അടിയന്തരഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന വായ്പകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2017, 11:10 AM | 0 min read

അടിയന്തരഘട്ടങ്ങളില്‍ പെട്ടെന്ന് കുറച്ചു പണം സംഘടിപ്പിക്കാന്‍ എത്ര ബുദ്ധിമുട്ടാണ്. എന്നാല്‍ വല്ലവരുടെയും മുന്നില്‍ കൈനീട്ടാതെ സ്വന്തം നിലയില്‍തന്നെ ആശ്രയിക്കാവുന്നതും   പെട്ടെന്നു കിട്ടാവുന്നതുമായ ചില വായ്പകള്‍ ചുവടെ ചേര്‍ക്കുന്നു.

1ചിട്ടി വായ്പ

പണത്തിന് ആവശ്യംവന്നാല്‍ അനായാസം ചിട്ടിയില്‍നിന്ന് വായ്പയെടുക്കാം. ആവശ്യമുള്ളപ്പോള്‍ തിരിച്ചടയ്ക്കാം. അല്ലെങ്കില്‍ ചിട്ടി വട്ടമെത്തുമ്പോള്‍ വായ്പയുമായി തട്ടിക്കിഴിക്കാം. 10 തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി കൃത്യമായി അടച്ചിട്ടുണ്ടെങ്കിലേ ചിട്ടി വായ്പയ്ക്ക് അര്‍ഹതയുള്ളൂ. ചിട്ടി തുക അല്ലെങ്കില്‍ സലയുടെ 50 ശതമാനംവരെ വായ്പയായി ലഭിക്കും. 13 മുതല്‍ 15 ശതമാനംവരെയാണ് ചിട്ടിക്കമ്പനികള്‍ പലിശ ഈടാക്കുന്നത്. വായ്പയുടെ പലിശത്തുക മാസാമാസമോ മൂന്നുമാസം കൂടുമ്പോഴോ അടയ്ക്കണം. ഓരോ ചിട്ടിക്കമ്പനിക്കും ഇത് വ്യത്യസ്തമാണ്. അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ചിട്ടിവായ്പ കൈയില്‍ കിട്ടും.

2 ഇന്‍ഷുറന്‍സ് പോളിസി വായ്പ


പണത്തിന് പെട്ടെന്ന് ആവശ്യംവന്നാല്‍ ഇന്‍ഷുറന്‍സ് പോളിസി വായ്പയുടെ സഹായം തേടാം. എല്ലാ പോളിസികളിന്മേലും വായ്പ കിട്ടില്ല. പരമ്പരാഗത പോളിസികള്‍, യുലിപ് പോളിസികള്‍, സിംഗിള്‍ പ്രീമിയം പോളിസികള്‍ തുടങ്ങിയവയിന്മേല്‍ വായ്പ കിട്ടും. പോളിസിരേഖയില്‍ വായ്പാസൌകര്യം ലഭ്യമാണോ ഇല്ലയോ എന്നു വ്യക്തമാക്കിയിട്ടുണ്ടാകും. പോളിസിക്ക് സറണ്ടര്‍വാല്യു കിട്ടാവുന്ന നിലയിലുള്ള കാലാവധി പൂര്‍ത്തിയാക്കണം. ചില പോളിസികളില്‍ ഇത് മൂന്നുവര്‍ഷമാണ്. ഇത്തരത്തില്‍ യോഗ്യതയുള്ള പോളിസികളില്‍ സറണ്ടര്‍വാല്യുവിന്റെ 90 ശതമാനം തുകവരെയോ പെയ്ഡ് അപ് പോളിസികളില്‍ 85 ശതമാനംവരെയോ വായ്പ കിട്ടും. വായ്പയുടെ ചുരുങ്ങിയ കാലാവധി ആറുമാസമാണ്. പരമാവധി  പോളിസി കാലാവധിവരെയും. പലിശ 7.5 ശതമാനംമുതല്‍ വരും. പലിശ ആറുമാസം കൂടുമ്പോള്‍ കൃത്യമായി അടയ്ക്കണം. പരമാവധി ഒരുദിവസത്തിനുള്ളില്‍ വായ്പ കിട്ടും. അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫറായി വരികയാണ് പതിവ്. അതിനുള്ള കാലതാമസം ഉണ്ടായേക്കാം.

3. ഫിക്സഡ് ഡെപ്പോസിറ്റ് വായ്പ

ബാങ്കില്‍ സ്ഥിരനിക്ഷേപം ഇട്ടിട്ടുണ്ടെങ്കില്‍  അതിന്റെ ഈടില്‍ വായ്പയെടുക്കാം. ഫിക്സഡ് ഡെപ്പോസിറ്റ് പലിശനിരക്ക് എത്രയാണോ അതിനെക്കാള്‍ 1-2 ശതമാനം കൂടുതല്‍ നിരക്കില്‍ പലിശ നല്‍കണം എന്നുമാത്രം. ഫിക്സഡ് ഡിപ്പോസിറ്റിന്റെ 80-90 ശതമാനം തുകവരെ ഇങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ വായ്പ ലഭിക്കും.

4. ക്രെഡിറ്റ് കാര്‍ഡ് വായ്പ

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാം. ഇങ്ങനെ എടുക്കാവുന്ന പണത്തിന് പരിധിയുണ്ട്. പക്ഷേ പലിശ വളരെ കൂടുതലാകും. ട്രാന്‍സാക്ഷന്‍ ഫീസും ടാക്സും നല്‍കേണ്ടിവരും. തുകയുടെ രണ്ടുശതമാനം അല്ലെങ്കില്‍ 300 രൂപ ഇതില്‍ ഏതാണോ കൂടുതല്‍ ആ തുകയാണ് ട്രാന്‍സാക്ഷന്‍ ഫീസായി നല്‍കേണ്ടത്. പണമെടുത്ത തീയതിമുതല്‍ അത് തിരിച്ചടയ്ക്കുന്ന തീയതിവരെ പ്രതിമാസം 3.5 ശതമാനമാണ് പലിശ. വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ പലിശ 40.2 ശതമാനമാണ്. നിരക്കുകള്‍ കാര്‍ഡ് നല്‍കുന്ന കമ്പനി ഏതാണോ അതിനനുസരിച്ച് വ്യത്യാസപ്പെടും.

5. ഓഹരികളുടെ  ഈടിന്മേല്‍   വായ്പ

ഓഹരികളുടെ ഈടിന്മേല്‍ ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പ ലഭിക്കും. 11 ശതമാനംമുതല്‍ മുകളിലേക്ക് വാര്‍ഷികപലിശ നല്‍കണം. എപ്പോള്‍ വേണമെങ്കിലും തിരിച്ചടയ്ക്കാം. ഒരു കമ്പനിയുടെ ഓഹരിയാണെങ്കില്‍ അതിന്റെ അപ്പോഴത്തെ വിപണിവിലയുടെ 60 ശതമാനംവരെയും ഒന്നിലേറെ കമ്പനികളുടെ ഓഹരികളാണെങ്കില്‍ 50 ശതമാനംവരെയും വായ്പ കിട്ടും. ഓരോ ബാങ്കിനും പലിശനിരക്കും വായ്പാതുകയുടെ അളവും വ്യത്യസ്തമാകും. ബാങ്കുകള്‍ അംഗീകരിച്ച ഓഹരികളിലേ ഈ വായ്പ ലഭിക്കൂ. പരമാവധി ഒരുവര്‍ഷമാണ് വായ്പാ കാലാവധി.



deshabhimani section

Related News

View More
0 comments
Sort by

Home