മാന്ദ്യം വിഴുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2016, 05:43 AM | 0 min read

രാമന്‍നായര്‍ക്ക് ഒരു ഹോട്ടലുണ്ട്. അതുകൊണ്ടാണ് ജീവിതം. തൊഴിലാളികളും ജീവനക്കാരുമൊക്കെയായി കുറച്ചുപേര്‍ അവിടെനിന്ന് സ്ഥിരമായി കാപ്പിയും ഊണുമെല്ലാം കഴിച്ചു. നോട്ട് പിന്‍വലിച്ച് ആരുടെയും കൈയില്‍ പണമില്ലാതായതോടെ ആളുകളുടെ വരവ് കുറഞ്ഞു. അതോടെ രാമന്‍നായരുടെ ചെലവും വരുമാനവും ഇടിഞ്ഞു. വരുമാനം കുറഞ്ഞപ്പോള്‍ കടയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചു. കുറച്ചുപേര്‍ക്ക് പണി പോയി. രാമന്‍നായര്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങിയിരുന്ന മറ്റ് കടക്കാരും ഉല്‍പ്പാദകരും കുഴപ്പത്തിലായി. രാമന്‍നായര്‍ വാങ്ങല്‍ കുറച്ചപ്പോള്‍ അവരുടെ വരുമാനവും കുറഞ്ഞു. അപ്പോള്‍, രാമന്‍നായരുടെ കട പ്രതിസന്ധിയിലായപ്പോള്‍ രാമന്‍നായര്‍ മാത്രമല്ല കുഴപ്പത്തിലായത്.

ഇനി പണം എത്തിയാല്‍തന്നെ ഇത്രയും ദിവസം കഴിക്കാതിരുന്ന ഊണും കാപ്പിയും ആരും ഇനി ഒരുമിച്ച് കഴിക്കില്ലല്ലോ. നഷ്ടപ്പെട്ട ആ വില്‍പ്പന ഇനി തിരിച്ചുപിടിക്കാനാവില്ലെന്നു ചുരുക്കം. രാമന്‍നായരും മറ്റുള്ളവരും കരകയറാന്‍ ദിവസങ്ങളേറെ വേണ്ടിവരും. ഒരു ടിവിയോ ഫ്രിഡ്ജോ ഇപ്പോള്‍ വേണ്ടെന്നുവച്ചവര്‍ പിന്നീട് വാങ്ങിയേക്കാം. പക്ഷേ, രാമന്‍നായരെപ്പോലുള്ള അനേകരുടെ കാര്യത്തില്‍ അതു നടക്കില്ലല്ലോ. പോയത് പോയതുതന്നെ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയാകെ ഇങ്ങനെ കൂട്ടക്കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ്. എവിടെയും അപകടത്തിന്റെ, സാമ്പത്തിക മാന്ദ്യത്തിന്റെ കൂട്ടമണി മുഴങ്ങുന്നു.

പ്രത്യാഘാതങ്ങളെക്കുറിച്ച്, സങ്കീര്‍ണതകളെക്കുറിച്ച് ഒരു ആലോചനയുമില്ലാതെ, ഒരാസൂത്രണവുമില്ലാതെ പ്രചാരത്തിലുള്ള മൊത്തം കറന്‍സിയുടെ 86 ശതമാനം പിന്‍വലിച്ചതോടെ രൂപപ്പെട്ട പ്രതിസന്ധി സമ്പദ്വ്യവസ്ഥയിലാകെ പടരുന്നു. പണത്തിന്റെ ചുരുക്കം അഥവാ വിനിമയം കുറഞ്ഞാല്‍ സാമ്പത്തികപ്രവര്‍ത്തനങ്ങളാകെ മരവിക്കുമെന്നത് ലളിതമായ സാമ്പത്തികശാസ്ത്രം മാത്രം. ഉല്‍പ്പദാനം, ഉപഭോഗം, മുതല്‍മുടക്ക്, തൊഴില്‍, സാധനങ്ങളുടെ ഡിമാന്‍ഡ് എന്നിവയെ എല്ലാം ഇത് ബാധിക്കും. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ തകര്‍ച്ച അവിടെ മാത്രം ഒതുങ്ങില്ല. എല്ലാ മേഖലയെയും ബാധിക്കും. അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നത്. മാന്ദ്യം പടരുകയാണ്.

