'കേരള ബ്രാന്‍ഡ് '; ഗുണമേന്മയുടെ "നന്മ'

ഡോ. ബൈജു നെടുങ്കേരി
Published on Aug 28, 2025, 07:28 PM | 3 min read
കേരളം ഒരു ആഗോള ബ്രാന്‍ഡാണ്. പണ്ട് പായ്ക്കപ്പലുകളില്‍ കടല്‍ കടന്നുപോയ കേരളത്തിന്റെ കുരുമുളകും കാപ്പിയും ഏലവുമെല്ലാം മലയാളിക്ക് കേട്ടറിവുപോലുമില്ലാത്ത ഇടങ്ങളില്‍ കേരളത്തിന്റെ മഹിമ എത്തിച്ചു. പക്ഷേ, പുതിയ കാലത്ത് ആഗോളവിപണി സാധ്യതയുള്ള നമ്മുടെ പല ഉൽപ്പന്നങ്ങള്‍ക്കും "കേരള' എന്ന ഈ ലോകപ്രസിദ്ധ ബ്രാന്‍ഡ് നെയിം അത്ര ഉപയോഗപ്പെടുത്താനായില്ല. എന്നാലിപ്പോള്‍ "കേരള ബ്രാന്‍ഡ്' പദ്ധതിയിലൂടെ അതിന് വഴിയൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
കേരളത്തിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങള്‍ക്കും കേരളത്തിൽനിന്ന് നല്കുന്ന സേവനങ്ങള്‍ക്കും അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യമായ ഗുണനിലവാരം ഉറപ്പുവരുത്തി അവ ലോകവിപണിയില്‍ എത്തിക്കുകയാണ് സംസ്ഥാന വ്യവസായവകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗുണമേന്മയുടെ "നന്മ'
2023ലെ സംസ്ഥാന വ്യവസായനയത്തിൽ അവതരിപ്പിച്ച സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു കേരളത്തിലെ ഉൽപ്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് "മെയ്ഡ് ഇൻ കേരള’ പദ്ധതി നടപ്പാക്കുക എന്നത്. ഉന്നത ഗുണനിലവാരം, ധാർമികത നിലനിർത്തുന്ന നിർമാണ, വിപണന രീതികൾ, വ്യവസായത്തിന്റെ നടത്തിപ്പിൽ പുലർത്തുന്ന സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് കേരള ബ്രാൻഡ് അനുവദിക്കുക. കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു സവിശേഷത സൃഷ്ടിച്ചെടുക്കുന്നതിനും അന്തർദേശീയ വിപണിയിൽ അവയുടെ മികവ് അടയാളപ്പെടുത്തുന്നതിനും അതുവഴി കൂടുതല്‍ വിൽപ്പനമൂല്യം സൃഷ്ടിക്കുന്നതിനും കേരള ബ്രാൻഡിന് കഴിയും.
ഈ അംഗീകാരം ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പാക്കുകളിലും പരസ്യപ്രചാരണങ്ങളിലും കേരള ബ്രാൻഡിന്റെ "നന്മ' ലോഗോ ഉപയോഗിക്കാനാകും. ഇത് ഉൽപ്പന്നങ്ങളുടെ വിശ്വാസ്യതയും കേരളത്തില്‍നിന്നുള്ള കയറ്റുമതിയും വര്‍ധിപ്പിക്കുകയും ചെയ്യും.
വേണം, ഈ യോഗ്യതകള്‍
കേരള ബ്രാന്‍ഡായി അംഗീകരിക്കപ്പെടണമെങ്കില്‍ ഉൽപ്പന്നം പൂര്‍ണമായും കേരളത്തില്‍ ഉൽപ്പാദിപ്പിക്കുന്നതായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളും കേരളത്തില്‍നിന്നായിരിക്കണം. സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷത്തിലാകണം നിർമാണം. പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയും പുതിയ സാങ്കേതികവിദ്യകളും അറിവുകളും പ്രയോജനപ്പെടുകയും പാരമ്പര്യേതര ഊർജസ്രോതസ്സുകളുടെ ഉപയോഗത്തിന് മുൻഗണന നല്‍കുകയും വേണം. മറ്റ് വ്യവസ്ഥകള്‍ താഴെ പറയുന്നു:
ഉൽപ്പാദനത്തിന്റെയോ വിപണനത്തിന്റെയോ ഒരു ഘട്ടത്തിലും ബാലവേല പാടില്ല
വനിതാജീവനക്കാർക്ക് സുരക്ഷ നൽകുന്ന സ്ത്രീസൗഹൃദ തൊഴിലിടമായിരിക്കണം
സംരംഭത്തിൽ ലിംഗ/ വർണ / ജാതി വിവേചനങ്ങൾ പ്രോത്സാഹിപ്പിക്കരുത്
സാമൂഹിക ഉത്തരവാദിത്വം പാലിക്കുന്ന സ്ഥാപനങ്ങളാകണം
പുതിയതായി 10 ഉൽപ്പന്നങ്ങൾക്ക് അവസരം
വെളിച്ചെണ്ണയ്ക്കുമാത്രമാണ് നിലവില്‍ കേരള ബ്രാന്‍ഡ് നല്‍കിയിരുന്നത്. ഇപ്പോള്‍ ഭക്ഷ്യ, -ഭക്ഷ്യേതര വിഭാഗങ്ങളിൽനിന്നായി 10 ഉൽപ്പന്നങ്ങൾകൂടി തെരഞ്ഞെടുത്തിട്ടുണ്ട്. ഭക്ഷ്യവിഭാഗത്തില്‍ കാപ്പി, ചായ, തേൻ, നെയ്യ്, പാക്ക് ചെയ്ത കുടിവെള്ളം എന്നിവയും ഭക്ഷ്യേതര വിഭാഗത്തില്‍ പ്ലൈവുഡ്, പാദരക്ഷകൾ, പിവിസി പൈപ്പുകൾ സർജിക്കൽ റബർ ഗ്ലൗസ്, കാലിത്തീറ്റ എന്നിവയുമാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് ബ്രാൻഡ് നല്കുന്നതിനുള്ള മാനദണ്ഡങ്ങൾ രൂപീകരിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. നവംബറില്‍ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് അംഗീകാരം നല്‍കിത്തുടങ്ങാനാകുമെന്നാണ് വ്യവസായവകുപ്പ് പ്രതീക്ഷിക്കുന്നത്.
