കുതിപ്പിലും കിതപ്പിലും അറിയണം ഓഹരികളുടെ കരുത്ത്


കെ അരവിന്ദ്
Published on May 22, 2025, 09:45 AM | 3 min read
സമ്പത്ത് വളർത്താനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ഓഹരിനിക്ഷേപം. അതേസമയം, നേട്ടം കൂടുമ്പോൾ നഷ്ടസാധ്യതയും (റിസ്കും) കൂടുമെന്നതിനാൽ ഏറ്റവും റിസ്കുള്ള നിക്ഷേപ മാർഗങ്ങളുടെ കൂട്ടത്തിലാണ് ഇതുൾപ്പെടുന്നത്. ഓഹരിവിപണിയോട് അകലം പാലിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത് ഈ ഉയർന്ന റിസ്കാണ്. അതേസമയം, മുൻകാലങ്ങളിൽ ഓഹരിവിപണിയെ അൽപ്പം ആശങ്കയോടെ കണ്ട് മാറിനിന്നിരുന്നവരിൽ ഒരുവിഭാഗം സമീപകാലത്തായി ഈ നിക്ഷേപമാർഗം നൽകുന്ന ഉയർന്ന നേട്ടത്തിലേക്ക് ആകൃഷ്ടരാകുകയും റിസ്ക് എടുക്കാൻ സന്നദ്ധത കാണിക്കുകയും ചെയ്യുന്നുണ്ട്. യഥാർഥത്തിൽ അവരിൽ ഭൂരിപക്ഷവും റിസ്ക് എടുക്കാനുള്ള ധൈര്യം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
ധൈര്യംമാത്രം
പോര ഓഹരിവിപണിയിലെ റിസ്കിനെ നേരിടാൻ ഈ ധൈര്യംമാത്രം മതിയാകില്ല എന്നതാണ് വാസ്തവം. വിപണി വൻകുതിപ്പ് നടത്തുന്ന സമയമാണെങ്കിലും തകർച്ച നേരിടുന്ന സമയമാണെങ്കിലും റിസ്കിനെ അതിജീവിക്കാൻ ആദ്യം ചെയ്യേണ്ടത് ഓഹരികൾ തെരഞ്ഞെടുക്കുന്നതിൽ മികവ് ആർജിക്കുക എന്നതാണ്. ഓഹരിനിക്ഷേപത്തിന്റെ അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കി നിക്ഷേപം നടത്തുന്നതിനുപകരം കേവലം സോഷ്യൽ മീഡിയയിൽനിന്ന് ലഭിക്കുന്ന ടിപ്പുകളെയും കേട്ടുകേൾവികളെയും ഹ്രസ്വകാല ലാഭപ്രതീക്ഷയെയും മുൻനിർത്തി ഓഹരികൾ വാങ്ങുന്നത് റിസ്ക് ഉയർത്തുകമാത്രമാണ് ചെയ്യുന്നത്. ദീർഘകാല നിക്ഷേപത്തിലൂടെമാത്രമേ സമ്പത്ത് വളർത്താനാകൂവെന്ന വസ്തുത നിക്ഷേപകർ തിരിച്ചറിയേണ്ടതുണ്ട്. റിസ്കിന് അനുസരിച്ചുള്ള നേട്ടം കൈവരിക്കണമെങ്കിൽ ഓഹരികളുടെ തെരഞ്ഞെടുപ്പിൽ കൃത്യതയും സൂക്ഷ്മതയും കൈവരിക്കാൻ നിക്ഷേപകർക്ക് കഴിയണം. ഓഹരികളുടെ കരുത്ത് കണ്ടെത്തണം. അതെങ്ങനെ സാധിക്കും? ഓഹരിനിക്ഷേപത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളുക എന്നതാണ് ഇതിന് ഏറ്റവുമാദ്യം ചെയ്യേണ്ടത്. ഒരു ഓഹരി വാങ്ങുമ്പോൾ നാം ആ കമ്പനിയുടെ ഉടമസ്ഥതയുടെ ഭാഗമാകുകയാണ് ചെയ്യുന്നത്. അതിനാൽ, കംപ്യൂട്ടർ ടെർമിനലിലെ കോഡിലൂടെ ഒരു ഓഹരി വാങ്ങുന്നു എന്നതിലുപരി ഒരു കമ്പനിയുടെ ഉടമസ്ഥത തന്നെയാണ് വാങ്ങുന്നത് എന്ന ബോധ്യത്തോടെ വേണം നിക്ഷേപം നടത്താൻ.
