print edition ഏതിരുളിനുംമേലെ സത്യത്തിന്റെ വെളിച്ചം നിത്യം

മലയാളിയുടെ മതനിരപേക്ഷ ദൈവസങ്കൽപ്പത്തിന്റെ അശ്വാരൂഢനായ അയ്യപ്പനെ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയനേട്ടത്തിനുള്ള ആയുധമായി ഉപയോഗിക്കുകയാണ് വീണ്ടും യുഡിഎഫും ബിജെപിയും. സ്വയംസമർപ്പിതനായ ഒരയ്യപ്പഭക്തനും അംഗീകരിക്കാനാകുന്നതല്ല ഇൗ കുടിലത. നുണക്കല്ലുകളും വിഷമുള്ളുകളും വിതയ്-ക്കുന്നവർ വന്യമാക്കിയ പാതകൾക്കപ്പുറം മലനിരകളിൽ സംക്രമപ്പുലരിയുടെ ഉദയാഭിഷേകമുണ്ട്. ഏതിരുളിനുംമേലെ സത്യത്തിന്റെ വെളിച്ചം നിത്യമായി തെളിഞ്ഞുനിൽക്കുകതന്നെ ചെയ്യും.
കുറ്റവാളികളോട് വിട്ടുവീഴ്‌ചയില്ല
ശബരിമല ശിൽപ്പപാളി, കട്ടിളപ്പടി മോഷണ കേസുകളിൽ കുറ്റവാളികളാരെന്നു നോക്കാതെ ശക്തമായ നിലപാട് എടുത്ത സർക്കാരിന് മുന്നിൽ പൊളിയുന്നത് യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയ മുതലെടുപ്പ് ശ്രമം. വികസന–ക്ഷേമ കാര്യങ്ങൾ ചർച്ച ചെയ്യാൻ മടിച്ച്, ഇരുകൂട്ടരും ഒരേ സ്വരത്തിലാണ് ശബരിമലയെക്കുറിച്ച് നുണകൾ അടിച്ചിറക്കുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതിയെയും ഇവർ വെല്ലുവിളിക്കുന്നു. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന വ്യാമോഹത്തോടെയാണ് ഇവർ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ രംഗത്തിറക്കിയത്. എന്നാൽ, ദ്വാരപാലക പീഠം കാണാനില്ലെന്ന ‘ ബോംബ് ’ പൊട്ടിച്ച പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നുതന്നെ പൊലീസ് കണ്ടെത്തി. പീഠം പോയതിൽ സർക്കാരിന് പങ്കുണ്ടെന്ന് അതുവരെ കൊട്ടിഘോഷിച്ചവർ സത്യംപുറത്തുവന്നതോടെ മിണ്ടാതായി. തുടർന്ന് ദേവസ്വം വിജിലൻസ് എല്ലാ ക്രമക്കേടുകളും കണ്ടെത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണത്തിന് ഹൈക്കോടതി എസ്‌ഐടിയെ നിയമിച്ചു. ഇതിനൊപ്പംനിന്ന സർക്കാർ സ്വർണം തിരിച്ചുപിടിക്കാനും ഉത്തരവാദികളെ അകത്താക്കാനും മുൻകൈയെടുത്തു. ഉദ്യോഗസ്ഥർ ആസൂത്രിതമായി നടത്തിയ സ്വർണമോഷണത്തിന് രാഷ്‌ട്രീയ നേതൃത്വത്തിനോ സർക്കാരിനോ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുമില്ല. അന്വേഷണത്തിൽ പൂർണതൃപ്തിയാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്.
