സന്തുഷ്ട ദാമ്പത്യജീവിതത്തിന് വേണം നല്ല സാമ്പത്തിക ആസൂത്രണം


കെ കെ ജയകുമാർ
Published on Jan 28, 2025, 12:35 PM | 3 min read
വിവാഹം പുതിയൊരു ജീവിതത്തിന്റെ തുടക്കമാണല്ലോ. അതുകൊണ്ടുതന്നെ രണ്ട് വ്യക്തികൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ, ദാമ്പത്യത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിന് കൃത്യമായ സാമ്പത്തികാസൂത്രണവും ആവശ്യമാണ്. മിക്ക സമുദായങ്ങളും വിവാഹപൂർവ (പ്രീ–- മാരിറ്റൽ) കൗൺസലിങ് നിർബന്ധമാക്കിയിട്ടുണ്ട്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഇതിൽ മിക്കവാറും ഭൂമിക്കുതാഴെയുള്ള സകല വിഷയങ്ങളും ചർച്ച ചെയ്യപ്പെടാറുണ്ട്. ഒരു കാര്യമൊഴികെ. അത് സാമ്പത്തിക കാര്യമാണ്. അഥവാ പണത്തെക്കുറിച്ചുള്ളതാണ്. വിവാഹ ജീവിതത്തിൽ മിക്കവാറും പങ്കാളികൾ ഒരു ധാരണയുമില്ലാതെ ഇടപെടുന്നതും സാമ്പത്തിക കാര്യങ്ങളിലാണ്. ചെറുപ്പക്കാരുടെ വിവാഹമോചനക്കേസുകളിലെ മുഖ്യകാരണമായി ഉയർന്നുവരുന്നതും സാമ്പത്തികപ്രശ്‌നങ്ങളാണ്.
ശമ്പളം, വരുമാനം, ചെലവ്
നവദമ്പതിമാർ ജീവിച്ചുതുടങ്ങുമ്പോഴേ പണത്തിന്റെ കാര്യത്തിൽ ഇത്ര കടുംപിടിത്തം വേണോ എന്ന് കരുതുന്നവരുണ്ടാകാം. പക്ഷേ, ഇരുവർക്കും സ്വന്തം വ്യക്തിത്വം സൂക്ഷിക്കാനും വിവാഹജീവിതത്തിൽ വിള്ളലുണ്ടായാലും അതൊരു സമ്പൂർണ വ്യക്തിത്വ തകർച്ചയിലേക്ക് പോകുന്നത് ഒഴിവാക്കാനും ഒന്നിച്ചു ജീവിച്ചുതുടങ്ങുമ്പോഴേ സാമ്പത്തികകാര്യങ്ങളിൽ വ്യക്തതയുണ്ടാക്കുന്നത് നല്ലതാണ്. അതിനാൽ പ്രീ വെഡ് ഷൂട്ടിനും സേവ് ദ ഡേറ്റ് ക്യാമ്പയിനുംപോലെ ആഫ്റ്റർ വെഡ് ഫിനാൻഷ്യൽ പ്ലാനിങ്ങിനും മുഖ്യപരിഗണന നൽകേണ്ടതുണ്ട്. വിവാഹത്തിന് മുമ്പായാലും ശേഷമായാലും മാനസികമായി വളരെ അടുപ്പം വന്നശേഷം മാത്രം ഇക്കാര്യം ചർച്ചചെയ്താൽ മതിയാകും എന്ന കാര്യംകൂടി പ്രത്യേകം ശ്രദ്ധിക്കുക.
ഭാര്യ അധ്വാനിച്ചുണ്ടാക്കുന്ന പണം കുടുംബത്തിനുവേണ്ടി ചെലവഴിക്കുകയും ഭർത്താവ് തന്റെ പണമെല്ലാം സ്വന്തം പേരിൽ സ്വത്താക്കിമാറ്റുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കേണ്ടതാണ്. ഇതിന് വിവാഹശേഷം ശമ്പളം, വരുമാനം, ചെലവ് തുടങ്ങിയവ എങ്ങനെ കൈകാര്യം ചെയ്യും എന്നകാര്യത്തിൽ വിവാഹത്തിനു മുമ്പുതന്നെ ധാരണയുണ്ടാക്കുന്നതാണ് നല്ലത്. അതിനു കഴിഞ്ഞില്ലെങ്കിൽ വിവാഹശേഷം കഴിയുന്നത്ര വേഗത്തിൽ ഇരുവരും സംസാരിച്ച് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തണം. അത് പാലിച്ച് മുന്നോട്ടുപോകുകയും വേണം.
