മുഴങ്ങുന്നു; ആപത്തിന്റെ കൂട്ടമണികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2016, 10:41 AM | 0 min read

കലണ്ടറിലെ അവസാന താളും കടന്ന് ഡിസംബര്‍ വിടപറയാനൊരുങ്ങവെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തില്‍. എവിടെയും ആപത്തിന്റെ കൂട്ടമണിമുഴക്കം. ഒരു വീണ്ടുവിചാരവുമില്ലാതെ നോട്ട് അസാധുവാക്കിയതുമൂലം—രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളാകെ നിലച്ച മട്ടായി. മൊത്തം ആഭ്യന്തരോല്‍പ്പാദനം രണ്ടു ശതമാനത്തിലേറെ കുറയുമെന്ന് സാമ്പത്തികവിദഗ്ധരാകെ ഒരേസ്വരത്തില്‍ പറഞ്ഞുകഴിഞ്ഞു. ഇതിനുപുറമെ അടുത്തദിവസം പുറത്തുവന്ന~മറ്റു വിവരങ്ങള്‍കൂടി ചേര്‍ത്തുവച്ചാല്‍ സമ്പദ്വ്യവസ്ഥയുടെ ഇരുണ്ട ചിത്രം തെളിഞ്ഞുകാണാം. വ്യാപാരക്കമ്മി പെരുകുന്നു, രൂപയുടെ മൂല്യം ഇടിയുന്നു, ഓഹരികമ്പോളങ്ങളിലും തകര്‍ച്ച, പണമില്ലാതെ ബാങ്കുകള്‍ പ്രതിസന്ധിയില്‍,  സമ്പദ്വ്യവസ്ഥയുടെ ഔപചാരിക-അനൌപചാരിക മേഖലകളിലെല്ലാം ഉല്‍പ്പാദനം, ഉപഭോഗം, ഡിമാന്‍ഡ്, വില്‍പ്പന എന്നിവയൊക്കെ ഇടിഞ്ഞു എന്നിവയാണ് വര്‍ഷാന്ത്യമാകുമ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

25 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കാര്‍ന്നുതിന്നുന്ന “നവലിബറല്‍’നയങ്ങള്‍ സൃഷ്ടിച്ച മാരകരോഗങ്ങളാണ് ഇതിലേറെയും. ഇതിനുപുറമെയാണ് നവംബര്‍ എട്ടിന് ഒറ്റരാത്രികൊണ്ട്—പ്രധാനമന്ത്രി രാജ്യത്ത് സൃഷ്ടിച്ച ദുരന്തം. രാജ്യാന്തരവിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന സാഹചര്യവും പ്രതിസന്ധി രൂക്ഷമാക്കും.
നോട്ടിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞ ആ ദിവസം അടുത്തുവരികയാണ്- ഡിസംബര്‍ 30. പക്ഷേ, രാജ്യത്തെ സാധാരണക്കാര്‍ ഇപ്പോഴും അവരുടെ സ്വന്തം പണത്തിനുവേണ്ടി ബാങ്കുകള്‍ക്കുമുന്നില്‍ നിരനിരയായി നിന്ന് തളര്‍ന്നുവീഴുന്നു. നവംബര്‍ ഒമ്പതിനു പുലര്‍ച്ചെമുതല്‍ തുടങ്ങിയതാണ് ഈ—നില്‍പ്പ്. അസാധുവാക്കിയ നോട്ടുകളില്‍ നല്ലൊരുഭാഗവും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടും ജനങ്ങള്‍ക്ക് അവരുടെ സ്വന്തം പണം തിരിച്ചു നല്‍കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല, റിസര്‍വ് ബാങ്കിന് കഴിയുന്നില്ല. അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ബാങ്കുകളില്‍ തുറന്ന വാതിലുകള്‍ അടയ്ക്കാന്‍ ഇനിയും 10 ദിവസത്തിലേറെ ശേഷിക്കെ 12.44 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞുവെന്നാണ് ഡിസംബര്‍ 14ന് വെളിപ്പെട്ടത്.

അസാധുവാക്കിയത് 14.2 ലക്ഷം കോടി നോട്ടുകള്‍. ഇനിയുള്ള ദിവസങ്ങളില്‍ ബാക്കി നോട്ടുകള്‍ ഏതാണ്ട് മുഴുവനുംതന്നെ വാണിജ്യബാങ്കുകളില്‍ എത്തിയേക്കും. അതുവഴി റിസര്‍വ് ബാങ്കിലേക്കും. ഇതേസമയം, പിന്‍വലിച്ച നോട്ടുകള്‍ക്ക് സമാനമായ നോട്ടുകള്‍ അച്ചടിച്ച് സമ്പദ്വ്യവസ്ഥയിലെത്തിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടില്ല. 500 രൂപാ നോട്ടുകള്‍ ഒരിടത്തും കാര്യമായി കിട്ടാനില്ല. അത് ആവശ്യത്തിന് എത്തണമെങ്കില്‍ 2017 ജൂലൈവരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് റിസര്‍വ്ബാങ്ക്—തന്നെ സൂചിപ്പിക്കുന്നു. നോട്ട് അച്ചടിക്കാനുള്ള സെക്യൂരിറ്റി പ്രസ് എത്ര, അതിനാവശ്യമായ ആളുണ്ടോ, കടലാസുണ്ടോ, മഷിയുണ്ടോ എന്നൊന്നും നോക്കാതെ നോട്ട്നിരോധം നടപ്പാക്കിയതിന്റെ ദുരന്തം.

