Deshabhimani

2025 എവിടെ എങ്ങിനെ നിക്ഷേപിക്കും ?

HOME

HOME

avatar
കെ അരവിന്ദ്

Published on Dec 31, 2024, 12:06 PM | 3 min read

ലോകം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ നിക്ഷേപകർക്കുമുന്നിലുള്ള ഒരു പ്രധാന ചോദ്യം പുതിയ വർഷത്തിൽ എവിടെ നിക്ഷേപിക്കണം എന്നതായിരിക്കും. ആ​ഗോളതലത്തിൽത്തന്നെ സാമ്പത്തികനയങ്ങളും വ്യാപാരനയങ്ങളുമൊക്കെ മാറിമറിയുകയാണ്. ഓഹരിവിപണി, സ്വർണം തുടങ്ങിയ മേഖലകളിൽ നിക്ഷേപിച്ചവർക്ക്‌ മികച്ച നേട്ടം ലഭിച്ച വർഷമാണ്‌ 2024. ഓഹരി സൂചികയായ നിഫ്‌റ്റി ഏകദേശം 10 ശതമാനം ഉയർന്നപ്പോൾ സ്വർണവിലയിലുണ്ടായ മുന്നേറ്റം ഏകദേശം 20 ശതമാനമാണ്‌. 2025ലേക്ക്‌ കടക്കുമ്പോൾ ഈ ആസ്‌തി മേഖലകൾ തുടർന്നും മികച്ച നേട്ടം നൽകുമോയെന്ന ആശങ്കയുണ്ടാകുക സ്വാഭാവികമാണ്. ബാങ്ക്‌ സ്ഥിരനിക്ഷേപങ്ങൾപോലുള്ള നിശ്ചിത വരുമാന മാർഗങ്ങളിൽ നിക്ഷേപിക്കുന്നവർക്കുമുന്നിൽ പലിശനിരക്ക്‌ താഴാൻ തുടങ്ങുകയാണെങ്കിൽ എന്തുചെയ്യണമെന്ന ചോദ്യവുമുണ്ട്‌.


ഓഹരിയിൽ 
വൻ പ്രതീക്ഷ വേണ്ട


2024 സെപ്‌തംബർ അവസാനം ഓഹരി സൂചികകളായ നിഫ്‌റ്റിയും സെൻസെക്‌സും എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിയശേഷം വിപണി കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ്‌ കടന്നുപോയത്‌. 2025ലെ ആദ്യപകുതിയിലെങ്കിലും ചാഞ്ചാട്ടപ്രവണത തുടരാനാണ്‌ സാധ്യത.

ഓഹരികളുടെ അടിസ്ഥാനമേന്മ എത്രത്തോളമുണ്ടെന്നും മൂല്യം ന്യായമാണോയെന്നും വേണ്ടവിധം പരിശോധിക്കാതെയുണ്ടായ "റാലി'ക്കാണ് സമീപകാലത്ത് വിപണി സാക്ഷ്യംവഹിച്ചത്. അതിനാൽ ഉയർന്ന നിലയിൽ നിൽക്കുമ്പോൾ ഇടിവ്‌ നേരിട്ട എല്ലാ ഓഹരികളും സമീപഭാവിയിൽ വീണ്ടും പഴയ ഉയർന്ന വിലയിലേക്ക്‌ തിരികെയെത്തുമെന്ന്‌ പ്രതീക്ഷിക്കാനാകില്ല. അതുപോലെ എല്ലാ മേഖലകളും കൂട്ടമായി പങ്കെടുക്കുന്ന മുന്നേറ്റവും 2025ൽ പ്രതീക്ഷിക്കാനാകില്ല. വിപണി ഒരു "റേഞ്ചി'നുള്ളിൽ നിന്നുകൊണ്ട്‌ വ്യാപാരം ചെയ്യാനാണ്‌ സാധ്യത. അതുകൊണ്ടുതന്നെ 2025ൽ ഓഹരിനിക്ഷേപം നടത്തുന്നവർ ഓഹരികളുടെയും വിവിധ സെക്‌ടറുകളുടെയും തെരഞ്ഞെടുപ്പിൽ ഏറെ സൂക്ഷ്‌മത പാലിക്കേണ്ടതുണ്ട്‌.


