തിരിച്ചെത്തിയ പ്രവാസികൾക്ക് നോര്‍ക്കയിലൂടെ സംരംഭകരാകാം; സഹായത്തിനുണ്ട് സര്‍ക്കാരിന്റെ പ്രവാസി പുനരധിവാസപദ്ധതി

എഐ പ്രതീകാത്മകചിത്രം
ഡോ. ബൈജു നെടുങ്കേരി
Published on Jul 15, 2025, 10:13 AM | 3 min read
പ്രവാസജീവിതം മലയാളിസമൂഹത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് ഗണ്യമായ സംഭാവന നൽകിയ പ്രവാസികളിൽ ഭൂരിപക്ഷവും നിശ്ചിത കാലത്തിനുശേഷം കേരളത്തിലേക്ക് മടങ്ങിവരാനും കുടുംബത്തോടൊപ്പം നാട്ടിൽ താമസിക്കാനും ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ജോലി തേടി പോയവർ. ഇത്തരത്തിൽ വിദേശതൊഴിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്ന പലർക്കും നാട്ടിൽ ജീവിതത്തിന്റെ അടുത്തഘട്ടം മുന്നോട്ടുകൊണ്ടുപോകുക പലപ്പോഴും കടുത്ത വെല്ലുവിളിയാകാറുണ്ട്. ഇത് തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് മടങ്ങിയെത്തിയ പ്രവാസികളുടെ തൊഴിലും പുനരധിവാസവും ഉറപ്പുവരുത്തുന്നതിന് നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സംരംഭകത്വ പുനരധിവാസപദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് എന്ന എൻഡിപിആർഇഎം.
പുതിയ തൊഴിൽ പുതിയ ജീവിതം
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്തുന്നവർക്ക് കേരളത്തിൽ ചെറുകിടസംരംഭങ്ങളോ സ്വയംതൊഴിൽ സംരംഭങ്ങളോ ആരംഭിക്കാൻ സഹായം ലഭ്യമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യംവയ്‌ക്കുന്നത്. ഉൽപ്പാദന, സേവന മേഖലകളിൽ വിവിധ സംരംഭങ്ങൾ ഇതിലൂടെ ആരംഭിക്കാം. മടങ്ങിയെത്തിയ പ്രവാസികളെ സ്വയംപര്യാപ്തരാക്കി നാടിന്റെ വികസനത്തിൽ പങ്കാളികളാക്കുന്നതിനും സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതിക്ക് കഴിയും.

