കൈ സാധാരണക്കാരന്റെ പോക്കറ്റിൽ
ലോകം മുഴുവൻ എണ്ണ വില കുറയുമ്പോൾ ഇന്ത്യയിൽ മാത്രം എന്താണ് സംഭവിക്കുന്നത്


എൻ എ ബക്കർ
Published on Apr 08, 2025, 12:52 PM | 3 min read
പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിൽ എന്ത് സംഭവിച്ചാലും സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിടുന്നതാണ് കേന്ദ്ര സർക്കാർ നയം. വ്യാപാര ചുങ്കവും ട്രംമ്പ് ഭീഷണികളും എണ്ണ വിപണിയെ കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് നയിച്ചിരിക്കുമ്പോഴും നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് വിലവർധനവ് പ്രഖ്യാപിച്ചിരിക്കയാണ്.
പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതമാണ് തിങ്കളാഴ്ച എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഇത് സാധാരണക്കാരനെ ബാധിക്കില്ല വെറും നികുതിയിലെ മാറ്റം മാത്രമാണ് എന്ന് പിന്നാലെ ന്യായീകരിക്കയും ചെയ്തു. വീടുകളിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന് തൊട്ടു പിന്നാലെ 50 രൂപയുടെ വർധന കൂടി പ്രഖ്യാപിച്ചു.
ഇന്നലത്തെ രണ്ട് രൂപ കൂടി ചേർന്ന് പെട്രോളിന് തീരുവ 13 രൂപയായും ഡീസലിന് 10 രൂപയായും ഉയർന്നു. അസംസ്‌കൃത എണ്ണവില കുറഞ്ഞതുവഴി ഉപഭോക്താക്കള്‍ക്കു ലഭിക്കേണ്ട വിലക്കുറവിലെ ആനുകൂല്യം നികുതി കൂട്ടുക വഴി സർക്കാരിന്റെ കണക്കിലേക്ക് എത്തിക്കുയായിരുന്നു ഈ രണ്ട് രൂപ കൂട്ടലിന് പിന്നിൽ. രണ്ട് മാസത്തിനിടെ അംസ്‌കൃത എണ്ണവില ബാരലിന് 20 രൂപയാണ് കുറഞ്ഞത്. ഇനി ഈ നിലയിൽ നിന്നും അസംസ്‌കൃത എണ്ണവില കൂടിയാല്‍ തീരുവ നേരെ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും ചോരും വിധമാണ് സംവിധാനം.
എന്താണ് ഇതിന് പിന്നിലെ കളികൾ
അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ഇന്ത്യൻ വിപണിയിൽ പെട്രോൾ, ഡീസൽ വിലകൾ ക്രമീകരിക്കുന്ന രീതി നടപ്പാക്കിയപ്പോൾ ഇത് സാധാരണ ഉപഭോക്താക്കൾക്ക് നേട്ടമാവും എന്നായിരുന്നു വാദം. യുപിഎ സർക്കാരിന്റെ കാലത്ത് ഇത് ഒരുവിധം ബാലൻസ് ചെയ്യാൻ ശ്രമിച്ചു. പക്ഷെ നരേന്ദ്ര മോദി സർക്കാരുകളുടെ കാലഘട്ടത്തിൽ എത്തിയപ്പോൾ ഒരിക്കലും ഇത് സംഭവിച്ചില്ല. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ലക്ഷ്യമാക്കി പ്രഖ്യാപിച്ച കുറവ് മാത്രമാണ് ഇതിൽ വ്യത്യസ്തമായ് ഉണ്ടായത്.

കോവിഡിനു ശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നപ്പോൾ അത് മറികടക്കാൻ എന്ന പേരിൽ വിലയിലെ മാറ്റം അതേപടി രാജ്യത്തെ വിപണിയിൽ എത്തിക്കുന്ന രീതി നിർത്തി. പക്ഷെ, അന്ന് കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുന്നതിന്റെ പേരിൽ പിന്നീട് വില കുറഞ്ഞപ്പോൾ നേട്ടം ഉപഭോക്താക്കൾക്കു കൈമാറിയില്ല. കമ്പനികളുടെ നഷ്ടം നികത്തി കഴിഞ്ഞപ്പോൾ തുടർന്ന് ലഭിച്ച അധികവരുമാനം സർക്കാർ വരുമാനമാക്കി മാറ്റി. എക്സൈസ് തീരുവ കൂട്ടിയും കുറച്ചും അസംസ്കൃത എണ്ണവിലയിടിവിന്റെ നേട്ടം സർക്കാർ എടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. അതാണ് ഇന്നലെയും സംഭവിച്ചത്.
വിലകുറയുന്നു, വീണ്ടും കുറയുന്നു..
ഏപ്രിലിൽ ഇന്ത്യ വാങ്ങിയ എണ്ണയുടെ ശരാശരി വില 74.31 ഡോളറാണ്. ജനുവരിയിൽ വില 83 ഡോളറെത്തിയിരുന്നു. പിന്നീടിത് 75 ഡോളറായി കുറഞ്ഞു വന്നു. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച 69.94 ഡോളറിനാണ് ഇന്ത്യക്ക് എണ്ണ ലഭിച്ചത്. വരും ദിവസങ്ങളിലിത് വീണ്ടും കുറയാനാണ് സാധ്യത.

