print edition കുറഞ്ഞ ചെലവിൽ വീട്ടിൽ തുടങ്ങാം ബൗഫന്റ് ക്യാപ് നിർമാണം

bouffant cap photo

എ ഐ പ്രതീകാത്മക ചിത്രം

avatar
ഡോ. ബൈജു നെടുങ്കേരി

Published on Nov 25, 2025, 10:08 AM | 3 min read

സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഹിക സംരംഭകരെ 
പ്രോത്സാഹിപ്പിക്കാൻ വിവിധ ധനസഹായ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്തി വീട്ടമ്മമാർക്കും കുറഞ്ഞ മുതല്‍മുടക്കില്‍ വീടുകളില്‍ 
ഒറ്റയ്ക്കും ഗ്രൂപ്പായും ആരംഭിക്കാവുന്ന സംരംഭമാണ് ബൗഫന്റ് ക്യാപ്‌ നിര്‍മാണം


​​കേരളം തുടര്‍ച്ചയായി രണ്ടാംതവണയും വ്യവസായസൗഹൃദത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം എന്ന നേട്ടം കരസ്ഥമാക്കിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വർഷം പരിപാടിയിലൂടെ ഗ്രാമീണ മേഖലയിലുള്‍പ്പെടെ ചെറുപ്പക്കാരും വീട്ടമ്മമാരുമൊക്കെ സംരംഭകരാകാന്‍ മുന്നോട്ടുവന്നപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളും സംരംഭ സൗഹൃദങ്ങളായി മാറി. സര്‍ക്കാര്‍ നാട്ടിലാകെ വിളിച്ചുചേര്‍ത്ത സംരംഭക സഭകള്‍ ഈ രംഗത്ത് വലിയ കുതിപ്പുണ്ടാക്കി. ഇപ്പോള്‍ ഒരു ഭവനം ഒരു സംരംഭം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വീടുകളിൽ വ്യവസായങ്ങൾ ആരംഭിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ആള്‍ത്താമസമുള്ള വീടിന്റെ 50 ശതമാനംവരെയും ആള്‍പ്പാര്‍പ്പില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകൾ വാടകയ്‌ക്കെടുത്തും വ്യവസായം ആരംഭിക്കാം.


വീടുകളിൽ വ്യവസായം ആരംഭിക്കുമ്പോൾ നിലവിലുള്ള വൈദ്യുതി കണക്‌ഷനിൽനിന്നുതന്നെ വൈദ്യുതി എടുക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ആരംഭഘട്ടത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിനായി ധാരാളം പണം ചെലവാക്കുന്നത് ഇതിലൂടെ ഒഴിവാകും. കൂടാതെ ഗാർഹിക സംരംഭങ്ങൾക്ക് ലൈസൻസിങ് നടപടിക്രമങ്ങളും സുഗമമാക്കിയിട്ടുണ്ട്. ഇതിലൂടെ വായ്‌പ ലഭിക്കാനുള്ള തടസ്സങ്ങളും ഇല്ലാതായിരിക്കുകയാണ്. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും ഗാർഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതിനാല്‍ ജോലിക്ക് പോകാനാകാത്ത ഒരുപാട് വീട്ടമ്മമാര്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് ഗാർഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ടുതന്നെ സംരംഭകരാകാനും വരുമാനമുണ്ടാക്കാനുമുള്ള അവസരമാണ് ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള അനുമതിയിലൂടെ ലഭ്യമായിരിക്കുന്നത്. ഗാര്‍ഹികസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ വിവിധ ധനസഹായ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കുറഞ്ഞ മുതല്‍മുടക്കില്‍ വീടുകളില്‍ വ്യക്തിഗതമായും ഗ്രൂപ്പായും ആരംഭിക്കാവുന്ന ഒരു സംരംഭമാണ് ബൗഫന്റ് ക്യാപ്‌ നിര്‍മാണം. ​