അറിയണം ഈ മാനദണ്ഡങ്ങൾ
നിക്ഷേപത്തിന് ഓഹരി തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കേണ്ട ഏറ്റവും അടിസ്ഥാനമായ നാലുകാര്യങ്ങൾ കമ്പനിയുടെ ബിസിനസ്, മാനേജ്മെന്റ്, സാമ്പത്തികനില, നിലവിലുള്ള മൂല്യം എന്നിവയാണ്. ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങൾമാത്രം പരിഗണിച്ചാൽ വിലയിരുത്തൽ പൂർണമാകില്ല. ഓഹരികളുടെ കുറ്റമറ്റ തെരഞ്ഞെടുപ്പിന് ഈ നാലുഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.
ബിസിനസ് അറിയണം > നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കമ്പനി എന്ത് ബിസിനസാണ് ചെയ്യുന്നത് എന്ന് നിക്ഷേപകൻ അറിയണം. എന്ത് ഉൽപ്പന്നമാണ് അല്ലെങ്കിൽ സേവനമാണ് ആ കമ്പനി നൽകുന്നത്, ആ ഉൽപ്പന്നത്തിന് അല്ലെങ്കിൽ സേവനത്തിന് വിപണിയിൽ എത്രമാത്രം ആവശ്യകത(ഡിമാൻഡ്)യുണ്ട്, എങ്ങനെയാണ് കമ്പനി പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം. മറ്റ് കമ്പനികളിൽനിന്ന് എത്രത്തോളം മത്സരം നേരിടുന്നുണ്ട് എന്നതും അറിയേണ്ടതാണ്.
മാനേജ്മെന്റിനെ വിലയിരുത്തുക > ബിസിനസ് എന്താണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ അടുത്തതായി ആ കമ്പനി നടത്തുന്നത് ആരാണ് എന്ന് അറിയണം. എത്രമാത്രം കാര്യക്ഷമമായാണ് കമ്പനിയുടെ ഉടമസ്ഥരും മാനേജ്മെന്റിന് നേതൃത്വം നൽകുന്നവരും കമ്പനിയുടെ നടത്തിപ്പ് നിർവഹിക്കുന്നത് എന്ന് നിക്ഷേപകൻ പരിശോധിച്ചിരിക്കണം. ഇല്ലെങ്കിൽ കൈയിലിരിക്കുന്ന പണം നിക്ഷേപിക്കുന്നത് കടലിൽ കായം കലക്കുന്നതുപോലെയാകും. മാനേജ്മെന്റിന്റെ സത്യസന്ധത, കാര്യക്ഷമത, മത്സരക്ഷമത തുടങ്ങിയ കാര്യങ്ങൾ തൃപ്തികരമാണെന്ന് ബോധ്യപ്പെടുകയാണെങ്കിൽ മാത്രമേ ആ കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവൂ. മാനേജ്മെന്റിന്റെ മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ ഓഹരി ഉടമകളുടെ താൽപ്പര്യത്തെ മാനിക്കുന്ന മാനേജ്മെന്റാണോ എന്നതുകൂടി വിലയിരുത്തേണ്ടതുണ്ട്. സുതാര്യതയിലും സത്യസന്ധതയിലും പിന്നാക്കംനിൽക്കുന്ന മാനേജ്മെന്റുകൾ കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ഓഹരികൾ വിപണിയിൽ കനത്ത വിൽപ്പനസമ്മർദങ്ങൾ നേരിടാറുണ്ട്. ഇന്ത്യയിലെ മുൻനിര കോർപറേറ്റ് ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന കമ്പനികളുടെ ഓഹരികൾക്കുപോലും മാനേജ്മെന്റിന്റെ വഴിവിട്ട നടപടികൾമൂലം വിലയിലെ കനത്ത തിരുത്തൽ എന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് സമീപകാലത്ത് വലിയ വാർത്ത സൃഷ്ടിച്ചിട്ടുണ്ട്. നിക്ഷേപത്തിന് ഇത്തരം കമ്പനികളെ ഒഴിവാക്കുന്നതാകും ഉചിതം. സാമ്പത്തിക ഘടകങ്ങൾ വിശകലനം ചെയ്യുക > ഏതൊരു കമ്പനിയുടെയും അടിസ്ഥാനപരമായ കരുത്ത് സാമ്പത്തികശക്തി തന്നെയാണ്. കമ്പനി തുടർച്ചയായി നഷ്ടം രേഖപ്പെടുത്തുകയോ വരുമാനവളർച്ച നിലനിർത്തുന്നതിൽ പരാജയപ്പെടുകയോ ചെയ്യുകയാണെങ്കിൽ ആ കമ്പനി മറ്റേതുഘടകത്തിൽ മുന്നിട്ടുനിന്നാലുംനിക്ഷേപത്തിനുള്ള ശരിയായ തെരഞ്ഞെടുപ്പായിരിക്കില്ല. ലാഭകരമായി മുന്നോട്ടുപോകുകയും വരുമാനത്തിലും ലാഭക്ഷമതയിലും സ്ഥിരതയോടെ വളർച്ച കൈവരിക്കുകയും ചെയ്യുന്ന കമ്പനിയാണെന്ന് ഉറപ്പാക്കിയശേഷമേ അത് നിക്ഷേപയോഗ്യമാണോയെന്ന് തീരുമാനിക്കാവൂ. ബിസിനസിലെ തിരിച്ചടിമൂലം തുടർച്ചയായി നഷ്ടം നേരിടുന്ന കമ്പനികളെ ഒഴിവാക്കുന്നതാകും ഉചിതം.
