സ്വർണ്ണ വായ്പ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ആർബിഐ: മൂല്യം വർധിപ്പിച്ചു

gold loan rbi
വെബ് ഡെസ്ക്

Published on Jun 06, 2025, 04:03 PM | 1 min read

ന്യൂഡൽഹി : സ്വർണ്ണ വായ്പ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ). 2.5 ലക്ഷം രൂപ വരെയുള്ള സ്വർണ്ണ വായ്പകൾക്കുള്ള ലോൺ-ടു-വാല്യൂ (എൽ‌ടി‌വി) അനുപാതം വർധിപ്പിച്ചു. 75 ശതമാനത്തിൽ നിന്ന് 85 ശതമാനം ആയാണ് വർധിപ്പിച്ചത്. ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ നടന്ന പണനയ യോഗത്തിലാണ് തീരുമാനം. പുതിയ തീരുമാനം സ്വർണം പണയം വെയ്ക്കുന്നവർക്കും ചെറുകിട വായ്പക്കാർക്കും ആശ്വാസമാണ്.


എൽ‌ടി‌വി അനുപാതം വർധിപ്പിച്ചതിൽ പലിശ ഘടകവും ഉൾപ്പെടുന്നു. അതിനാൽ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പണയം വച്ചാൽ ഇപ്പോൾ 85,000 രൂപ വരെ വായ്പ ലഭിക്കും. മുമ്പ് ഇത് 75,000 രൂപയായിരുന്നു. മുമ്പത്തേക്കാൾ 10,000 രൂപവരെ കൂടുതൽ ലഭിക്കുന്ന തരത്തിലാണ് റിസർവ് ബാങ്ക് ഇളവ് അനുവദിച്ചത്. 2.5 ലക്ഷം രൂപയിൽ താഴെയുള്ള സ്വർണ വായ്പകൾക്കാണ് ഈ ഇളവ് ലഭിക്കുക. ഇളവ് സ്വർണപണയ വായ്പകൾ കൂടുതലായുള്ള ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗരങ്ങളിലും വായ്പയെടുക്കുന്നത് എളുപ്പമാക്കുമെന്നും കരുതുന്നു.


ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (NBFC) തീരുമാനം ആശ്വാസമാകും. റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇവയുടെ ഓഹരികൾ ഉയർന്നതായാണ് വിവരം. ഏപ്രിലിൽ ആദ്യം നടന്ന സംയുക്ത മേൽനോട്ട അവലോകനത്തിൽ അമിതമായ എൽടിവി ലംഘനങ്ങൾ, മൂന്നാം കക്ഷി ഏജന്റുമാരുടെ അമിത ഉപയോഗം, ലേല പ്രക്രിയകളിലെ ക്രമക്കേടുകൾ, ദുർബലമായ റിസ്ക് നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ സെൻട്രൽ ബാങ്ക് ചൂണ്ടിക്കാണിച്ചിരുന്നു.


സ്വർണ്ണ വായ്പകൾക്ക് ക്രെഡിറ്റ് വിലയിരുത്തൽ ആവശ്യമില്ലെന്നും ആർ‌ബി‌ഐ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. എൻഡ് യൂസ് മോണിറ്ററിങ് പി‌എസ്‌എൽ വായ്പകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇതോടെ വായ്പ നൽകുന്നവർക്കും കടം വാങ്ങുന്നവർക്കും ഇടയിലുള്ള പ്രക്രിയകളുടെ സമയം കുറയുകയും വേ​ഗത്തിൽ തുക ലഭ്യമാവുകയും ചെയ്യും. ചെറിയ വായ്പകൾ വേഗത്തിലാക്കാൻ ഇതു വഴി സാധിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home