അന്വേഷണത്തെ എല്ലാവരും അംഗീകരിച്ചു
ശബരിമല വിഷയത്തിൽ ഇഡി ഇടപെടണമെന്ന് ആവശ്യപ്പെടുന്നത് മറ്റു ചില ഉദ്ദേശ്യത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിബിഐ അന്വേഷിക്കണമെന്ന് പറഞ്ഞവരടക്കം ഇപ്പോഴത്തെ പ്രത്യേകാന്വേഷണ സംവിധാനത്തെ അംഗീകരിച്ചു. നല്ല കൃത്യതയോടെയുള്ള അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതിയും മതിപ്പ് രേഖപ്പെടുത്തി. അതേപ്പറ്റി പ്രത്യേക ആക്ഷേപമൊന്നും വന്നിട്ടില്ല. ആരെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് സിപിഐ എമ്മും നേരത്തേ വ്യക്തമാക്കിയതാണ്. അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണം കണ്ടെത്തിയത് കേരള പൊലീസ്
ശബരിമല ശിൽപ്പപാളി, കട്ടിളപ്പടി മോഷണ കേസുകളിൽ സ്വർണം കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും കേരള പൊലീസ്. ഹൈക്കോടതി എസ്ഐടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ആവശ്യംകൂടി പരിഗണിച്ചാണ്. കേസ് അന്വേഷണത്തിലോ അന്വേഷക സംഘത്തെ തീരുമാനിക്കുന്നതിലോ സംസ്ഥാന സർക്കാർ ഇടപെട്ടില്ല. എന്നാൽ, പൊലീസിനുപകരം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് രാഷ്‌ട്രീയമായി ദുരുപയോഗിക്കുകയായിരുന്നു ബിജെപി ലക്ഷ്യം. ഉണ്ണിക്കൃഷ്ണൻ പോറ്റി (സ്പോൺസർ), മുരാരി ബാബു (ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ), ഡി സുധീഷ് കുമാർ (ശബരിമലയിലെ മുൻ എക്-സിക്യുട്ടീവ് ഓഫിസർ), കെ എസ് ബൈജു (മുൻ തിരുവാഭരണം കമീഷണർ), എൻ വാസു (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമീഷണറും), എ പത്മകുമാർ (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ അറസ്‌റ്റിലായ മൂന്ന് ജീവനക്കാരും കോൺഗ്രസ് ഭരണകാലത്ത് നിയമിതരായവരും കോൺഗ്രസ് സംഘടനാ നേതാക്കളുമാണ്.
കട്ടുമുടിച്ചത് യുഡിഎഫ്
ഭരണത്തിലിരിക്കുമ്പോൾ അഴിമതിയും വിശ്വാസികളെ ചതിക്കലും. ഭരണമില്ലാത്ത കാലത്ത് മുതലക്കണ്ണീർ. വിശ്വാസത്തെ വോട്ടിനുവേണ്ടി ദുരുപയോഗിക്കുന്നതിൽ യുഡിഎഫിനും ബിജെപിക്കും ഒരേതന്ത്രം. ശബരിമലയുടെ മറവിൽ ധൂർത്തും അഴിമതിയും നടമാടിയത് കോൺഗ്രസ് ഭരണകാലയളവിലാണ്.
ബെയ്‌ലി പാലത്തിൽ 3.15 കോടി
ആരും തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച ശബരിമലയിലെ ബെയ്‌ലി പാലത്തിന് വേണ്ടി 3.15 കോടിയാണ് ദേവസ്വം ബോർഡിന് പാഴായത്. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനെന്ന പേരിലായിരുന്നു 2005ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബെയ്‌ലി പാലം സ്ഥാപിച്ചത്.
അന്ന് കേന്ദ്ര യുപിഎ സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് മുൻകൈയെടുത്ത് രാജസ്ഥാനിലെ ജോധ്‌പുരിൽ ഉപേക്ഷിച്ച പാലത്തിന്റെ അവശിഷ്‌ടം ഇവിടെ എത്തിച്ചത് സൗജന്യമെന്ന് പറഞ്ഞാണ്. എന്നാൽ ലോറി വാടകയിനത്തിൽ 15 ലക്ഷം രൂപ ദേവസ്വംബോർഡിന് നൽകേണ്ടിവന്നു. സന്നിധാനത്തിന് പുറകിൽ പാലം സ്ഥാപിക്കാൻ ബോർഡിന് ചെലവായത് മൂന്നു കോടി രൂപയും. ഇന്ന് ഇൗ പാലം ഉപയോഗശൂന്യം.