സംരംഭകർക്കുള്ള നേട്ടങ്ങൾ
സ്വന്തം ഉൽപ്പന്നത്തിന് കേരള ബ്രാന്‍ഡ് അംഗീകാരം നേടിയാല്‍ സംരംഭകർക്ക് പല നേട്ടങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമായതിനാല്‍ അത് ഗുണമേന്മയുടെ മുദ്രയായി മാറും. അതിലൂടെ മറ്റ് വിശദീകരണങ്ങളൊന്നും ഇല്ലാതെതന്നെ ഉൽപ്പന്നം വിപണിയില്‍ അവതരിപ്പിക്കാനാകും.
മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ അന്താരാഷ്ട്ര വിപണിയിലും ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അവസരവും ഇതിലൂടെ ലഭ്യമാകും. ഓൺലൈൻ മാര്‍ക്കറ്റിങ്ങിന് സൗജന്യ പ്രൊമോഷൻ, കയറ്റുമതിക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള ഗുണമേന്മ പരിശോധനയ്ക്ക് സാമ്പത്തികസഹായം, അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ ഉൽപ്പന്നങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കാൻ അവസരം തുടങ്ങിയവയും ഇതിലൂടെ സംരംഭകര്‍ക്ക് ലഭ്യമാകും.
എങ്ങനെ അപേക്ഷിക്കാം
ഉൽപ്പാദകര്‍ക്കും സേവനദാതാക്കൾക്കും വ്യവസായവകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി കേരള ബ്രാൻഡിനായി അപേക്ഷിക്കാം. www.industry.kerala.gov.in എന്ന പോർട്ടലിൽ കയറി പോസ്റ്റ് പ്രൊഡക്‌ഷൻ സപ്പോർട്ട് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്‌ത് കേരള ബ്രാൻഡ് അപേക്ഷാഫോമിലേക്ക് എത്താവുന്നതാണ്. അപേക്ഷയോടൊപ്പം ഗുണനിലവാര സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ, സത്യവാങ്‌മൂലം എന്നിവയും നല്‍കണം. ഓരോ ഉൽപ്പന്നത്തിനും സേവനത്തിനും പാലിക്കേണ്ട ഗുണനിലവാരം, ഉത്തരവാദിത്വ വ്യവസായ രീതികൾ, നിർമാണത്തിലും നടത്തിപ്പിലും പുലർത്തേണ്ട ധാർമികത എന്നിവയെ സംബന്ധിച്ച് ചെക്ക് ലിസ്റ്റുകളുണ്ടാകും. ഇതുപ്രകാരമുള്ള രേഖകളാണ് നല്‍കേണ്ടത്.
കാലാവധി രണ്ടുവര്‍ഷം
ഒരു ഉൽപ്പന്നത്തിന് ആദ്യം രണ്ടുവർഷത്തേക്കാണ് കേരള ബ്രാൻഡ് ലഭിക്കുന്നത്. തുടർന്ന് കാലാവധി തീരുന്നതിന് ഒരുമാസംമുമ്പ് ബ്രാൻഡ് പുതുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. കേരള ബ്രാൻഡ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും അംഗീകാരം നൽകുന്നതിനുമായി സര്‍ക്കാര്‍ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമായി ഒരു സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പ് മേധാവികളും വിദഗ്ധരും ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്.
താലൂക്കുതലത്തില്‍ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയാണ് കേരള ബ്രാൻഡിന് അംഗീകാരം നൽകുന്നത്. പ്രാദേശിക ഉൽപ്പന്നങ്ങളെ കൂടുതൽ വിശ്വസ്തതയോടെ അവതരിപ്പിക്കാനാകുന്ന കേരള ബ്രാൻഡ് ആധുനിക വിപണിയിലെ ഒരു വേറിട്ട ചുവടുവയ്പാണ്, ഇതിലൂടെ സംരംഭ കേരളം മുന്നേറ്റത്തിന് പുതിയ വഴികള്‍ തുറക്കുകയാണ്. സംരംഭകര്‍ ഈ സാധ്യത ഉപയോഗപ്പെടുത്തണം.
(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. പിറവം അഗ്രോ പാർക്കിന്റെ ചെയർമാനാണ് ലേഖകൻ)









0 comments