പരി​ഗണിക്കണം ഇടിയുന്ന 
സാമ്പത്തികവളർച്ച


രാജ്യത്തിന്റെ സാമ്പത്തികവളർച്ച ഓഹരിവിപണിയുടെ ​ഗതി നിർണയിക്കുന്ന പ്രധാന ഘടകമാകും. നടപ്പ് സാമ്പത്തികവർഷം രണ്ടാംപാദത്തിൽ മൊത്ത ആഭ്യന്തരോൽപ്പാദന (ജിഡിപി) വളർച്ച കുറഞ്ഞതും കമ്പനികളുടെ പ്രവർത്തനഫലം പൊതുവെ മോശമായതും സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളെയാണ്‌ സൂചിപ്പിക്കുന്നത്‌. വ്യാപാരകമ്മി വർധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ ബാരോമീറ്റർ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഓഹരിവിപണിയിൽ ഈ പ്രശ്‌നങ്ങളൊക്കെ പ്രതിഫലിപ്പിക്കപ്പെടും.


തിരുത്തലുകളിൽ 
എന്തു ചെയ്യണം?


ഓഹരിവിലകൾ താഴുമ്പോൾ മികച്ച ഓഹരികൾ പലഘട്ടങ്ങളിലായി വാങ്ങുക എന്ന രീതിയാകണം നിക്ഷേപകർ സ്വീകരിക്കേണ്ടത്‌. ഓഹരികൾ തെരഞ്ഞെടുക്കാനുള്ള പ്രാഗല്‌ഭ്യമോ അതിനെക്കുറിച്ച്‌ പഠിക്കാനുള്ള സമയമോ ഇല്ലാത്തവർ മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക്‌ ഇൻവെസ്റ്റ്‌മെന്റ്‌ പ്ലാൻ (എസ്‌ഐപി) വഴി നിക്ഷേപിക്കുന്നതാകും ഉചിതം.


വിപണിയിൽ ചാഞ്ചാട്ടം ശക്തമാകുന്ന വേളകളിൽ സാധാരണ നിക്ഷേപകർക്ക്‌ റിസ്‌ക്‌ താരതമ്യേന കുറഞ്ഞ രീതിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണ്‌ എസ്‌ഐപി. ഇതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാം.


സ്വർണം 
തിളങ്ങുമ്പോൾ


സ്വർണവില 2024ൽ തുടർച്ചയായി റെക്കോഡുകൾ ഭേദിച്ച് കുതിച്ചുയർന്നപ്പോൾ മഞ്ഞലോഹത്തിൽ വിശ്വാസമർപ്പിച്ചവരുടെ മനസ്സ്‌ കുളിർന്നു. ഈ കുളിര്‌ പുതുവർഷത്തിലും ആവർത്തിക്കുമോ എന്നത് ആ​ഗോളതലത്തിൽത്തന്നെ നിക്ഷേപകരുടെ ഉള്ളിലുള്ള വലിയ ആശങ്കയാണ്.

യുദ്ധംപോലുള്ള അനിശ്ചിത വേളകളിലെ സുരക്ഷിത നിക്ഷേപമാർഗമാണ്‌ സ്വർണം. കഴിഞ്ഞവർഷങ്ങളിൽ ഭൗമ രാഷ്‌ട്രീയ പ്രശ്‌നങ്ങൾക്ക്‌ ആക്കംകൂടിയതാണ്‌ സ്വർണം റെക്കോഡുകൾ ഭേദിച്ച്‌ ഉയർന്നതിന്‌ മുഖ്യ കാരണം. റഷ്യ–---ഉക്രെയ്‌ൻ യുദ്ധവും ഇസ്രയേൽ–-ഹമാസ്‌ പോരാട്ടവുമാണ് ഇതിൽ പ്രധാന പങ്കുവഹിച്ചത്. ഈ രണ്ട്‌ യുദ്ധങ്ങളും നിർത്തലാക്കുമെന്ന വാഗ്‌ദാനവുമായാണ്‌ യുഎസ്‌ പ്രസിഡന്റായി ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നത്‌.