ബാധ്യതകളും ആസ്തികളും മനസ്സിലാക്കുക
വിദ്യാഭ്യാസവായ്പകളില്ലാത്ത ചെറുപ്പക്കാർ ഇക്കാലത്ത് ചുരുക്കമായിരിക്കും. അതിന്റെ തിരിച്ചടവ് ബാധ്യത വിവാഹത്തോടെ പങ്കാളി ഏറ്റെടുക്കേണ്ടിവരുമോ എന്നത് പലർക്കുമുണ്ടാകുന്ന ഒരു ആശങ്കയാണ്. വിവാഹശേഷം പലകുടുംബങ്ങളിലും വലിയ അസ്വാരസ്യത്തിന് ഇത് ഇടയാക്കുന്നുണ്ട്. അത് ഒഴിവാക്കാൻ വിദ്യാഭ്യാസവായ്പ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ വിവാഹത്തിനുമുമ്പേ വ്യക്തമായ ധാരണയുണ്ടാക്കുന്നതാണ് നല്ലത്.
സ്വന്തം കുടുംബത്തിനുവേണ്ടി ഇരുവരും ചിലപ്പോൾ മറ്റു പല വായ്പകളും എടുത്തിട്ടുണ്ടാകാം. അവയുടെ തിരിച്ചടവും സഹോദരങ്ങളുടെ പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ തുടർന്നും സാമ്പത്തികസഹായം ചെയ്യേണ്ടതുണ്ടെങ്കിൽ അക്കാര്യവും ചർച്ചചെയ്ത് തീരുമാനത്തിലെത്തുന്നതും നല്ലതാണ്. ഇതിലൂടെ, സ്വന്തം വീട്ടുകാരെ സഹായിക്കുന്നതിന്റെ പേരിൽ ജീവിത പങ്കാളികൾ തമ്മിൽ പീന്നീട് ഒരു അഭിപ്രായവ്യ ത്യാസം ഉണ്ടാകുന്നത് ഒഴിവാക്കാം.
നോമിനി പോരാ, അവകാശിയാക്കണം
ഏതു നിക്ഷേപം നടത്തിയാലും അതെല്ലാം രണ്ടുപേരുടെയും പേരിലാക്കാൻ പരമാവധി ശ്രദ്ധിക്കുക. ബാങ്ക് നിക്ഷേപങ്ങളിലുംമറ്റും പങ്കാളിയുടെ പേര് നോമിനിയായി വച്ചതുകൊണ്ടുമാത്രം ആ വ്യക്തി അതിന് അനന്തരാവകാശി ആകണമെന്നില്ല. അർഹതപ്പെട്ട മറ്റാരും അവകാശവുമായി വന്നില്ലെങ്കിൽമാത്രമേ നോമിനിക്ക് ഇക്കാര്യത്തിൽ നിയമസംരക്ഷണം ലഭിക്കുകയുള്ളൂ എന്നത് മറക്കരുത്. ഒരാളില്ലാതായാൽ മറ്റേയാൾക്ക് അതിജീവിക്കാൻ സമ്പാദ്യത്തിൽ അവകാശമുണ്ടായിരിക്കണം.
വേണം, ഒരു കോമൺ ഫണ്ട്
ഭാര്യക്കും ഭർത്താവിനും വരുമാനമുണ്ടെങ്കിൽ രണ്ട് പേരും വീട്ടുചെലവിനായി തുല്യമായ ഒരു തുകയോ അവരവരുടെ വരുമാനത്തിന് അനുസരിച്ചുള്ള തുകയോ മാറ്റിവച്ച് ഒരു കോമൺ ഫണ്ട് ഉണ്ടാക്കണം. ഇതിനായി ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാം. ചെലവുകളെല്ലാം അതിൽനിന്ന് നടത്തുക. ഭാവി ജീവിതലക്ഷ്യങ്ങൾക്കുള്ള നിക്ഷേപങ്ങൾക്കായും പ്രതിമാസം ഒരു തുക നിശ്ചയിക്കുക. ഇങ്ങനെ ചെലവുകൾക്കും നിക്ഷേപത്തിനും മാറ്റിവെച്ചശേഷമുള്ള വരുമാനത്തിലെ അല്ലെങ്കിൽ, ശമ്പളത്തിലെ ബാക്കി തുക ഇരുവരും അവരവരുടെ ഇഷ്ടാനുസരണം ചെലവഴിക്കുക. അതേക്കുറിച്ച് പരസ്പരം അന്വേഷിക്കാതിരിക്കുക.
