ചത്തീസ്ഗഢില്‍ ഹോംവർക്ക് ചെയ്യാത്തതിന് 4 വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി അധ്യാപികമാർ; കേസ്

raipur school
വെബ് ഡെസ്ക്

Published on Nov 25, 2025, 11:18 AM | 1 min read

സൂരജ്പുർ: ഹോംവർക്ക് ചെയ്യാത്തതിന് നാല് വയസ്സുകാരനായ വിദ്യാർഥിയെ മരത്തിൽ കെട്ടിത്തൂക്കി അധ്യാപികമാർ. ഹാൻസ് വാഹിനി വിദ്യാ മന്ദിർ സ്കൂളിലെ കാജൽ സാഹു, അനുരാധ ദേവാംഗൻ എന്നീ അധ്യാപികമാർ കുട്ടിയെ മരത്തിൽ കെട്ടിത്തൂക്കിയെന്നാണ് ആരോപണം.


കുട്ടിയുടെ വസ്ത്രം ഊരിയതിന് ശേഷമായിരുന്നു മരത്തില്‍ കെട്ടിത്തൂക്കിയത്. കയറുപയോഗിച്ച് കെട്ടി സ്കൂൾ വളപ്പിലെ മരത്തിൽ തൂക്കുകയായിരുന്നു. കുട്ടി കരയുകയും അപേക്ഷിക്കുകയും ചെയ്‌തെങ്കിലും അധ്യാപികമാർ അവഗണിച്ചു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.


സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്ന ഒരു യുവാവാണ് വിഡിയോ റെക്കോർഡ് ചെയ്തത്. വിഡിയോയിൽ മരത്തിൽ നിസ്സഹായനായി തൂങ്ങിക്കിടക്കുന്ന നിലയിൽ കുട്ടിയെ കാണാം, അടുത്ത് തന്നെ കാജൽ സാഹുവും, അനുരാധ ദേവാംഗനും നിൽക്കുന്നുണ്ട്. ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതർ ഉടൻ ഇടപെടുകയായിരുന്നു.


നഴ്സറി മുതൽ എട്ടാം ക്ലാസ് വരെ പ്രവർത്തിക്കുന്ന സ്കൂളില്‍ പതിവുപോലെ ക്ലാസുകൾ നടന്ന ദിവസമാണ് സംഭവം. നഴ്സറി ക്ലാസിലെ അധ്യാപികയായ കാജൽ സാഹു ഹോംവർക്ക് പരിശോധിക്കുന്നതിനിടെ ഒരു കുട്ടി അത് പൂർത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് അധ്യാപിക കുട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കുകയും ശിക്ഷ നൽകുകയുമായിരുന്നു.


മണിക്കൂറുകളോളം കുട്ടി നിസ്സഹായനായി തൂങ്ങിക്കിടന്നു. കുട്ടിയുടെ ഷർട്ട് ഒരു കയറിൽ കെട്ടിയായിരുന്നു സ്കൂൾ വളപ്പിലെ മരത്തിൽ കെട്ടിയത്. കുട്ടി കരയുകയും അലറുകയും താഴെയിറക്കാൻ അപേക്ഷിക്കുകയും ചെയ്‌തെങ്കിലും അധ്യാപികമാർ അത് അവഗണിച്ചു. കുട്ടിയുടെ ബന്ധുവായ സന്തോഷ് കുമാർ സാഹു സ്കൂൾ അധികൃതരുടെ അശ്രദ്ധയിലും ക്രൂരതയിലും രോഷം പ്രകടിപ്പിച്ചു. ഉത്തരവാദികളായ അധ്യാപികമാർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വിഡിയോ വൈറലായതിനെത്തുടർന്ന് ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ ഡി എസ് ലാക്ര ഉടൻ തന്നെ സ്കൂളിലെത്തി നേരിട്ട് അന്വേഷണം നടത്തി. അന്വേഷണ റിപ്പോർട്ട് തുടർനടപടികൾക്കായി മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home