കേരളത്തിലുണ്ട് മികച്ച വിപണി


ഭക്ഷ്യസംസ്‌കരണ വ്യവസായത്തിൽ ധാരാളമായി ആവശ്യമുള്ള ഉൽപ്പന്നമാണ് ബൗഫന്റ് ക്യാപ്‌ അഥവാ ഡിസ്പോസിബിൾ ഹെയർക്യാപ്‌. ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നവർ പ്രോസസിങ് ഏരിയയിൽ പ്രവേശിക്കുന്പോഴാണ് തലമുടി മുഴുവനായി മൂടുന്നതിനുള്ള ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത്. കേരളത്തിൽ ഭക്ഷ്യസംസ്‌കരണ വ്യവസായം മുന്നേറ്റത്തിന്റെ പാതയിലാണ്. കയറ്റുമതി ലക്ഷ്യമാക്കിയുള്ള നിരവധി യൂണിറ്റുകളും സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നുണ്ട്. അതിനാല്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങളിലെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ഈ ഉല്‍പ്പന്നത്തിന് നല്ല വിപണിയുണ്ട്. കാറ്ററിങ് യൂണിറ്റ്, ഹോട്ടല്‍, സമുദ്രോൽപ്പന്ന കയറ്റുമതിശാലകൾ, ചെറുകിട ഭക്ഷ്യോൽപ്പന്ന നിർമാതാക്കൾ, സുഗന്ധവ്യഞ്ജന സംസ്‌കരണ കേന്ദ്രങ്ങൾ, ലബോറട്ടറികൾ, ആശുപത്രികള്‍ തുടങ്ങിയവയ്ക്കും ബൗഫന്റ് ക്യാപ്പുകൾ ആവശ്യമുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആവശ്യമുള്ള ബൗഫന്റ് ക്യാപ്പുകളുടെ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് എത്തുന്നത്.


അസംസ്‌കൃത
വസ്തുക്കൾ സുലഭം


കനംകുറഞ്ഞ പോളി പ്രൊപ്പിലീൻ ഫാബ്രിക്കിൽനിന്നാണ് ബൗഫന്റ് ക്യാപ്പുകൾ നിർമിക്കുന്നത്. കേരളത്തിൽ ഇത് ലഭ്യമാക്കുന്ന നിരവധി ഡീലര്‍മാരുണ്ട്. പ്രധാനമായും നീല, പച്ച, വെള്ള നിറങ്ങളിലുള്ള ക്യാപ്പുകളാണ് വിപണിയിലുള്ളത്. ബൗഫന്റ് ക്യാപ്പുകൾ നിര്‍മിക്കുന്നതിന് ഓട്ടോമാറ്റിക്‌ യന്ത്രങ്ങളും ലഭ്യമാണ്. വലിയ റോളുകളായാണ് പോളി പ്രൊപ്പിലീൻ ഫാബ്രിക്‌ ലഭിക്കുന്നത്. റോളുകൾ നേരിട്ട് യന്ത്രത്തിൽ ലോഡ് ചെയ്യാനാകും. ലോഡ് ചെയ്‌ത്‌ അളവുകളും സെറ്റ് ചെയ്‌തുകഴിഞ്ഞാൽ യന്ത്രം തനിയെ നിർമാണം നടത്തും. ഒരുമണിക്കൂറിൽ 5000 ക്യാപ്പുകൾ നിർമിക്കാം. 21, 24 ഇഞ്ച് ക്യാപ്പുകളാണ് പ്രധാനമായും വിപണിയില്‍ ആവശ്യമുള്ളത്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് 21 ഇഞ്ച് ക്യാപ്പുകളാണ്. ​


വിപണിയില്‍ എത്തിക്കാന്‍ എളുപ്പം


പാക്കിങ്ങിന് കോർഗേറ്റഡ് കാർട്ടൺ, ഡ്യൂപ്ളെക്സ് കാർട്ടൺ, പ്ലാസ്റ്റിക്‌ കവറുകൾ എന്നിവ ഉപയോഗിക്കാം.100 എണ്ണംവീതം പ്ലാസ്‌റ്റിക്‌ കവറുകളിൽ നിറച്ച് സീൽചെയ്‌ത്‌ കോർഗേറ്റഡ് കാർട്ടണുകളിൽ പാക്ക് ചെയ്‌ത് വിപണിയിലെത്തിക്കാം. ചെറിയ പാക്കുകൾക്ക് ഡ്യൂപ്ളെക്സ് കാർട്ടണുകൾ ഉപയോഗിക്കാം. നിര്‍മാണത്തിനും പാക്കിങ്ങിനുമായി രണ്ടുപേര്‍ മതിയാകും. ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങള്‍ സമുദ്രോൽപ്പന്ന കയറ്റുമതിശാലകൾപോലുള്ള വന്‍കിട ഉപയോക്താക്കൾക്ക് നേരിട്ട് വിൽക്കുന്ന രീതിയായിരിക്കും ഏറ്റവും ലാഭകരം. നേരിട്ട് ഓർഡർ ശേഖരിച്ച് പാഴ്‌സൽവഴിയോ കൊറിയർവഴിയോ അയച്ചുനൽകാം. ചെറിയ ഉപഭോക്താക്കൾക്കായി 500 എണ്ണം, 200 എണ്ണം, 100 എണ്ണം തുടങ്ങിയ ചെറിയ പാക്കുകളും വിപണിയിലെത്തിക്കാം. ചെറിയ പാക്കുകളുടെ വിൽപ്പനയ്‌ക്ക്‌ വിതരണക്കാരെ ഏല്‍പ്പിക്കുന്നതാണ് നല്ലത്. ​


