സംസ്‌കൃത സർവകലാശാലയിലെ സംഘപരിവാർ–യുഡിഎഫ് വിദ്യാർഥിവേട്ട
താക്കീതായി വിദ്യാർഥി മാർച്ച്

കാലടി സംസ്‌കൃത സർവകലാശാലയിൽ സമരംചെയ്ത വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് സർവകലാശാലയുടെ മുന്നിൽ പൊലീസ് തടഞ്ഞപ്പോൾ മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ

സ്വന്തം ലേഖകൻ
Published on Sep 04, 2026, 02:58 AM | 2 min read
കാലടി
സംസ്കൃത സർവകലാശാല വിദ്യാർഥികൾക്കെതിരെയുള്ള സംഘപരിവാർ–യുഡിഎഫ് സർക്കാർ വേട്ടയ്‌ക്ക് താക്കീതായി എസ്‌എഫ്‌ഐ മാർച്ച്. അക്കാദമിക് ആവശ്യങ്ങൾ ഉയർത്തി സമരംചെയ്‌ത വിദ്യാർഥികള സസ്‌പെൻഡ് ചെയ്‌തതിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ സർവകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
നിരവധി വിദ്യാര്‍ഥികള്‍ അണിനിരന്ന മാർച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ പൊലീസ് തടഞ്ഞു. വിദ്യാർഥികൾ സംയമനം പാലിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രതു കൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അജ്മില ഷാന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ നാസര്‍ അബ്ദുറഹ്മാന്‍, അശ്വിന്‍ അനില്‍, വിജയ് രഘു എന്നിവര്‍ സംസാരിച്ചു.
എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത 16 വിദ്യാർഥികളെ പ്രതികാരനടപടിയുടെ ഭാഗമായി കഴിഞ്ഞദിവസമാണ് സിൻഡിക്കറ്റ് സസ്‌പെൻഡ് ചെയ്തത്. ഗവർണർ നിയമിച്ച താൽക്കാലിക വിസി സിസ തോമസ് കൊടുത്ത കള്ളക്കേസിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രതികാരനടപടിമൂലം അടുത്തമാസം നടക്കുന്ന പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകും. സ്ഥലം എംഎല്‍എയും മന്ത്രിയുമായ റോജി എം ജോണ്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സർവകലാശാലയിൽ സംഘപരിവാറും കോൺഗ്രസും ചേർന്ന് നടത്തുന്ന വിദ്യാർഥിവേട്ടയ്ക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.
സംസ്‌കൃത സർവകലാശാലയിൽ സമരംചെയ്ത വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ
സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ സർവകലാശാലയുടെ മുന്നിൽ പ്രതിഷേധസൂചകമായി "ലൈറ്റ് മരിച്ചേ'
എന്ന നാടകം കളിക്കുന്ന തിയറ്റർ വിഭാഗം വിദ്യാർഥികൾ. മുന്പ് സമരത്തിനിടെ ഇൗ നാടകം അവതരിപ്പിച്ചതിനാണ്
വൈസ് ചാൻസലറുടെ ശവമഞ്ചമൊരുക്കി എന്ന് ചില മാധ്യമങ്ങളും അധികാരികളും പ്രചരിപ്പിച്ചത്
നിശബ്ദരാകില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാർഥികൾ; വീണ്ടും അരങ്ങേറി ‘ലൈറ്റ് മരിച്ചേ’
കാലടി
വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കാൻ വൈസ്‌ചാൻസലർ സിസ തോമസ് കരുവാക്കിയ ‘ലൈറ്റ് മരിച്ചേ’ നാടകം വീണ്ടും സംസ്‌കൃത സർവകലാശാലയിൽ അവതരിപ്പിച്ച് വിദ്യാർഥികൾ. എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനുശേഷമാണ് തിയറ്റർ വിഭാഗം വിദ്യാർഥികൾ വീണ്ടും നാടകം അവതരിപ്പിച്ചത്. തടയാന്‍ പൊലീസ് ശ്രമിച്ചു. അതിനെയും വിദ്യാർഥികൾ മറികടന്നു.
പന്തം കത്തിച്ച് നാടകം കളിക്കണോ, ഇരുട്ടത്ത് നാടകം കളിക്കാൻ ഞങ്ങൾക്ക് മാജിക് അറിയില്ല എന്നെഴുതിയ പോസ്‌റ്ററുകൾ നാടകത്തിൽ ഉയർന്നു. സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനും വായ മൂടിക്കെട്ടാനും ശ്രമിക്കുന്ന അധികാരികള്‍ക്കെതിരെ ശക്തമായ പ്രതികരണവും നാടകത്തിലുണ്ടായി.
തിയറ്റർ വിഭാഗം വിദ്യാർഥികൾ സർവകലാശാലയിൽ നേരിടുന്ന അക്കാദിക് പ്രശ്‌നങ്ങളും അസൗകര്യങ്ങളുമാണ് നാടകത്തിലെ പ്രമേയം. നാടകാവതരണത്തിനുവേണ്ട സ്‌പോട്ട് ലൈറ്റ് ഉൾപ്പെടെ സർവകാലാശാലയിൽ ഇല്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ആദ്യം നാടകം അവതരിപ്പിച്ചപ്പോൾ അത് വിസിയുടെ ശവസംസ്‌കാരമായി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു അധികാരികളും ചില മാധ്യമങ്ങളും. തുടർന്ന് വിസി സിസ തോമസ് വിദ്യാർഥികൾക്കെതിരെ പരാതി നൽകി.









0 comments