പ്രതികാര ചുങ്കത്തിൽ തകർന്ന് അമേരിക്കൻ സമ്പദ്‌ഘടന

photo credit: X
കെ ബി ഉദയ ഭാനു
Published on Apr 07, 2025, 10:20 AM | 2 min read
ആഗോള വിപണികളെ കൈപിടിയിൽ ഒതുക്കാൻ അമേരിക്ക നടത്തിയ നീക്കം തുടക്കത്തിൽ തന്നെ പാളിയതോടെ ഡൗ ജോൺസ്, എസ് ആന്റ് പി ഇൻഡക്‌സുകളിൽ വിളളൽ. അമേരിക്ക ഇറക്കുമതി താരീഫുകൾ കുത്തനെ ഉയർത്തി കരുത്ത് കാണിക്കാൻ നടത്തിയ നീക്കങ്ങൾക്ക് മുന്നിൽ പല രാജ്യങ്ങളും പതറിയെങ്കിലും ചോരയ്‌ക്ക് ചോരയെന്ന നിലപാടിൽ ചൈന ഉയർന്ന താരീഫുകൾ പ്രഖ്യാപിച്ച് കൊണ്ടുള്ള അപ്രതീക്ഷിത തിരിച്ചടി നൽകിയത് രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളെ യു എസ് മാർക്കറ്റിലും വിൽപ്പനക്കാരാക്കി. വാരാന്ത്യം ഡൗ സൂചിക 2200 പോയിൻറ്റ് ഇടിഞ്ഞപ്പോൾ എസ് ആന്റ് പി സൂചികയ്‌ക്ക് പത്ത് ശതമാനം തകർച്ച.
ട്രംപിൻെറ തുഗ്‌ളക്ക് പരിഷ്‌കാരങ്ങൾ അവരുടെ സമ്പദ്‌ഘടനയിൽ ഇതിനകം തന്നെ വൻ വിള്ളലുളവാക്കി. കനത്ത സാമ്പത്തിക പ്രതിസന്ധിലേയ്‌ക്ക് യു എസ് നീങ്ങുമെന്ന സൂചനയാണ് വിപണി വിദഗ്‌ധരിൽ നിന്നും ലഭ്യമാവുന്ന വിവരം. നാണയപ്പെരുപ്പം മാത്രമല്ല, തൊഴിലില്ലാമയും വിലക്കറ്റവും അവരെ പിടികൂടി കഴിഞ്ഞത് വിരൽ ചൂണ്ടുന്നത് സാമ്പത്തിക മാന്ദ്യത്തിലേയ്‌ക്കാണ്. രാജ്യാന്തര ക്രൈഡിറ്റ് റേറ്റിങ് ഏജൻസികൾ അമേരിക്കൻ മാർക്കറ്റിന്റെ ചലനങ്ങൾ അടിമുടി നിരീക്ഷിക്കുകയാണ്. പുതുക്കിയ താരീഫുകൾ കണക്കിലെടുത്താൽ ഇറക്കുമതി ചുരുങ്ങുമെന്നത് വിലക്കയറ്റതോത് വരും മാസങ്ങളിൽ ഇരട്ടിപ്പിക്കും. പ്രത്യേകിച്ച് ഈസ്‌റ്റർ ആഘോഷങ്ങൾക്ക് അമേരിക്കൻ ജനത തയ്യാറെടുക്കുന്ന ഈ സന്ദർഭത്തിൽ.
