വിലക്കയറ്റത്തോത്‌ 6.21 ശതമാനമായി വര്‍ധിച്ചു ; 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 11:43 PM | 0 min read


കൊച്ചി
രാജ്യത്തെ ചില്ലറ വിൽപ്പനമേഖലയിൽ വിലക്കയറ്റത്തോത്‌ (പണപ്പെരുപ്പ നിരക്ക്‌) 6.21 ശതമാനമായി വർധിച്ചു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾപ്രകാരം ഒക്ടോബറിൽ ഉപഭോക്തൃവില  അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോതാണ്‌ (സിപിഐ) 6.21 ശതമാനമായി ഉയർന്നത്‌. 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്തംബറിൽ 5.49ഉം ആ​ഗസ്തിൽ 3.65ഉമായിരുന്നു വിലക്കയറ്റത്തോത്‌.

ഭക്ഷ്യോൽപ്പന്ന മേഖലയിലെ വിലക്കയറ്റമാണ്‌ ഇതിന്‌  പ്രധാന കാരണമായതെന്നാണ്‌ ദേശീയ സ്ഥിതിവിവരക്കണക്ക്‌ ഓഫീസിന്റെ വിലയിരുത്തൽ. മൂന്നുമാസത്തിനുള്ളിൽ ചില്ലറ വിൽപ്പനവില സൂചിക  അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 2.56 ശതമാനമാണ് വർധിച്ചത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ചില്ലറ വിലക്കയറ്റം 4.87 ശതമാനമായിരുന്നു.ഉപഭോക്തൃവില  അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 10.87 ശതമാനമായി കുതിച്ചുയർന്നു. സെപ്തംബറിൽ ഭക്ഷ്യ വിലക്കയറ്റം 9.24 ശതമാനം, ആ​ഗസ്തിൽ 5.66, ജൂലൈയിൽ 5.42 എന്നിങ്ങനെയായിരുന്നു. നാലുമാസത്തിനുള്ളിൽ വർധന 5.45 ശതമാനം.

​ഗ്രാമീണമേഖലയിൽ സെപ്തംബറിൽ 9.08 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം ഒക്ടോബറിൽ 10.69 ശതമാനമായും ന​ഗരമേഖലയിൽ 9.56 ശതമാനമായിരുന്നത് 11.09 ശതമാനമായും ഉയർന്നു. ആ​ഗസ്തിൽ 10.71 ശതമാനമായിരുന്ന പച്ചക്കറി വിലക്കയറ്റനിരക്ക് 42.18 ശതമാനമായാണ് വർധിച്ചത്. സെപ്തംബറിൽ 35.99 ശതമാനമായിരുന്നു. മുട്ട (4.87), പാൽ,  പാലുൽപ്പന്നങ്ങൾ (2.97), പയർവർ​ഗങ്ങൾ (7.43) എന്നിവയുടെ  നിരക്കിൽ മുൻമാസത്തേക്കാൾ നേരിയ കുറവുണ്ട്. എന്നാൽ, മീൻ–-മാംസം വിലക്കയറ്റം 2.66ൽനിന്ന്‌ 3.17 ശതമാനമായി.

സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് വിലക്കയറ്റത്തോത്‌ നാല് ശതമാനത്തിൽ നിൽക്കണമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഭക്ഷ്യോൽപ്പന്ന വിലക്കയറ്റവും വിലക്കയറ്റത്തോതും ഉയർന്നുനിൽക്കുന്നതിനാൽ തുടർച്ചയായി പത്താംതവണയും പലിശനിരക്കിൽ മാറ്റമില്ലാതെയാണ് റിസർവ് ബാങ്ക് ഒക്ടോബറിൽ പണനയം പ്രഖ്യാപിച്ചത്.

 



deshabhimani section

Related News

View More
0 comments
Sort by

Home