പണപ്രവാഹം നിലച്ചതോടെ വഴിയോര കാപ്പിക്കച്ചവടംമുതല്‍ പച്ചക്കറിക്കച്ചവടം, പൂ കച്ചവടം, തുണിനെയ്ത്ത്, തുണിവ്യവസായം, നിര്‍മാണമേഖല, വാഹനവ്യവസായം, കാര്‍ഷികമേഖല എന്നു വേണ്ട സമ്പദ്വ്യവസ്ഥയുടെ ഔപചാരിക-അനൌപചാരിക മേഖലകള്‍ ഒരുപോലെ സ്തംഭിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. തൊഴിലാളികളെ പിരിച്ചുവിടല്‍, കൂലി കൊടുക്കാനാവാത്ത സ്ഥിതി എന്നിവ മറുവശത്ത്. സംഭവിക്കേണ്ടതൊക്കെ സംഭവിച്ചു. അതിന് എന്തുചെയ്യും? നോട്ട്പ്രശ്നത്തിന് ഒറ്റ ഉത്തരം. സമ്പദ്വ്യവസ്ഥയിലേക്ക് പണം എത്തണം. അതിനാവശ്യമായ പണം ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ പക്കല്‍ ഇല്ല. എന്ന് എത്തിക്കാനാവുമെന്ന് ഉറപ്പുമില്ല. ഈ സാമ്പത്തിക ദുരന്തം കണ്ട് കേന്ദ്രസര്‍ക്കാര്‍ കൈയുംകെട്ടിയിരിക്കുന്നു. പ്രധാനമന്ത്രിക്ക് ഉത്തരമില്ല, ധനമന്ത്രിക്കും റിസര്‍വ് ബാങ്ക്—ഗവര്‍ണര്‍ക്കും ഉത്തരമില്ല. അപ്പോള്‍ ഒരു പരിഹാരവുമില്ലേ? ഈ ചോദ്യത്തിന് ഒരുകൂട്ടം സാമ്പത്തികവിദഗ്ധര്‍ കൃത്യമായി മറുപടിപറയുന്നുണ്ട്.

അവര്‍ പറയുന്നു: സര്‍ക്കാര്‍ പ്രഖ്യാപിച്ച പരീക്ഷണത്തിന്റെ കാലാവധി ഡിസംബര്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ അസാധുവാക്കിയ നോട്ടുകള്‍ 2017 ജനുവരി ഒന്നുമുതല്‍ പുനഃസ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണാം. അസാധുവാക്കിയ നോട്ടുകളില്‍ നല്ലൊരു ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയല്ലോ. ബാക്കിയുള്ളവ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതില്‍ കാര്യമായ കള്ളപ്പണമൊന്നുമില്ല. അപ്പോള്‍, നിരോധം നീക്കി പഴയ നോട്ടുകള്‍ പ്രാബല്യത്തിലാക്കിയാല്‍ എന്തു കുഴപ്പം.
നോട്ട്പ്രതിസന്ധിക്കു പുറമെയാണ് മറ്റു പ്രശ്നങ്ങള്‍. രാജ്യത്തിന്റെ വ്യാപാരക്കമ്മി പെരുകുന്നുവെന്നതാണ് അതിലൊന്ന്. നവംബറില്‍ വ്യാപാരക്കമ്മി 1300 കോടി ഡോളറായി. 2015 ജൂലൈക്ക് ശേഷം ഏറ്റവും ഉയര്‍ന്ന കമ്മിയാണിത്. വ്യാപാരക്കമ്മി കൂടുകയെന്നുപറഞ്ഞാല്‍ കയറ്റുമതിയെക്കാള്‍ കൂടുതല്‍ ഇറക്കുമതിയെന്നര്‍ഥം. അതായത് നമ്മള്‍ പുറത്തേക്ക് വില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ പുറത്തുനിന്ന് വാങ്ങുന്നു.

ഓഹരി-പണ കമ്പോളത്തില്‍നിന്ന് താല്‍ക്കാലിക വിദേശനിക്ഷേപകര്‍ പിന്‍വാങ്ങാന്‍ ഇടയ്ക്കിടെ ശ്രമിക്കുന്നത്—രൂപയുടെ വിനിമയമൂല്യം ഇടിയുന്നതിനും ഓഹരിത്തകര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്. നോട്ട് പ്രതിസന്ധിയും അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് നേരിയതോതില്‍ വര്‍ധിപ്പിച്ചതും വിദേശപണത്തിന്റെ പിന്മാറ്റത്തിനു കാരണമാകുന്നുണ്ട്. എണ്ണ കയറ്റുമതിരാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത് എണ്ണവില കൂടാന്‍ സാഹചര്യമൊരുക്കി. പൊതുവില്‍ എല്ലാംകൂടി എരിതീയില്‍ എണ്ണയൊഴിക്കുന്ന സാഹചര്യം.



deshabhimani section

Related News

View More
0 comments
Sort by

Home