ലോക വിപണിയിൽ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില 6.5 ശതമാനം കുറഞ്ഞ് ബാരലിന് 65.58 ഡോളർ എന്ന നിലയിലാണ്. ഈയാഴ്ചത്തെ മാത്രം വിലയിടിവ് 10.9 ശതമാനമായി. ഒന്നര വർഷത്തിനിടെ ഒരാഴ്ച കാലയളവിൽ സംഭവിക്കുന്ന ഏറ്റവും വലിയ കുറവാണിത്. ഡബ്ല്യുടിഐ ക്രൂഡ് 7.4 ശതമാനം ഇടിഞ്ഞ് 61.99 ഡോളർ എന്ന നിലയിലാണ്. രണ്ടു വർഷത്തിനിടെ ഈയാഴ്ച ഡബ്ല്യുടിഐ ക്രൂഡിന് 10.6 ശതമാനം കുറഞ്ഞ് വില താഴ്ചയിൽ എത്തിയതായും രേഖപ്പെടുത്തി. ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ വില അന്‍പത് ഡോളറിന് അടുത്തുവരെയെത്തിയേക്കുമെന്ന വിലയിരുത്തലുകൾ കൂടി വരുന്നതിനിടയിലാണ് ഇന്ത്യയിലെ വില കൂട്ടൽ.
ക്രൂഡോയിൽ വിലയിൽ 41 ശതമാനം കുറവുണ്ടായിട്ടും എക്സൈസ് തീരുവ കൂട്ടി പിഴിയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ശരാശരി 75 ഡോളറിനു വാങ്ങിയ എണ്ണയാണ് നിലവിൽ ശേഖരത്തിലുള്ളത് എന്ന പുതിയ വാദവുമായി കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഇതിനെ ന്യായീകരിച്ചു.

ലോകം മുഴുവൻ വില കുറയുമ്പോൾ ഇന്ത്യയിൽ....
ഡോണള്‍ഡ് ട്രമ്പിന്റെ പകരചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കയാണ്. ചൈന യുഎസ് ഉൽപ്പന്നങ്ങളുടെ താരിഫ് വർധിപ്പിച്ചതോടെയാണ് ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞത്. ലോകത്തിലെ ഏറ്റവുംവലിയ എണ്ണ ഇറക്കുമതിക്കാരായ ചൈന ഏപ്രിൽ 10 മുതൽ എല്ലാ യുഎസ് ഉൽപ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എണ്ണ ഉൽപാദക രാഷ്ട്രങ്ങൾ വില കുറഞ്ഞാലും വേണ്ടില്ല എന്ന നിലയിലേക്ക് ഉൽപാദനം വർധിപ്പിക്കും.
ക്രൂഡ് ഓയില്‍ വില കുറയുകയാണെങ്കിലും എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതായി പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്രഖ്യാപിച്ചിരിക്കയാണ്. പകര ചുങ്കത്തിലെ ആഗോളമന്ദ്യം മറികടക്കുകയാണ് അവരുടെ ലക്ഷ്യം. ഏപ്രിലിൽ പ്രതിദിനം 4,11,000 ബാരൽ ഉത്പാദനം വർധിപ്പിക്കുമെന്ന് ഒപെക് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സാധാരണക്കാരന്റെ പോക്കറ്റിലേക്ക് വീണ്ടും കൈതാഴ്ത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നത്. ട്രമ്പിന്റെ അധിക ചുങ്കം ഉണ്ടാക്കിയേക്കാവുന്ന മാന്ദ്യത്തെ എളുപ്പം മറികടക്കാൻ എണ്ണവിലയിലെ ഉപഭക്തൃവിഹിതം കൂടി കൈക്കലാക്കുക എന്ന എളുപ്പ വഴി.









0 comments