ഇത് യാഥാർഥ്യമായാൽ ആഗോള സമ്പദ്‌വ്യവസ്ഥയെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന രണ്ട്‌ യുദ്ധങ്ങൾക്കാണ്‌ അവസാനമാകുക. അനിശ്ചിതവേളകളിലെ സുരക്ഷിത നിക്ഷേപമാർഗം എന്നനിലയിലുള്ള സ്വർണത്തിന്റെ ആകർഷണീയത മങ്ങുന്നതിന്‌ ഇത് വഴിവയ്‌ക്കും.

ട്രംപിന്റെ ഭരണകാലത്ത്‌ യുഎസ്‌ ഡോളർ കൂടുതൽ ശക്തമാകാനാണ്‌ സാധ്യത. സ്വർണത്തിന്റെ അന്താരാഷ്ട്രവ്യാപാരം നടക്കുന്നത്‌ ഡോളറിലാണെന്നതിനാൽ ഈ കറൻസിയുടെ മൂല്യം ഉയരുന്നതും സ്വർണവിലയെ പ്രതികൂലമായി ബാധിക്കും.

ഇക്കാര്യങ്ങൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷങ്ങളിലുണ്ടായതുപോലുള്ള മുന്നേറ്റം 2025ൽ സ്വർണവിലയിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്‌. അതേസമയം, പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഓഹരിവിപണിപോലുള്ള മറ്റ്‌ ആസ്‌തി മേഖലകൾ ഇടിവ്‌ നേരിടുകയാണെങ്കിലും സ്വർണം താരതമ്യേന സുരക്ഷിത നിക്ഷേപമായി നിലകൊള്ളുമെന്നതും പരി​ഗണിക്കേണ്ടതാണ്. അതിനാൽ ഏത്‌ വിപണികാലാവസ്ഥയിലും ഏതൊരാളുടെയും നിക്ഷേപത്തിന്റെ അഞ്ചുമുതൽ പത്ത് ശതമാനംവരെ സ്വർണത്തിലായിരിക്കുന്നതാണ് നല്ലത്.


സ്ഥിരനിക്ഷേപങ്ങൾ 
ശ്രദ്ധിക്കണം


2025ൽ ഇന്ത്യയിൽ പലിശനിരക്ക്‌ താഴാൻ തുടങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. യുഎസ്‌ ഫെഡറൽ റിസർവ്‌ ഉൾപ്പെടെയുള്ള ആഗോള സെൻട്രൽ ബാങ്കുകൾ നിരക്ക്‌ കുറയ്‌ക്കാൻ തുടങ്ങിയിട്ടും റിസർവ്‌ ബാങ്ക്‌ നിരക്ക് കുറച്ചില്ല. ഫെഡ് റിസർവ് പുതുവർഷത്തിൽ രണ്ടുതവണകൂടി നിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്കിനും ഏറെ നാൾ നിലവിലെ അവസ്ഥയിൽ തുടരാനാകില്ല.

വായ്പ എടുത്തവർക്കും എടുക്കാനുള്ളവർക്കും ഇത് ​ഗുണകരമായേക്കാം. എന്നാൽ, നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് അങ്ങനെയാകണമെന്നില്ല. അതിനാൽ ബാങ്ക്‌ സ്ഥിരനിക്ഷേപംപോലുള്ള നിശ്ചിത വരുമാനമാർഗങ്ങളിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നവർ പലിശനിരക്ക്‌ കുറയാനുള്ള സാധ്യത കണക്കിലെടുക്കണം.


ഇപ്പോഴത്തെ ഉയർന്ന പലിശനിരക്ക്‌ തുടർന്നും ലഭിക്കണമെങ്കിൽ കാലയളവ്‌ ഉടൻ പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾ കൈയോടെ പുതുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എൻസിഡി, ബോണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നവരും അത്‌ പലിശനിരക്ക്‌ കുറയാൻ തുടങ്ങുന്നതിനുമുമ്പ്‌ ചെയ്യുന്നതാകും ഉചിതം.


(ഹെഡ്ജ് ഇക്വിറ്റീസിന്റെ ഓൺലൈൻ ജേർണലായ ഹെഡ്ജ്ഓഹരി.കോമിന്റെ എഡിറ്ററാണ് ലേഖകൻ)




deshabhimani section

Related News

0 comments
Sort by

Home