യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ 88.19ലാണ് വ്യാപാരം അവസാനിച്ചത്. എക്കാലത്തെയും താഴ്ന്ന നിലയിലാണ് മൂല്യം രേഖപ്പെടുത്തിയത്. മൂല്യം 88 എന്ന നിലയിലേക്ക് താഴ്ന്നതും ആദ്യമായാണ്.
ഇന്തോ-യുഎസ് വ്യാപാര കരാർ സംഘർഷങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് 61 പൈസയുടെ കുത്തനെ ഇടിവ് രേഖപ്പെടുത്തി. അമ്പത് ശതമാനം പ്രതികാര തീരുവ അടിച്ചേല്‍പ്പിച്ചതും, വിദേശ ഫണ്ടുകളുടെ തുടർച്ചയായ ഒഴുക്കും മാസാവസാന ഡോളറിന്റെ ആവശ്യകതയും രൂപയുടെ മൂല്യം ഇടിയാൻ കാരണമായതായി നിരീക്ഷകർ പറയുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 87.73ലാണ് ആരംഭിച്ചത്. തുടർന്ന് വില 88.33ലേക്ക് താഴ്ന്നു. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 87.58 ലാണ് അവസാനിച്ചത്. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 87.95 ആയിരുന്നു ഇതിനുമുൻപത്തെ ഏറ്റവും വലിയ താഴ്ച.
യുഎസ് വ്യാപാര നയങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. റഷ്യൻ ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യക്കുമേൽ അമേരിക്ക 25 ശതമാനം അധികതീരുവ അടിച്ചേൽപ്പിച്ചത്.
ടെക്‌സ്റ്റൈൽസ്, തുകൽ, ആഭരണം, സമുദ്രോൽപ്പന്നം തുടങ്ങി പ്രധാന കയറ്റുമതി മേഖലകളിലായി ലക്ഷക്കണക്കിന് തൊഴിൽ നഷ്‌ടമാകാനും ജിഡിപി ഇടിവിനും ഉയര്‍ന്ന തീരുവ കാരണമാകുമെന്നാണ് നിരീക്ഷണം. ട്രംപ് ഭരണകൂടത്തിന്റെ പ്രതികാരത്തീരുവ സൃഷ്‌ടിക്കുന്ന ആഘാതം ചെറുക്കാൻ ഒരു നടപടിയും മോദി സർക്കാർ സ്വീകരിച്ചില്ലെന്ന വിമർശനവും ശക്തമാണ്.
ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതിയുടെ 66 ശതമാനത്തെയും ഉയർന്ന തീരുവ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 18 ശതമാനം അമേരിക്കയിലേക്കാണ്. അതോടെ താരിഫ് പ്രഹരം രൂപയുടെ മൂല്യമിടിയാൻ കാരണമായെന്നാണ് വിലയിരുത്തൽ.









0 comments