വീടും സ്ഥലവും വാങ്ങുമ്പോൾ
ഇരുവരും ചേർന്ന് (ജോയിന്റ്) ഭവനവായ്പയെടുത്ത് വീട് വയ്ക്കുന്നുണ്ടെങ്കിൽ ആ വീടും സ്ഥലവും രണ്ടുപേരുടെയും പേരിൽത്തന്നെ രജിസ്റ്റർ ചെയ്യണം. രണ്ടുപേരും ചേർന്നാകണം ഇഎംഐ അടയ്‌ക്കേണ്ടത്. എത്ര തുകവീതം രണ്ടുപേരും നൽകണം എന്നത് വരുമാനത്തിന് അനുസരിച്ച് ചർച്ചചെയ്ത് തീരുമാനിക്കാം. വീടിന്റെ ഉടമസ്ഥാവകാശം തുല്യമായോ മുടക്കുന്ന പണത്തിന് ആനുപാതികമായോ രജിസ്റ്റർ ചെയ്യാം. ഭവനവായ്പയ്ക്ക് ലഭിക്കുന്ന ഇൻകം ടാക്‌സ് ഇളവ് രണ്ടുപേർക്കും ലഭിക്കണമെങ്കിൽ വീട് രണ്ടുപേരുടെയും പേരിലായിരിക്കണം.
കൈമാറരുത് എടിഎം കാർഡ്
ഭാര്യയുടെ പേരിലുള്ള എടിഎം, ക്രഡിറ്റ് കാർഡുകൾ ഭർത്താവിന് ഉപയോഗിക്കാൻ നൽകരുത്. നേരെ മറിച്ചും. ഇത്തരം കാർഡുകൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. മറ്റൊരാൾ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന മാത്രമല്ല എടിഎം കൗണ്ടറിലോ, കാർഡ് ഉപയോഗിച്ചുള്ള മറ്റ് ഇടപാടുകളിലോ നിങ്ങൾ തട്ടിപ്പിനിരയായാൽ യഥാർത്ഥ കാർഡുടമയല്ല ഇടപാട് നടത്തിയതെന്ന് തെളിഞ്ഞാൽ നഷ്ടപരിഹാരം കിട്ടുകയുമില്ല.
ജോലി ഉപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം
നല്ല ജോലിയുള്ളത് ഉപേക്ഷിച്ച് ഭർത്താവിന്റെ/ ഭാര്യയുടെ ബിസിനസിൽ ചേരുന്നവർ ശ്രദ്ധിക്കണം. വിവാഹത്തിനു മുമ്പേ ഇക്കാര്യത്തിലും ഒരു ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്. സ്ഥാപനത്തിൽ വഹിക്കുന്ന പദവിക്കു യോജിച്ച ശമ്പളവും അധ്വാനത്തിന് തക്കതായ പ്രതിഫലവും ഉറപ്പുവരുത്തണം.
സ്ഥാപനത്തിൽ ഓഹരി അവകാശം നേടിയോ, പങ്കാളിത്തം സ്ഥാപിച്ചോ മറ്റു രീതിയിലോ ഇത് ഉറപ്പാക്കണം. ഇല്ലെങ്കിൽ വിവാഹ ബന്ധത്തിൽ വിള്ളൽ വന്നാൽ ചിലപ്പോൾ വഴിയാധാരമായിപ്പോകും എന്നത് ഭാര്യയുടെയും ഭർത്താവിന്റെയും ഓർമ്മയിലുണ്ടാകണം. വിവാഹശേഷം ജോലി ഉപേക്ഷിച്ച് ഭാര്യാ പിതാവിന്റെ ബിസിനസിൽ ചേരുന്നവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
(പേഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ് മെന്ററുമാണ് ലേഖകൻ. ഫോൺ: 94476 67716. ഇ–-മെയിൽ [email protected])
0 comments