സഹായത്തിനുണ്ട് 
സര്‍ക്കാര്‍ പദ്ധതികള്‍


വീടുകളില്‍ ബൗഫന്റ് ക്യാപ്‌ നിർമാണ സംരംഭം തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് ധനസഹായ പദ്ധതികള്‍ ഉപയോഗപ്പെടുത്താം. ഇതില്‍ കുറഞ്ഞ പലിശയ്ക്കും ഈടില്ലാതെയും കിട്ടുന്ന വായ്പകളും വായ്പയെടുക്കാതെ സംരംഭം തുടങ്ങുന്നവര്‍ക്കുള്ള സബ്സിഡി പദ്ധതിയുമുണ്ട്. ​ഇടത്തരം ​ഉൽപ്പാദന സംരംഭങ്ങൾ ആരംഭിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന "മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി' പലിശ ഇളവോടുകൂടി അഞ്ചുലക്ഷംമുതൽ രണ്ടുകോടി രൂപവരെയാണ് വായ്പ ലഭ്യമാക്കുന്നത്.


കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി)വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 10 ശതമാനമാണ് പലിശയെങ്കിലും സംരംഭകര്‍ അഞ്ചുശതമാനംമാത്രം നല്‍കിയാല്‍ മതി. സംരംഭകര്‍ക്കുവേണ്ടി മൂന്നുശതമാനം സര്‍ക്കാരും രണ്ടുശതമാനം കെഎഫ്സിയും നല്‍കും. അഞ്ചുവ‍ര്‍ഷംവരെ പലിശയിളവ് ലഭിക്കും. അഞ്ചുവര്‍ഷമാണ് വായ്പ കാലാവധി. തിരിച്ചടവിന് ഒരുവര്‍ഷത്തെ മൊറട്ടോറിയവും കിട്ടും. വീടുകളില്‍ സംരംഭം തുടങ്ങുന്ന വ്യക്തികള്‍ക്കും സ്വയംസഹായസംഘങ്ങൾ, വ്യവസായ സഹകരണ സംഘങ്ങൾ തുടങ്ങിയവയ്ക്കും ഈ വായ്പ ഉപയോഗപ്പെടുത്താം.


ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭത്തിന്റെ വിശദവിവരങ്ങളോടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.kfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ​സംസ്ഥാന വ്യവസായവകുപ്പ് നടപ്പാക്കുന്ന മാർജിൻ മണി ഗ്രാന്റാണ് ഉപയോഗപ്പെടുത്താവുന്ന മറ്റൊരു വായ്പ പദ്ധതി. പൊതുവിഭാഗത്തിന് ആകെ പദ്ധതിത്തുകയുടെ 30 ശതമാനവും സ്ത്രീകള്‍, 40 വയസ്സില്‍ താഴെയുള്ള സംരംഭകര്‍, പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്‍ തുടങ്ങിയവര്‍ക്ക് 40 ശതമാനവും സബ്സിഡി ലഭിക്കും.


ഈട് ആവശ്യമില്ലാത്ത പദ്ധതിയാണിത്. താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. നേരിട്ടോ വ്യവസായ വകുപ്പിന്റെ www.industry.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. ​വായ്പയെടുക്കാതെ സ്വന്തം പണംമുടക്കി വീടുകളില്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാക്കുന്ന സംരംഭസഹായ പദ്ധതിയും (ഇഎസ്എസ്) ഉപയോഗപ്പെടുത്താം. മൂലധനനിക്ഷേപത്തിന്റെ 15 മുതല്‍ 45 ശതമാനംവരെ സബ്സിഡി ലഭിക്കും. https://ess.industry.kerala.gov.in/login എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. സഹായത്തിന് ജില്ലാ വ്യവസായ കേന്ദ്രങ്ങളെ സമീപിക്കാം. (അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. പിറവം അ​ഗ്രോ പാർക്കിന്റെ ചെയർമാനാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home