വില ന്യായമാണോയെന്ന് പരിശോധിക്കുക > മുകളിൽ പറഞ്ഞ മൂന്ന് ഘടകങ്ങളും വിലയിരുത്തുമ്പോൾ കമ്പനി മികച്ചതാണെന്ന് ബോധ്യപ്പെട്ടാലും ഓഹരിയുടെ വില ന്യായമാണോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഒരു സാധനത്തിന്റെ വില ന്യായമല്ല എന്ന് തോന്നിയാൽ അത് എത്ര മികച്ചതായാലും നാം വാങ്ങാറില്ല. അതുപോലെതന്നെയാണ് ഓഹരിയുടെ കാര്യവും. വിലയും മൂല്യവും വ്യത്യസ്തമാണ്. 100 രൂപ വിലയുള്ള ഓഹരി 1000 രൂപ വിലയുള്ള ഓഹരിയേക്കാൾ വിലകുറഞ്ഞതാണ് എന്ന് കരുതരുത്. 100 രൂപ വിലയുള്ള ഓഹരിയുടെ മൂല്യമായിരിക്കില്ല 1000 രൂപ വിലയുള്ള ഓഹരിയുടേത്. ഇത് മനസ്സിലാക്കിവേണം ഓഹരികൾ ചെലവ് കുറഞ്ഞതാണോയെന്ന് തീരുമാനിക്കാൻ. ഒരു കമ്പനിയുടെ മൂല്യനിർണയത്തിന് പുസ്തകമൂല്യം, പ്രതി ഓഹരി വരുമാനം, പ്രതി ഓഹരി വരുമാനവും ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം, പുസ്തകമൂല്യവും ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം തുടങ്ങിയ വിവിധ ഘടകങ്ങൾ മാനദണ്ഡങ്ങളാക്കേണ്ടതുണ്ട്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഹരിയുടെ വില കുറഞ്ഞനിലയിലാണോ, ന്യായമാണോ, അമിത വിലയിലാണോ എന്നൊക്കെ നിർണയിക്കുന്നത്.
സ്റ്റാർട്ടപ്പുകളെ അവഗണിക്കരുത്
സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ മറ്റൊരു സമീപനമാകാം. ഇപ്പോൾ നഷ്ടത്തിലാണെങ്കിലും ഭാവിയിൽ ലാഭത്തിലാകാൻ സാധ്യതയുള്ള കമ്പനികളുണ്ട്. ന്യൂജെൻ സ്റ്റാർട്ടപ് കമ്പനികൾ ഉദാഹരണം. അത്തരം കമ്പനികളെ അവ ഇപ്പോൾ നഷ്ടത്തിലാണെന്നതുകൊണ്ടുമാത്രം അവഗണിക്കുന്നത് ഉചിതമായിരിക്കില്ല. അവയുടെ ഭാവിയിലെ ബിസിനസ് വളർച്ചസാധ്യതകൾ വിലയിരുത്തിയശേഷമാണ് നിക്ഷേപതീരുമാനം കൈക്കൊള്ളേണ്ടത്.
സാധാരണ നിക്ഷേപകർ എന്തുചെയ്യണം?
ഒരു സാധാരണ നിക്ഷേപകന് ഓഹരിവിപണിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കുകയും പഠിക്കുകയും ചെയ്തതിനുശേഷം ഓഹരി വാങ്ങുക എന്നത് പലപ്പോഴും പ്രായോഗികമാകണമെന്നില്ല. ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നവർക്ക് ഇത്തരം ഗവേഷണത്തിനായി സമയം കണ്ടെത്താനാകുന്നില്ലെങ്കിൽ വിശ്വാസ്യതയും യോഗ്യതയുമുള്ള വിദഗ്ധരുടെ സേവനം തേടുന്നതാണ് നല്ലത്. മ്യൂച്വൽ ഫണ്ടുകളിൽ താൽപ്പര്യമുള്ളവർക്ക് എസ്ഐപിയായി നിക്ഷേപിക്കുകയും ചെയ്യാം. ( അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത് ; ഹെഡ്ജ് ഇക്വിറ്റീസിന്റെ ഓൺലൈൻ ജേർണലായ ഹെഡ്ജ്ഓഹരി.കോമിന്റെ എഡിറ്ററാണ് ലേഖകൻ)









0 comments