വനവൽക്കരണത്തിൽ 7.5 കോടി
2005ൽ മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ നിലയ്‌ക്കലും പന്പയിലുമായി 305 ഏക്കർ വനഭൂമി ഏറ്റെടുക്കാൻ ആലോചന നടന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ദേവസ്വം ബോർഡ് പ്രസിഡന്റ് ജി രാമൻനായരും പ്രധാനമന്ത്രിയെ കണ്ടെങ്കിലും ഒന്നും നടന്നില്ല. വനവൽക്കരണത്തിന് ഇടുക്കി കന്പക്കല്ലിൽ ഭൂമി കണ്ടെത്തുകയും 7.5 കോടി രൂപ ദേവസ്വം ബോർഡ് അഡ്വാൻസ് നൽകുകയുംചെയ്‌തു. ഇൗ തുക എങ്ങോട്ടുപോയി എന്നത് ആർക്കുമറിയില്ല.
പ്രശ്‌നപരിഹാരം പിന്നെ ശർക്കരക്കൊള്ള
ദേവപ്രശ്‌നത്തിലെ കണ്ടെത്തലിന്റെ പേരിൽ 2006ൽ നടന്ന അഴിമതികൾ മറയ്ക്കാനാവില്ല. കോടികളാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതി ധൂർത്തടിച്ചത്. സന്നിധാനത്തെ ഭസ്‌മക്കുളം മാറ്റിസ്ഥാപിക്കണമെന്നും കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തി പുതിയത് പണിയണമെന്നും ജ്യോത്സ്യനെക്കൊണ്ട് പറയിപ്പിച്ചതുവഴി കോടികൾ തട്ടുകയായിരുന്നു ലക്ഷ്യം. ശ്രദ്ധതിരിക്കാൻ ‘അയ്യപ്പവിഗ്രഹത്തിൽ സ്‌ത്രീസ്‌പർശ’മെന്നും പ്രചരിപ്പിച്ചു. യുഡിഎഫ് ഭരണത്തിൽ വി എസ് ശിവകുമാർ ദേവസ്വംമന്ത്രിയായിരുന്നപ്പോഴാണ് ആന്ധ്രയിൽനിന്ന് ശർക്കര വാങ്ങിയതിൽ കോടികളുടെ അഴിമതി.
പാത്രങ്ങളിൽ 1.81 കോടി
2011-നും 2016-നുമിടയിൽ ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി നടന്നതായി ദേവസ്വം ബോർഡ് നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിൽ കണ്ടെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും മുൻ ദേവസ്വംമന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനുമായ വി എസ് ജയകുമാർ ആണ് പ്രധാന പ്രതി.
ഏറ്റുമാനൂരിന്റെ തങ്കവിഗ്രഹം കണ്ടെത്തിയത് ഇടതുപക്ഷ സർക്കാർ
1981 മേയ് 24നാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ നാലരക്കിലോ തൂക്കമുള്ള തങ്കവിഗ്രഹം കാണാതായത്. ഇ കെ നായനാർ മുഖ്യമന്ത്രിയായ എൽഡിഎഫ് സർക്കാരായിരുന്നു അന്ന്. വിവരമറിഞ്ഞയുടൻ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ശ്രീകോവിൽ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്നാണ് വിഗ്രഹം മോഷ്ടിച്ചതെന്ന് സംഘം കണ്ടെത്തി. പ്രതിയായ തിരുവനന്തപുരത്തെ ഐഎൻടിയുസി പ്രവർത്തകൻ സ്‌റ്റീഫനെ ഉടൻ പിടികൂടി. ഇയാൾക്ക് ആറുവർഷം കഠിനതടവ് ലഭിച്ചു.
