ഇന്ത്യ ആഗോള കപ്പൽ നിർമ്മാണ ശൃംഖലയിലേക്ക്, കൊളംബോ കപ്പൽശാലയിൽ പങ്കാളിത്തം

ശ്രീലങ്കയിലെ കൊളംബോ കപ്പല്‍ശാലയുടെ 51 ശതമാനം ഓഹരി ഇന്ത്യയിലെ പൊതുമേഖലാ കപ്പൽ നിര്‍മാണ കമ്പനിയായ മസഗോൺ ഡോക്ക് സ്വന്തമാക്കി. കപ്പൽ നിർമ്മാണ രംഗത്തെ ആഗോള ശൃംഖലയിലേക്ക് രാജ്യത്തെ പൊതുമേഖലാ കമ്പനി ആദ്യമായി പ്രവേശിക്കയാണ്. 52.96 ദശലക്ഷം യുഎസ് ഡോളർ വരെ വിലമതിക്കുന്ന ഇടപാടാണ്.
ജപ്പാനീസ് കമ്പനിയായ ഒനോമിച്ചി ഡോക് യാര്‍ഡിന്റെ കൈവശമായിരുന്നു കൊളംബോ ഡോക് യാര്‍ഡിന്റെ ഭൂരിഭാഗം ഓഹരിയും ഉണ്ടായിരുന്നത്. കൊളംബോ കപ്പല്‍ശാലയിലെ ഒനോമിച്ചി ഡോക്യാർഡിന്റെ ഓഹരികളാണ് മസഗോൺ വാങ്ങുന്നത്.
ശ്രീലങ്കയിലെ ഏറ്റവും വലിയ കപ്പല്‍ശാലയാണ് കൊളംബോ ഡോക് യാർഡ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 2024 നവംബര്‍ അവസാനത്തോടെയാണ് ഒനോമിച്ചി ഡോക് യാര്‍ഡ് കൊളംബോ ഡോക് യാര്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. ഇതോടെ കൊളംബോ ഡോക് യാര്‍ഡിനെ സാമ്പത്തികമായി സഹായിക്കുന്നതും ഒനോമിച്ചി നിര്‍ത്തി.
2024-ൽ കൊളംബോ ഡോക്ക്‌യാർഡിന്റെ വിറ്റുവരവ് 25.45 ബില്യൺ ശ്രീലങ്കൻ രൂപയായിരുന്നു (84.89 മില്യൺ ഡോളർ). അതേസമയം 2025 മാർച്ചിൽ അവസാനിച്ച വർഷത്തിൽ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന്റെ വരുമാനം 114.32 ബില്യൺ ഇന്ത്യൻ രൂപ (1.34 ബില്യൺ ഡോളർ)യാണ്
ശ്രീലങ്കയിലെ അന്താരാഷ്ട്ര തുറമുഖമായ ഹമ്പന്‍ടോട്ട അന്താരാഷ്ട്ര തുറമുഖത്തില്‍ ചൈന മെര്‍ച്ചന്റ് പോര്‍ട്ടിന് 85 ശതമാനം ഓഹരിയുണ്ട്. 2017 മുതൽ ഇതിന്റെ 99 വര്‍ഷത്തെ പാട്ടക്കരാറും കയ്യാളുന്നു.

രണ്ട് നൂറ്റാണ്ട് പിന്നിട്ട കപ്പൽ ശാല
കൊളംബോ ഡോക് യാര്‍ഡ് 1947 മുതൽ പ്രവർത്തിക്കുന്നതാണ്. കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി, ഹെവി എന്‍ജിനിയറിംഗ് എന്നിവയില്‍ അഞ്ച് ദശാബ്ദത്തിലേറെ അനുഭവപരിചയം കൊളംബോ ഡോക് യാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് (സിഡിപിഎല്‍സി) കമ്പനിക്കുണ്ട്. ഇന്ത്യയുടെ മസഗോണ്‍ ഡോക് യാര്‍ഡ് ലിമിറ്റഡ് (എം.ഡി.എല്‍) സംയുക്ത നിര്‍മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ ആയി വിദേശ കപ്പല്‍ശാലയുമായി ഔപചാരിക പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത് ആദ്യമായിട്ടാണ്.
ജര്‍മന്‍ കമ്പനിയായ തിസ്സെൻ ക്രൂപ് മറൈന്‍ സിസ്റ്റംസുമായി സഹകരിച്ച് നാവികസേനയ്ക്കായി ആറ് പുതിയ സ്റ്റെല്‍ത്ത് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്ന പദ്ധതിയിലാണ് മസഗോണ്‍ ഡോക് യാര്‍ഡ് ലിമിറ്റഡ് ഇപ്പോൾ. കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ തുടരാന്‍ സഹായിക്കുന്ന ലാന്‍ഡ്-അറ്റാക്ക് ക്രൂയിസ് മിസൈലുകളും എയര്‍-ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷനും (എഐപി) ഉള്‍പ്പെടുന്ന അന്തര്‍വാഹിനി ശ്രംഖലയാണിത്. മൂന്ന് ഫ്രഞ്ച് നിര്‍മിത സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും കൂടി നിര്‍മിക്കാൻ ഒരുങ്ങുന്നു.
പതിനെട്ടാം നൂറ്റാണ്ടിലാണ് മസഗോണ്‍ ഡോക് കപ്പല്‍ശാല മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെടുന്നത്. പെനിന്‍സുലാര്‍ ആന്‍ഡ് ഓറിയന്റല്‍ സ്റ്റീം നാവിഗേഷന്‍ കമ്പനി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിങ്ങനെ വൈദേശിക ഉടമസ്ഥതയിലായിരുന്നു. 1934-ല്‍ പൊതുമേഖല കമ്പനിയായ രജിസ്റ്റര്‍ ചെയ്തു. 1960-ല്‍ ദേശസാൽക്കരിച്ചു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 80.82 ശതമാനമാണ്. 2024-ല്‍ നവരത്‌ന പദവി ലഭിച്ചു.









0 comments