യുഡിഎഫ് അങ്ങിനെ തീരുമാനിച്ചിട്ടില്ല; സംയുക്ത സമരത്തിനില്ലെന്ന് വീണ്ടും സുധീരന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2016, 07:51 AM | 0 min read

തിരുവനന്തപുരം> സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് എല്‍ഡിഎഫുമായി സംയുക്ത സമരത്തിനില്ലെന്ന്  വീണ്ടും കെപിസിസി പ്രസിഡന്റ്  വി എം സുധീരന്‍. യോജിച്ച സമരത്തിന് തയ്യാറാണെന്ന് യുഡിഎഫ് യോഗം ചേര്‍ന്ന നിലപാടെടുത്ത ശേഷമാണ് സുധീരന്‍ ആ തീരുമാനത്തെ തള്ളിയത്.

 യോജിച്ച സമരത്തിന് തയ്യാറാണെന്ന്  യുഡിഎഫ് യോഗം തീരുമാനമെടുത്തതായി പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേരളം ഒറ്റക്കെട്ടായി സമരത്തിനിറങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.  എന്നാല്‍ പിന്നീട് യോഗത്തില്‍ നിന്നും പുറത്തിറങ്ങിയ വി എം സുധീരന്‍ ഇത് നിഷേധിക്കുകയും അത്തരം ഒരു തീരുമാനം യോഗത്തില്‍ എടുത്തിട്ടില്ല എന്ന് പറയുകയുമായിരുന്നു.നേരത്തെയും സുധീരന്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സഹകരണ മേഖലയിലെ പ്രതിസന്ധിയെ കുറിച്ച് ഇന്ന് ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായാണ് യുഡിഎഫ് യോഗം ചേര്‍ന്നത്.

അതേസമയം രാവിലെ യോഗത്തില്‍ സുധീരനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സുധീരന്റെ നിലപാടിനെ മുസ്ലീം ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവും രൂക്ഷമായി എതിര്‍ത്തു. ഒന്നോ രണ്ടോ ആളുകളല്ല കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടതെന്നും സമരത്തെ കുറിച്ചാലോചിക്കാന്‍ ഹൈപവര്‍ കമ്മിറ്റി കൂടണമായിരുന്നുവെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. പൊതുവായ പ്രശ്നത്തിന് യോജിച്ച സമരമാണ് വേണ്ടതെന്ന് ലീഗും നിലപാടെടുത്തു.

എന്നാല്‍ സുധീരന്‍ വീണ്ടും ഇക്കാര്യം നിഷേധിക്കുയായിരുന്നു. ഇതോടെ യുഡിഎഫിലും കോണ്‍ഗ്രസിനുള്ളിലുമുള്ള ചേരിതിരിവ് മറനീക്കി പുറത്തുവന്നു. യുഡിഎഫ് എടുത്ത ഒരു തീരുമാനത്തെ യുഡിഎഫിലെ പ്രബല കക്ഷിയുടെ പ്രസിഡന്റ് തള്ളി പറയുകയാണ് ഉണ്ടായത്. യോജിച്ച നിലപാടെടുക്കാന്‍ യോഗത്തിന് മുമ്പ് സുധീരനുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടികാഴ്ച നടത്തിയിരുന്നു. എന്നാല്‍ യോഗം അഞ്ച് നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ടെന്നും ഇതിലൊന്നും പരിഹാരമായില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസ് യോഗവും യുഡിഎഫ് യോഗവും ചേര്‍ന്ന ശേഷമേ യോജിച്ച സമരത്തെ കുറിച്ചും ആലോചിക്കുയുള്ളൂവെന്നാണ് സുധീരന്‍ വ്യക്തമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Home