റെയിൽവേ, റോപ്‌വേ, വിമാനത്താവളം ; തുരങ്കംവയ്ക്കുന്നത് ബിജെപിയും യുഡിഎഫും
ശബരിമലയിൽ ഗതാഗതസംവിധാനം വിപുലമാക്കാനുള്ള മൂന്നു പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചവരാണ് യുഡിഎഫും ബിജെപിയും. അങ്കമാലി–എരുമേലി റെയിൽപ്പാത, ശബരിമല വിമാനത്താവളം, റോപ് വേ പദ്ധതി എന്നിവയാണ് മുടക്കാൻശ്രമിച്ചത്. 1998–99 കാലത്ത് അനുവദിക്കപ്പെട്ടതാണ് അങ്കമാലി–എരുമേലി ശബരിപദ്ധതി. അന്ന് 550 കോടി രൂപയായിരുന്നു നിർമാണ ചെലവ്. 25 വർഷം കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമാക്കിയില്ല.
ബിജെപിയാണ് 2014 മുതൽ കേന്ദ്രത്തിൽ അധികാരത്തിൽ. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ 2004 മുതൽ 2014 വരെ കേന്ദ്രത്തിലുണ്ടായിരുന്നു. നിലവിൽ പദ്ധതി ചെലവ് 3810 കോടി രൂപയാണ്. പകുതി കിഫ്‌ബിയിലൂടെ സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചിട്ടും പദ്ധതി തുടങ്ങാൻ റെയിൽവേ വകുപ്പ് തയ്യാറായിട്ടില്ല. ഇൗ തുക കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.
ശബരിമല വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സർക്കാർ വിശദ പദ്ധതിരേഖ (ഡിപിആർ) സമർപ്പിച്ചിട്ടും വ്യോമമന്ത്രാലയം അനുമതി നൽകിയിട്ടില്ല. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2,570 ഏക്കറാണ് വിമാനത്താവളത്തിന് ഏറ്റെടുക്കുന്നത്. പദ്ധതിക്ക് മൊത്തം 3,500 കോടി രൂപയാണ് ചെലവ്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വളർച്ചയ്ക്ക് വേഗം കൂട്ടും.
ശബരിമല ദർശനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും ഗുണംചെയ്യുന്നതാണ് റോപ്‌വേ പദ്ധതി. പമ്പയിൽനിന്ന് സന്നിധാനംവരെ 2.7 കിലോമീറ്ററാണുണ്ടാകുക. 250 കോടിയാണ് ചെലവ്. ആന്ധ്രയിലെ തിരുപ്പതി, തമിഴ്‌നാട്ടിലെ പഴനി എന്നീ ക്ഷേത്രങ്ങളിൽ സംവിധാനമുണ്ട്. എന്നാൽ, കേന്ദ്രപാരിസ്ഥിതികമന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല.
വികസനനിറവിൽ
1033.62 കോടിയുടെ മാസ്റ്റർ പ്ലാൻ
2022 – 27 വരെയുള്ള ആദ്യ ഘട്ടത്തിൽ 600 കോടി
2028 – -33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100 കോടി
2034 – -2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 78 കോടി
പമ്പയുടെയും ട്രക്ക്‌റൂട്ടിന്റെയും വികസനത്തിന് 255 കോടി
■ സംസ്ഥാന സര്‍ക്കാർ ഇടപെടലിൽ ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തി വേഗത്തിലാക്കി
■ സന്നിധാനത്തിന്റെയും പമ്പ ആൻഡ് ട്രക്ക് റൂട്ടിന്റെയും ലേഔട്ട് പ്ലാനുകള്‍ക്ക് അംഗീകാരം നല്‍കി
■ തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കഴക്കൂട്ടം, ചെങ്ങന്നൂര്‍, ചിറങ്ങര, എരുമേലി, നിലക്കല്‍, മണിയങ്കോട് എന്നിവിടങ്ങളില്‍ കിഫ്ബി സഹായത്തോടെ
116.41 കോടി രൂപ ചെലവഴിച്ചു











0 comments