ബാങ്കേഴ്‌സ്‌ സമിതിയുടെ കണക്ക്‌ പ്രകാരം 22 കോടിയോളം രൂപ ദുരന്തബാധിതരായ വായ്‌പക്കാർ തിരിച്ചടയ്‌ക്കാനുണ്ട്‌.

വായ്‌പ എഴുതിത്തള്ളാൻ വാണിജ്യ ബാങ്കുകളും
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളാൻ വാണിജ്യ ബാങ്കുകളും. സംസ്ഥാന സർക്കാരും സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതിയുടെ (എസ്‌എൽബിസി) വയനാട്‌ ജില്ലാതല സമിതിയും ദുരന്തബാധിതരുടെ എല്ലാ വായ്‌പകളും എഴുതിത്തള്ളണമെന്ന്‌ നിർദേശിക്കുകയും ബാങ്ക്‌ അധികൃതർക്ക്‌ കത്തയ്‌ക്കുകയും ചെയ്‌തിരുന്നു. 

എസ്‌എൽബിസിയുടെ അടുത്തദിവസം ചേരുന്ന പ്രത്യേകയോഗത്തിനുശേഷം എഴുതിത്തള്ളൽ സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടായേക്കും. ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളാൻ കഴിഞ്ഞദിവസം കേരള ബാങ്ക്‌ തീരുമാനിച്ചിരുന്നു. ചൂരൽമലയിൽ കേരള ബാങ്കിന്റെയും കേരള ഗ്രാമീൺ ബാങ്കിന്റെയും ശാഖകൾ മാത്രമാണുള്ളത്‌. ഗ്രാമീൺ ബാങ്ക്‌ 16 കോടി രൂപയും കേരള ബാങ്ക്‌ 50 ലക്ഷം രൂപയുമാണ്‌ ഈ ബ്രാഞ്ചുകളിൽനിന്നും ആകെ വായ്‌പ നൽകിയിട്ടുള്ളത്‌. ഇതിൽ നല്ലൊരു ശതമാനം ദുരന്തംബാധിച്ച പ്രദേശത്തുള്ളവർ എടുത്തതാണെന്നും കണക്കാക്കുന്നു. അതേസമയം മേപ്പാടി കൽപ്പറ്റ ഭാഗങ്ങളിലുള്ള വിവിധ ബാങ്കുകളുടെ ശാഖകളിൽനിന്നും വായ്‌പയെടുത്തവരും ദുരന്തപ്രദേശത്തുണ്ട്‌. ഇതുകൂടി കണക്കിലെടുത്താണ്‌ ബാങ്കേഴ്‌സ്‌ സമിതിയുടെ ജില്ലാതല യോഗം നിർദേശം സമർപ്പിച്ചിട്ടുള്ളത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top