ഏഷ്യൻ‐യൂറോപ്യൻ മാർക്കറ്റുകളും വാരാന്ത്യം വിൽപ്പന സമ്മർദ്ദത്തിലായിരുന്നു. പിന്നിട്ടവാരം ഇന്ത്യൻ ഇൻഡക്‌സുകൾ രണ്ടര ശതമാനത്തിൽ അധികം ഇടിഞ്ഞു. സെൻസെക്‌സ് 2050 പോയിന്റും നിഫ്‌റ്റി സൂചിക 614 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്. സെൻസെക്‌സ് 77,414 പോയിന്റിൽ നിന്നും മുന്നേറാൻ ശ്രമം നടത്തിയ അവസരത്തിൽ വിദേശ ഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികളിൽ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദം വിപണിയെ അടിമുടി പിടിച്ച് ഉലച്ചു. വിൽപ്പന തരംഗത്തിൽ സൂചിക 75,240 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം മാർക്കറ്റ് ക്ലോസിങിൽ 75,364 പോയിന്റിലാണ്. നിഫ്‌റ്റി സൂചിക 23,519 പോയിൻറ്റിൽ നിന്നും 23,548 വരെ ഉയർന്ന വേളയിലാണ് വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്‌ക്ക് തിടുക്കം കാണിച്ചത്. ഇതോടെ സമ്മർദ്ദത്തിലായ സൂചിക 22,857ലേയ്‌ക്ക് ഇടിഞ്ഞ ശേഷം മാർക്കറ്റ് ക്ലോസിങിൽ 22,904 പോയിന്റിലാണ്. നിഫ്‌റ്റി ഈ വാരം 22,658 ലെ സപ്പോർട്ട് നിലനിർത്തിയാൽ തിരിച്ചു വരവിൽ 23,349 - 23,794 പോയിന്റിനെ ലക്ഷ്യമാക്കും. എന്നാൽ ആദ്യം താങ്ങ് നിലനിർത്താനായില്ലെങ്കിൽ സൂചിക 22,500 - 22,412 ലേയ്‌ക്ക് തിരുത്തൽ തുടരും. നിഫ്‌റ്റി ഏപ്രിൽ ഫ്യൂചർ കഴിഞ്ഞവാരം മൂന്ന് ശതമാനം തിരിച്ചടിനേരിട്ട് 22,958 ലേയ്‌ക്ക് ഇടിഞ്ഞു. ഏപ്രിൽ ഫ്യൂചർ ഓപ്പൺ ഇൻറ്ററസ്‌റ്റ് 125 ലക്ഷം കരാറിൽ നിന്നും 139.4 ലക്ഷം കരാറായി ഉയർന്നത് പുതിയ വിൽപ്പനക്കാരുടെ കടന്ന് വരവിൻെറ സൂചനയായും വിലയിരുത്താം.
ബി എസ് ഇ ലാർജ് ക്യാപ്, മിഡ് ക്യാപ് സൂചികകൾ രണ്ടര ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾ ക്യാപ് സൂചികയ്‌ക്കും തളർച്ച നേരിട്ടു. അഞ്ച് വർഷം മുമ്പ് കോവിഡ് കാലയളവിൽ സംഭവിച്ച തകർച്ചയെ അനുസ്‌മരിക്കും വിധം നിഫ്‌റ്റി ഐടി ഇൻഡക്‌സിൽ ഒമ്പത് ശതമാനം തകർച്ച സംഭവിച്ചു. നിഫ്റ്റി മെറ്റൽ സൂചിക ഏഴര ശതമാനവും ഓയിൽ ആന്റ് ഗ്യാസ് സൂചിക നാല്‌ശതമാനവും റിയാലിറ്റി, ഓട്ടോകൾ മൂന്ന് ശതമാനവും തളർന്നു. മുൻ നിര ഐ ടി ഓഹരിയായ എച്ച് സി എൽ ടെക്, ടാറ്റാ സ്‌റ്റീൽ, ടാറ്റാ മോട്ടേഴ്‌സ്, ഇൻഫോസീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐടിസി, എൽആന്റ്‌ടി, എച്ച്‌യുഎൽ, സൺ ഫാർമ്മ, ആർഐഎൽ, എംആന്റ്‌എം, മാരുതി ഓഹരി വിലകൾ താഴ്‌ന്നു.
രൂപയുടെ മൂല്യം വീണ്ടും ഉയർന്നു. മുൻവാരത്തിലെ 85.48 ൽ നിന്നും 84.90 ലേയ്‌ക്ക് മികവ് കാണിച്ച ശേഷം വ്യാപാരാന്ത്യം 85.22 ലാണ്. റിസർവ് ബാങ്ക് വായ്‌പ്പാ അവലോകനത്തിനായി ഒത്തു ചേരുകയാണ്. പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് ഒരുങ്ങിയാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ രൂപയുടെ മൂല്യത്തിൽ വൻ ചാഞ്ചാട്ട സാധ്യത.
ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞവാരം 1720 കോടി രൂപയുടെ വിൽപ്പനയും 7352 കോടി രൂപയുടെ നിക്ഷേപവും നടത്തി. വിദേശ ഫണ്ടുകൾ മൊത്തം 13,730.49 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. മഹാവീര ജയന്തി പ്രമാണിച്ച് വ്യാഴാഴ്‌ച്ച വിപണി അവധിയായതിനാൽ മുൻ വാരത്തിലെന്ന പോലെ ഈ വാരവും ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും.









0 comments