പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കി സംരംഭകര്‍ക്ക് നേടാം 20 ലക്ഷം

Image: Gemini AI
ഡോ. ബൈജു നെടുങ്കേരി
Published on Aug 05, 2025, 11:55 AM | 3 min read
ലോകത്തെ ഏത് കോണിലും ഇന്ന് തൊഴിലെടുക്കുന്ന മലയാളികളുടെ സാന്നിധ്യമുണ്ട്. മികച്ച വിദ്യാഭ്യാസവും തൊഴിൽനൈപുണ്യവുമാണ് ഇതിനവരെ യോഗ്യരാക്കിയത്. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പരിഷ്‌കൃത സാമൂഹിക ചുറ്റുപാടുകൾ രൂപപ്പെടുത്തുന്നതിനും വിദേശജോലിയും അതുവഴി ലഭിച്ച വരുമാനവും മുഖ്യ പങ്കുവഹിച്ചു. അതുകൊണ്ടുതന്നെ ഇവരുടെ തിരിച്ചുവരവും പുനരധിവാസവും ക്രിയാത്മകമായി ഇടപെടേണ്ട വിഷയമാണ്. അത് തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ പ്രവാസിക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്.
സര്‍ക്കാര്‍ സഹായത്തോടെ തൊഴില്‍
തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് നോര്‍ക്കയിലൂടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് "നെയിം' (നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്). അന്യനാടുകളിൽ ദീർഘകാലം തൊഴിലെടുത്തതിന്റെ അനുഭവപരിചയവും തൊഴിൽനൈപുണ്യവും ആധുനികയന്ത്രങ്ങളിലും സാങ്കേതികവിദ്യകളിലുമുള്ള അറിവും ആർജിച്ചവരാണ് വിദേശമലയാളികളിൽ ഭൂരിപക്ഷവും. എന്നാൽ, മടങ്ങിവന്ന് കേരളത്തിൽ താമസമാക്കിയ എല്ലാവർക്കും സ്വന്തം സംരംഭങ്ങൾ ആരംഭിക്കാൻ ശേഷിയുണ്ടാകണമെന്നില്ല. അങ്ങനെയുള്ളവർക്ക് മുന്നോട്ടുള്ള ജീവിതത്തിന് അവരുടെ കഴിവിനൊത്ത തൊഴിൽ ലഭിക്കണം. അതിനാല്‍ നാട്ടിൽ തൊഴിലെടുക്കാൻ സന്നദ്ധതയുള്ളവർക്ക് നാട്ടിലുള്ള സ്ഥാപനങ്ങളിൽ വേഗത്തിൽ തൊഴിൽ ലഭ്യമാക്കുകയാണ് നെയിം പദ്ധതി ലക്ഷ്യമിടുന്നത്. മടങ്ങിയെത്തിയ പ്രവാസികളെ നാട്ടിലുള്ള സ്ഥാപനങ്ങളിൽ ജോലിക്ക് നിയമിക്കുമ്പോൾ അവർക്ക് നൽകുന്ന ശമ്പളത്തിന്റെ നിശ്ചിതവിഹിതം സർക്കാർ തൊഴിലുടമയ്‌ക്ക് മടക്കിനൽകുന്ന പദ്ധതികൂടിയാണിത്.
സംരംഭകർക്ക് കിട്ടും മികച്ച നൈപുണ്യം
മികച്ച നൈപുണ്യമുള്ള ഈ തൊഴിലാളികളെയും അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ സഹായവുമാണ് ഈ പദ്ധതിയിലൂടെ സംരംഭകരിലേക്ക് എത്തുന്നത്. കേരളത്തിലെ എല്ലാ മേഖലയിലെയും സംരംഭകർക്ക്, പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ)ങ്ങൾക്ക് ഈ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്. മടങ്ങിയെത്തിയ പ്രവാസികൾക്ക് വരുമാനം ഉറപ്പാക്കുന്നതിനായി നിലവിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സംരംഭകത്വ പുനരധിവാസ പദ്ധതി (എൻഡിപിആർഇഎം) പോലുള്ള വിവിധ പദ്ധതികൾക്കുപുറമെയാണ് ഈ പദ്ധതിയും അവതരിപ്പിച്ചിരിക്കുന്നത്.
ആരെയെല്ലാം നിയമിക്കാം..?
