ഈ വർഷം തന്നെ ഒപ്പുവെക്കാൻ നീക്കം
യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ ഉടൻ; ആശങ്കയിലായി കർഷകരും തൊഴിലാളികളും

ന്യൂഡൽഹി: ഡൊണൾഡ് ട്രംപ് തുടങ്ങി വെച്ച വ്യാപാര യുദ്ധത്തിന്റെ കെടുതികൾ തുടരുന്നതിനിടെ യൂറോപ്യൻ യൂണിയനിലെ മുഴുവൻ രാജ്യങ്ങൾക്കുമായി വിപണി തുറന്നു നൽകാൻ ഇന്ത്യ. ബ്രിട്ടണുമായി സ്വതന്ത്ര വ്യാപാര കരാർ (FTA) ധാരണയായി കഴിഞ്ഞു. ഇത് യൂണിയനിലെ 27 രാജ്യങ്ങൾക്കും അനുവദിക്കയാണ്.
യൂറോപ്യൻ കമ്മീഷന്റെ കാർഷിക കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസെനും വ്യാപാര മേധാവി മാരോസ് സെഫ്കോവിച്ചും ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇരുപക്ഷവും ഉന്നതതല യോഗങ്ങളുടെയും ചർച്ചകളുടെയും ഒരു പരമ്പര നടത്തും. ഇ യു ബ്ലോക്കിലെ 27 അംഗ രാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയ സുരക്ഷാ സമിതിയുടെ ഇന്ത്യാ സന്ദർശനവും ഇതിൽ ഉൾപ്പെടുന്നു.
എഫ്‌ടിഎയ്‌ക്കായുള്ള 13-ാം റൗണ്ട് ചർച്ചകളാണ് ഈ ആഴ്ച നിശ്ചയിച്ചിട്ടുള്ളത്. അടുത്ത റൗണ്ട് അടുത്ത മാസം ആദ്യം ബ്രസ്സൽസിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കസ്റ്റംസ് ആൻഡ് ട്രേഡ് ഫെസിലിറ്റേഷൻ, തർക്ക പരിഹാരം, ഡിജിറ്റൽ വ്യാപാരം, സുസ്ഥിര ഭക്ഷ്യ സംവിധാനം, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കോമ്പോള മത്സരം, സബ്‌സിഡികൾ, മൂലധന നീക്കങ്ങൾ എന്നിവ ഉൾപ്പെടുന്ന 11 അധ്യായങ്ങളിൽ ഇരുപക്ഷവും ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബറോടെ കരാർ ചർച്ച പൂർത്തിയാക്കും.

അടുത്ത വർഷം ആദ്യം ഇന്ത്യയിൽ നടക്കാൻ സാധ്യതയുള്ള ഇന്ത്യ-ഇ യു വാർഷിക ഉച്ചകോടിയിൽ എഫ്എടി പ്രാവർത്തികമാക്കുക എന്ന ലക്ഷ്യം വെച്ചാണ് നീക്കം. 2023-24 സാമ്പത്തിക വർഷത്തിൽ 135 ബില്യൺ ഡോളർ ചരക്ക് വ്യാപാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഇന്ത്യ നടത്തിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിപണി തുറന്ന് കിട്ടും എന്ന നിലയ്ക്കാണ് എഫ്ടിഎ നീക്കം ചർച്ചയിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ യൂണിയനിലെ 27 രാജ്യങ്ങൾക്കും മുന്നിൽ ഇന്ത്യൻ വിപണിയും തുറക്കപ്പെടും. ഇത് ഏതേത് മേഖലകളെ ബാധിക്കും എന്ന ആശങ്ക വിലമതിക്കപ്പെട്ടിട്ടില്ല. ചെറുകിട ഉല്പാദന, കാർഷിക, വ്യവസായ മേഖലകൾ ഇപ്പോൾ തന്നെ കടുത്ത വെല്ലുവിളി നേരിടുകയാണ്.
2025 സാമ്പത്തിക വർഷത്തിൽ യൂറോപ്യൻ യൂണിയനിലേക്കുള്ള സ്റ്റീൽ, അലുമിനിയം കയറ്റുമതി 24.4 ശതമാനം കുറഞ്ഞ് 7.71 ബില്യൺ ഡോളറിൽ നിന്ന് 5.82 ബില്യൺ ഡോളറായി. വൻ കിട വ്യവസായങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നത് കരാർ ലക്ഷ്യം വെക്കുമ്പോഴും ചെറുകിട ഇടത്തരം കർഷകരും ഉത്പാദകരും പുതിയ വെല്ലുവിളി അഭിമുഖീകരിക്കും.

യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സേവന വ്യാപാരം 2023-ൽ 59.7 ബില്യൺ യൂറോയിലെത്തി, 2020-ൽ ഇത് 30.4 ബില്യൺ യൂറോയായിരുന്നു.
അതേസമയം 2023-ൽ 124 ബില്യൺ യൂറോയുടെ ചരക്ക് വ്യാപാരമാണ് നടന്നത്. ഇത് മൊത്തം ഇന്ത്യൻ വ്യാപാരത്തിന്റെ 12.2% ആണ്. അപ്പോഴും 2023- ലെ യൂറോപ്യൻ യൂണിയന്റെ മൊത്തം ചരക്ക് വ്യാപാരത്തിന്റെ 2.2% മാത്രമാണ് ഇന്ത്യയിൽ എത്തിയത്. സ്വഭാവികമായും ഇത് വർധിക്കും. കൂടുതൽ ഉത്പന്നങ്ങൾ രാജ്യത്തേക്ക് ഒഴുകും.
ഇന്ത്യയ്ക്ക് എന്ന പോലെ യൂറോപ്പിനും കൃഷി നിർണ്ണായക വിഷയമാണ്. ഓരോരുത്തരും അവരുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകും. "പാൽ, പഞ്ചസാര, അരി എന്നിവ കാർഷിക വ്യാപാര ചർച്ചകളിൽ നിന്ന് മാറ്റിനിർത്താൻ" സമ്മതിച്ചു എന്ന പ്രസ്താവ മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇന്ത്യയെ കൂടാതെ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, യുഎഇ രാജ്യങ്ങളുമായും യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്നുണ്ട്.








0 comments