പ്രകൃതിദുരന്തം ഇനി തദ്ദേശസ്ഥാപനങ്ങൾ നേരിടും ; രാജ്യത്ത്‌ ആദ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2019, 11:09 PM | 0 min read

തിരുവനന്തപുരം > പ്രകൃതിദുരന്തം അതിജീവിക്കാനും പ്രതിരോധിക്കാനും സംസ്ഥാനത്തെ മുഴുവൻ  തദ്ദേശഭരണ സ്ഥാപനങ്ങളും വാർഷിക  പദ്ധതി തയ്യാറാക്കും. പ്രദേശത്തിന്റെ സാഹചര്യം പഠിച്ചും ഗ്രാമസഭകളുടെ നിർദേശം പരിഗണിച്ചുമാകും പ്രാദേശികതലത്തിലും ജില്ലാതലത്തിലും ‘ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ പ്ലാൻ’ തയ്യാറാക്കുക. ഇത്‌ അടുത്ത സാമ്പത്തികവർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തും. കരട്‌ പദ്ധതി തയ്യാറാക്കാനായി സാങ്കേതിക സഹായ സംഘം  രൂപീകരിക്കും. ഇതിന്‌ കില രണ്ടു ലക്ഷംപേരെ പരിശീലിപ്പിക്കും. രാജ്യത്ത്‌ ആദ്യമായാണ്‌ പ്രാദേശികതലത്തിൽ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നത്‌. 

സംസ്ഥാനത്ത്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പ്രാദേശികതലത്തിൽ   കലക്ടർ അധ്യക്ഷനായ ജില്ലാ  ദുരന്ത നിവാരണ അതോറിറ്റിയുമാണ്‌  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. ഇത്‌ കൂടുതൽ ജനകീയമാക്കുകയാണ്‌ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളിൽ 10–- 15  പേർ  ഉൾപ്പെടുന്ന സന്നദ്ധ  സാങ്കേതിക സംഘമാണ്‌ രൂപീകരിക്കുക. ഇവർ വിവരശേഖരണം, പഠനം, റിപ്പോർട്ട്‌ തയ്യാറാക്കൽ എന്നിവയ്‌ക്ക്‌ നേതൃത്വം നൽകും. ഇവരെ സഹായിക്കാൻ എല്ലാ വാർഡുകളിലും 20–-30 പേരടങ്ങിയ സന്നദ്ധ പ്രവർത്തകരുമണ്ടാകും. പ്രത്യേക വികസന സെമിനാറിലൂടെ കരട്‌ പദ്ധതി തയ്യാറാക്കും. ഇവ  പരിസ്ഥിതി–- കാലാവസ്ഥാ വ്യതിയാനം–-ജൈവ വൈവിധ്യം എന്നിവയ്‌ക്കുള്ള വർക്കിങ്‌ ഗ്രൂപ്പിന്‌ കൈമാറും. തുടർന്ന്‌  ഗ്രാമ സഭകളുടെ അഭിപ്രായത്തോടെ അതത്‌ വർക്കിങ്‌ ഗ്രൂപ്പ്‌ പ്രോജക്ട്‌ തയ്യാറാക്കി വാർഷിക പദ്ധതിയുടെ ഭാഗമാക്കും.  ജില്ലാ വികസന സമിതിക്ക്‌ ലഭിക്കുന്ന ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ പ്ലാനിലെ വിവരങ്ങൾ ഉൾപ്പെടുത്തിയാകും ജില്ലാ പ്ലാൻ. പകർപ്പ്‌ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും സമർപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home