സംരംഭകര്‍ തൊഴിലാളികളെ നിയമിക്കുമ്പോൾ നെയിം പദ്ധതിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ളവരെ വേണം തെരഞ്ഞെടുക്കാൻ. തൊഴിലാളികളെ നിയമിച്ച വിവരവും ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലാളികളുടെ അനുബന്ധരേഖകളും തൊഴിലുടമ യഥാസമയം നോർക്കയിൽ സമർപ്പിക്കുകയും വേണം. നെയിം പദ്ധതിപ്രകാരം ശമ്പള ആനുകൂല്യം ലഭിക്കാൻ തൊഴിലാളികള്‍ക്ക് ആവശ്യമുള്ള യോഗ്യതകള്‍ താഴെ പറയുന്നു:
▶️ രണ്ടുവർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം
▶️ തൊഴിൽ വിസ നിലവിലില്ലാതെ മടങ്ങിയെത്തിയവരോ മടങ്ങിയെത്തിയിട്ട് ആറുമാസം കഴിഞ്ഞവരോ ആയിരിക്കണം
▶️ കുടുംബ വാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽ കൂടുതലായിരിക്കരുത്
▶️ പ്രായം 25നും 70നും ഇടയിലായിരിക്കണം
▶️ അപേക്ഷിക്കുന്ന തൊഴിലിന് ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
തൊഴിൽ നൽകി നേടാം 20 ലക്ഷം
സംരംഭകര്‍ സ്വന്തം സ്ഥാപനങ്ങളിൽ തിരിച്ചെത്തിയ മലയാളി പ്രവാസികളെ നിയമിക്കുമ്പോൾ പ്രതിവർഷം 100 തൊഴിൽദിനങ്ങളിലെ ശമ്പളവിഹിതം സർക്കാർ നല്‍കും. ഒരാൾക്ക് ഒരുദിവസം പരമാവധി 400 രൂപയെന്ന നിരക്കിലാണ് സഹായം നൽകുന്നത്. ഇത്തരത്തിൽ ഒരു തൊഴിലാളിക്ക് വർഷം 40,000 രൂപവരെ ആനുകൂല്യമായി തൊഴിലുടമയ്‌ക്ക് ലഭിക്കും. ഒരു സ്ഥാപനത്തിന് ഈ സ്‌കീംപ്രകാരം 50 പേരെവരെ നിയമിക്കാം. അതായത് തിരിച്ചുവന്ന പ്രവാസികളായ 50 പേർക്ക് തൊഴിൽ നല്‍കിയാല്‍ പ്രതിവർഷം 20 ലക്ഷം രൂപവരെ സംരംഭകര്‍ക്ക് വേജ് കോംപൻസേഷനായി ലഭിക്കും.
തൊഴിൽപരിചയം കുറവുള്ള ഒരാളെ തൊഴിലാളിയായി എടുത്ത് പരിശീലനം നൽകി തൊഴിലിന് പ്രാപ്‌തനാക്കി എടുക്കുന്നത് തൊഴിലുടമയെ സംബന്ധിച്ച് പണച്ചെലവ് ഏറിയതും ദീർഘസമയം ആവശ്യമുള്ളതുമായ നടപടിയാണ്. വിദേശ മലയാളികൾക്ക് തൊഴിൽ നൽകുമ്പോൾ ഈ പണച്ചെലവും സമയനഷ്‌ടവും ഒഴിവാക്കാനുമാകും.
വേണം രജിസ്‌ട്രേഷൻ
തൊഴിലാളികളെ ആവശ്യമുള്ള സംരംഭകർ (തൊഴിൽ ഉടമകൾ) നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. ഇതിനായി പുതുക്കിയ നെയിം പദ്ധതി രജിസ്ട്രേഷൻ ഇന്റർഫേസ് ഒരുക്കിയിട്ടുണ്ട്. ഏതൊക്കെ തസ്തികകളിലേക്കാണ് തൊഴിലാളികളെ ആവശ്യമുള്ളതെന്നും അതിന് എന്ത് യോഗ്യതയും പ്രവൃത്തിപരിചയവുമാണ് ആവശ്യമുള്ളതെന്നും രജിസ്ട്രേഷൻ സമയത്ത് വ്യക്തമാക്കണം. ശമ്പളം എത്രനൽകുമെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തണം.
തൊഴിൽ ഉടമയുടെ രജിസ്‌ട്രേഷൻ പൂർത്തിയായാൽ ഉടൻ ഈ വിവരങ്ങൾ വെബ്സൈറ്റിൽ ദൃശ്യമാകും. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് തങ്ങളുടെ യോഗ്യതയ്ക്കും പരിചയത്തിനും ഇണങ്ങുന്നതാണെങ്കിൽ തൊഴിൽ ഉടമയെ നേരിട്ട് ബന്ധപ്പെട്ട് തൊഴിൽ നേടാം.
ആനുകൂല്യങ്ങൾ ലഭിക്കാൻ
സംരംഭകർക്ക് തൊഴിലാളികളെ നിയമിച്ചശേഷം മൂന്നുമാസം ബാങ്ക് വഴി ശമ്പളം നൽകിയതിന്റെ രേഖകൾ സഹിതം ത്രൈമാസ ക്ലെയിം സമർപ്പിച്ച് ആനുകൂല്യം കൈപ്പറ്റാം. ഓരോ മൂന്നുമാസത്തിലും 25 ദിവസത്തെ വേതനം എന്ന നിലയിലായിരിക്കും വേജ് കോമ്പൻസേഷൻ അനുവദിക്കുക. അപേക്ഷാഫോറത്തിനും വിവരങ്ങൾക്കും വെബ്സൈറ്റ്: www.norkaroots.org ഫോൺ: 0471–- 2770523.
(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. പിറവം അഗ്രോ പാർക്കിന്റെ ചെയർമാനാണ് ലേഖകൻ)









0 comments