ആർക്കൊക്കെ അപേക്ഷിക്കാം
രണ്ടുവർഷമെങ്കിലും വിദേശത്ത് കഴിഞ്ഞതിനുശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയവർക്ക് അപേക്ഷിക്കാം. വ്യക്തികൾക്കും പ്രവാസി കൂട്ടായ്‌മകൾ, പ്രവാസികൾ ചേർന്ന് രൂപംനൽകിയ കമ്പനികൾ, പ്രവാസികളുടെ സൊസൈറ്റികൾ എന്നിവയ്‌ക്കും ഈ പദ്ധതിക്കായി അപേക്ഷിക്കാം.
30 ലക്ഷംവരെ വായ്‌പ 15 ശതമാനം സബ്സിഡി
ചെറുകിടസംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ പദ്ധതിപ്രകാരം ഒരുലക്ഷംമുതൽ 30 ലക്ഷംവരെ വായ്‌പ ലഭിക്കും. കേരളത്തിൽ വിപണിസാധ്യതയുള്ള സംരംഭങ്ങൾ തെരഞ്ഞെടുത്താൽ വായ്‌പ ലഭിക്കാൻ എളുപ്പമാകും. പദ്ധതികളുടെ 15 ശതമാനംവരെ (പരമാവധി മൂന്നുലക്ഷം രൂപ) മൂലധന സബ്സിഡിയും കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. ആദ്യത്തെ നാലുവർഷം പലിശ സബ്സിഡിക്ക് അർഹതയുണ്ടാകും.
ഓൺലൈനായി അപേക്ഷിക്കാം
നോർക്കയുടെ www.norkroots.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്താണ് എൻഡിപിആർഇഎം പദ്ധതിക്ക് അപേക്ഷിക്കേണ്ടത്. സ്വന്തമായും അക്ഷയ സെന്റർവഴിയും അപേക്ഷിക്കാവുന്നതാണ്. പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഫോട്ടോ, പാൻകാർഡ്, തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ നൽകണം. സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ തുക, വായ്പ എടുക്കുന്ന ധനസ്ഥാപനത്തിന്റെ വിവരങ്ങൾ എന്നിവയും രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തേണ്ടതാണ്.
വായ്പയ്ക്കുണ്ട് 6000 ശാഖകൾ
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ രജിസ്റ്റർ നമ്പർ ഉൾപ്പെട്ട രസീത് (പ്രിന്റ്) ലഭിക്കും. ഇതും രജിസ്ട്രേഷനുവേണ്ടി നൽകിയ രേഖകളുടെ അസ്സലുകളും സഹിതം നോർക്കയുടെ ജില്ലാ ഓഫീസിൽ സ്ക്രീനിങ്ങിന് ഹാജരാകണം. സ്‌ക്രീനിങ് പൂർത്തിയായാൽ അപേക്ഷ പദ്ധതിക്കായി തയ്യാറാക്കിയ പാനലിലുള്ളതും അപേക്ഷകൻ ആവശ്യപ്പെട്ടതുമായ ധനസ്ഥാപനത്തിലേക്ക് അയക്കും. ധനസ്ഥാപനമാണ് വായ്‌പ നൽകുന്നത്. ഇതിനായി കേരളത്തിലെ 18 ബാങ്ക്, ബാങ്ക് ഇതര ധനസ്ഥാപനങ്ങളുമായി സർക്കാർ കരാറിൽ ഏർപ്പെട്ടിട്ടുണ്ട് (പട്ടിക നോക്കുക). ഇവയുടെ കേരളത്തിൽ ഉടനീളമുള്ള 6000 ശാഖകളിൽനിന്ന് വായ്‌പ ലഭിക്കും.
ഓൺലൈൻ രജിസ്ട്രേഷനുവേണ്ടി നൽകിയ സർട്ടിഫിക്കറ്റുകൾ നോർക്കയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസിലേക്ക് തപാലിൽ അയച്ചും സ്ക്രീനിങ് നടപടികൾ പൂർത്തിയാക്കാവുന്നതാണ്. വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, തൈക്കാട് പിഒ, തിരുവനന്തപുരം–- 695014. കാലതാമസം ഒഴിവാക്കുന്നതിനും വായ്പനടപടികൾ സുഗമമാക്കുന്നതിനും ജില്ലാ ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് കൂടുതൽ നല്ലത്.
സാധ്യതയുള്ള സംരംഭങ്ങൾ
തെർമൽ പേപ്പർ നിർമാണം, മൈക്രോ ലോൺട്രി, കായം, ഇഡ്ഡലി–-ദോശ മാവ്, ആവിയിൽ വേവിച്ച പലഹാരങ്ങൾ, ഇൻസുലേഷൻ ടേപ്പ്, മൈക്രോ ഓയിൽ മിൽ, എയർ ഫ്രഷ്‌നർ, ബൗഫന്റ് ക്യാപ്പ്, സ്റ്റീൽ സ്‌ക്രബർ, മെഡിസിൻ കവർ, ബേക്കറി കവർ തുടങ്ങിയവയുടെ നിർമാണം, സ്‌പൈസസ് ഹബ്, നാളികേരത്തിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയ സംരംഭങ്ങൾക്ക് സംസ്ഥാനത്ത് മികച്ച വിപണിസാധ്യതയുണ്ട്.
വീട്ടിൽ തുടങ്ങാം - നാനോ സംരംഭം
എൻഡിപിആർഇഎം പദ്ധതിയിലൂടെ വ്യവസായം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വീടുകളിൽ ചെറുകിടസംരംഭങ്ങൾ തുടങ്ങുന്നതിനും അനുമതിയുണ്ട്. അഞ്ച് എച്ച്പിക്കു താഴെ പവർ ലോഡുള്ള, അഞ്ചുലക്ഷം രൂപയ്ക്കു താഴെ മുതൽമുടക്കുള്ള, മലിനീകരണമില്ലാത്ത വ്യവസായങ്ങൾ വീടുകളിൽ ആരംഭിക്കാം. നിലവിലുള്ള ഗാർഹിക വൈദ്യുതി കണക്‌ഷൻതന്നെ ഇതിന് ഉപയോഗിക്കാവുന്നതുമാണ്.
നൈപുണ്യ പരിശീലനം
ബാങ്കിൽ/ ധന സ്ഥാപനത്തിൽ സമർപ്പിക്കുന്നതിന് ആവശ്യമായ പദ്ധതി രൂപരേഖ തയ്യാറാക്കാനും സംരംഭം ആരംഭിക്കാനും നടത്തിപ്പിനുമുള്ള നൈപുണ്യം ആർജിക്കുന്നതിനുള്ള പരിശീലനവും നോർക്ക റൂട്ട്സിൽനിന്ന് ലഭിക്കുന്നതാണ്. വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ജില്ലാ ഓഫീസുകളുമായോ സംസ്ഥാന ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0471-–-2770511, 2770518, വെബ്സൈറ്റ്: www.norkroots.kerala.gov.in
(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. പിറവം അഗ്രോ പാർക്കിന്റെ ചെയർമാനാണ് ലേഖകൻ)
എൻഡിപിആർഇഎം വായ്പ പങ്കാളികൾ
കേരള ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കനറാ ബാങ്ക്
ബാങ്ക് ഓഫ് ബറോഡ
ഫെഡറൽ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ഓവർസീസ് ബാങ്ക്
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ
യൂകോ ബാങ്ക്
ധനലക്ഷ്മി ബാങ്ക്
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്
കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി)
കേരള സംസ്ഥാന പിന്നാക്കവികസന കോർപറേഷൻ
കേരള സംസ്ഥാന എസ്-സി / എസ്-ടി വികസന കോർപറേഷൻ
കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ
കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോ–-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (മലപ്പുറം)
ട്രാവൻകൂർ പ്രവാസി വികസന കോ–-ഓപ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)









0 comments