അമേരിക്കയില്‍ മുപ്പതുകളില്‍ ഒരു സാധാരണ മാന്ദ്യം മഹാമാന്ദ്യമായി മാറിയതില്‍ പണച്ചുരുക്കത്തിന് വലിയൊരു പങ്കുണ്ട്. അവിടെ 1929നും 1933നും ഇടയിലുള്ള കാലയളവില്‍ സമ്പദ്വ്യവസ്ഥയില്‍ പണത്തിന്റെ അളവ് മൂന്നിലൊന്ന് കുറഞ്ഞിരുന്നു. അമേരിക്കയില്‍ അന്നുണ്ടായ പണച്ചുരുക്കവും ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പാക്കിയ കറന്‍സി നിരോധവും ഒന്നല്ലെങ്കിലും രണ്ടിന്റെയും ഫലം ഒന്നുതന്നെ. പ്രചാരത്തിലുള്ള മൊത്തം കറന്‍സിയുടെ 86 ശതമാനം പിന്‍വലിക്കുകയാണ് ഇവിടെ ചെയ്തത്. ഇത് ശരിയായ രീതിയില്‍ പുനഃസ്ഥാപിക്കാന്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇപ്പോള്‍ സംഭവിച്ച് പണത്തിന്റെ കുറവ് സമ്പദ്വ്യവസ്ഥയില്‍ ചെലുത്തിയ ആഘാതം എത്രയെന്നറിയാനും സമയമെടുക്കും.  

സമ്പദ്വ്യവസ്ഥയുടെ അനൌപചാരിക മേഖലകളിലെല്ലാം ഇപ്പോള്‍തന്നെ ഉല്‍പ്പാദന പ്രക്രിയയാകെ നിലച്ചു. കൂലിയില്ല, വരുമാനമില്ല, സാധനങ്ങള്‍ക്കൊന്നും ആവശ്യക്കാരില്ല (ഡിമാന്‍ഡ് കുറഞ്ഞു). ചില മേഖലകളില്‍ ഉല്‍പ്പാദനവും ഉപഭോഗവും കുറഞ്ഞാല്‍ അത് പിന്നീട് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ സംഭവിച്ച നഷ്ടം ഇനി നികത്താന്‍കഴിയാത്ത അനേകം മേഖലകളുണ്ട്. നോട്ട് പിന്‍വലിക്കല്‍ ഒട്ടേറെ മേഖലകളുടെ വരുമാനം ഇല്ലാതാക്കി. സമ്പദ്വ്യവസ്ഥയുടെ 45 ശതമാനത്തിലേറെ വരുന്ന അനൌപചാരിക മേഖലയില്‍ 20 ശതമാനം ഡിമാന്‍ഡ് കുറഞ്ഞാല്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ ഒമ്പതു ശതമാനം കുറവുണ്ടാകുമെന്നാണ് ഒരു കണക്ക്. ഡിമാന്‍ഡ് 50 ശതമാനത്തിലേറെ കുറയുമെന്ന് വിലയിരുത്തലുണ്ട്.

ഇതോടൊപ്പം കാര്‍ഷികമേഖലയിലും തകര്‍ച്ചയാണ്. അവിടെയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയുന്നില്ല. ഇതുമൂലം വരുമാനം കുറയുന്നു. സമ്പദ് വ്യവസ്ഥയുടെ ഔപചാരിക മേഖലയിലും കുഴപ്പം വ്യാപകമാകുന്നുണ്ട്. ചരക്കുകളുമായി ട്രക്കുകളുടെ ഓട്ടം കുറഞ്ഞതില്‍നിന്നുതന്നെ അത് വ്യക്തം. ഉല്‍പ്പാദനവും കൂലിയും വരുമാനവും എല്ലാം കുറയുന്നതോടെ ബാങ്കുകളില്‍നിന്നെടുത്ത വായ്പകളുടെ തിരിച്ചടവും മുടങ്ങും. അപ്പോള്‍ ബാങ്കുകളും പ്രശ്നത്തിലാകും. മൊത്തത്തില്‍ കൂട്ടക്കുഴപ്പം. എന്നു തീരുമെന്ന് ആര്‍ക്കും നിശ്ചയവുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home