മഹാരാജാസിലും കൂട്ടപ്പിരിച്ചുവിടൽ; പരീക്ഷാനടത്തിപ്പ് താളംതെറ്റും

കൊച്ചി
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു. മഹാരാജാസ് കോളേജ് പരീക്ഷാ കൺട്രോളർ ഓഫീസിലെ താൽക്കാലിക ജീവനക്കാരെയാണ് ഏറ്റവുമൊടുവിൽ പിരിച്ചുവിട്ടത്. കഴിഞ്ഞദിവസം ജിസിഡിഎയിൽ ദിവസവേതാനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെയും ഒറ്റയടിക്ക് ഒഴിവാക്കിയിരുന്നു.
മഹാരാജാസ് കോളേജ് പരീക്ഷാ കൺട്രോളർ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്‌തികകളിൽ സേവമനുഷ്‌ഠിച്ചിരുന്നവരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. പത്തുവർഷമായി ഇവിടെ ജോലിചെയ്യുന്നവരാണിവർ. പരീക്ഷ സുഗമമായി നടത്തുന്നതിൽ ഇവരും പ്രധാന പങ്കുവഹിച്ചിരുന്നു. പരിചയസന്പന്നതയും പരീക്ഷകൾ കൃത്യമായി നടത്തുന്നതിന് സഹായകരമായിട്ടുണ്ട്. എന്നാൽ, അടുത്തിടെ ചേർന്ന ഗവേണിങ് ബോഡി ഇവരെയെല്ലാം ഒഴിവാക്കി പുതിയ ആളുകളെ എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും പുതുതായി നിയമിക്കേണ്ടവരുടെ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുകയും ചെയ്‌തു. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് ഏഴുപേർക്കാണ് നിയമനം. ഓഫീസ് അറ്റൻഡന്റുമാരായി രണ്ടുപേർക്കും. പിരിച്ചുവിട്ടവർ നിലവിൽ റാങ്ക് പട്ടികയിലുണ്ടെങ്കിലും പിന്നിലാണ്. പരിചയസന്പന്നരല്ലാത്ത, വേണ്ടപ്പെട്ടവരാണ് പട്ടികയിലെ മുൻനിരക്കാർ.
പരീക്ഷാ ചുമതലകളിൽ വർഷങ്ങളുടെ അനുഭവസന്പത്തുള്ളവരെ പൂർണമായി ഒഴിവാക്കി പുതിയവരെ നിയമിക്കുന്നതോടെ പരീക്ഷാനടത്തിപ്പ് താളംതെറ്റാനിടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അടുത്തുതന്നെ സെമസ്‌റ്റർ പരീക്ഷകൾ ആരംഭിക്കാൻ പോകുകയാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ‘പ്രത്യേക’താൽപ്പര്യത്തോടെയുള്ള പിരിച്ചുവിടലും പുതിയ നിയമനവും.
ജിസിഡിഎയിൽ നിലവിൽ ചെയർമാനോ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയോ ഇല്ല. ഇതെല്ലാം നിലവിൽവരുന്നതിനുമുന്പുതന്നെ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ തെരഞ്ഞുപിടിച്ച് പിരിച്ചുവിടുകയായിരുന്നു. ജില്ലയിൽ നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കിയ വിജ്ഞാനകേരളം ജീവനക്കാരെയും സമാനരീതിയിൽ യുഡിഎഫ് സർക്കാർ വഴിയാധാരമാക്കി.









0 comments