ad
Deshabhimani

കുസാറ്റ് ഗവേഷകസംഘത്തിന്റെ കണ്ടെത്തൽ

കൊച്ചിക്കായലിൽ 
2 പുതിയ ചെമ്മീൻ ഇനങ്ങൾ

CUSAT Research Team

കെ പി വിഷ്ണു, ഡോ. ദീപക് ജോസ്, ഡോ. സമീറ ഷംസുദീൻ, ഡോ. അക്ഷയ് ഉണ്ണിക്കൃഷ്ണൻ, ഡോ. എം ഹരികൃഷ്ണൻ

വെബ് ഡെസ്ക്

Published on Sep 04, 2026, 02:39 AM | 1 min read

കളമശേരി


കൊച്ചി സർവകലാശാല ഗവേഷകസംഘം കൊച്ചി കായലിൽ രണ്ട് പുതിയ ചെമ്മീൻ ഇനങ്ങളെ കണ്ടെത്തി. ‘ആൽഫിയസ് വെമ്പനാടി' എന്നും ‘ആൽഫിയസ് ഹരി' എന്നും പേരിട്ട പുതിയ തോക്കുചെമ്മീൻ ഇനങ്ങളെ കൊച്ചി കായലിൽ മീൻപിടിത്തത്തിനായി ഉപയോഗിക്കുന്ന ഊന്നിവലകളിൽനിന്നാണ് ശേഖരിച്ചത്. ശരീരഘടനയിലെ സവിശേഷതകൾ വിശദമായി പരിശോധിച്ച് മൈറ്റോകോൺഡ്രിയൽ 16 എസ്ആർആർഎൻഎ ജീൻ ഉപയോഗിച്ച് ജനിതക പഠനം നടത്തുകയും ചെയ്താണ് ഇവ പുതിയ ഇനങ്ങളാണെന്ന് സ്ഥിരീകരിച്ചത്.


‘ആൽഫിയസ് വെമ്പനാടി’ എന്ന പേര് വേമ്പനാട് കായലിന്റെ പേരിൽ നൽകിയതാണ്. കൊച്ചി കായലിൽ വർഷം മുഴുവൻ കാണപ്പെടുന്ന ഈ ഇനം 31 പിപിടി വരെ ലവണതയുള്ള ജലത്തിലും ജീവിക്കും. ‘ആൽഫിയസ് ഹരി’ എന്ന പേര് കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സീനിയർ പ്രൊഫസർ ഡോ. എം ഹരികൃഷ്ണന്റെ ബഹുമാനാർഥമാണ് നൽകിയത്.


​കുസാറ്റിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് റിസർച്ച് സ്കോളർ കെ പി വിഷ്ണു, ജപ്പാനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ടോമോയുകി കൊമായി, മോളിക്യുലർ ടാക്സോളമി വിദഗ്ധൻ ഡോ. ദീപക് ജോസ് എന്നിവരുൾപ്പെടെയുള്ള ഗവേഷകരാണ് പഠനങ്ങൾ നടത്തിയത്. കുസാറ്റിലെ ബിസിനസ് ഇൻകുബേഷന്റെ ഭാഗമായ മാരിജീനോം മത്സ്യസേവന കേന്ദ്രത്തിലെ ഗവേഷകരായ ഡോ. സമീറ ഷംസുദീനും ഡോ. അക്ഷയ് ഉണ്ണിക്കൃഷ്ണനും പഠനത്തിന്റെ ഭാഗമായി.


​കെ പി വിഷ്ണു, ഡോ. ദീപക് ജോസ്, ഡോ. എം ഹരികൃഷ്ണൻ എന്നിവരടങ്ങിയ ഗവേഷകസംഘം ജനുവരിയിൽ കൊച്ചി കായലിൽനിന്ന് മറ്റൊരു പുതിയ തോക്കുചെമ്മീൻ ഇനത്തെയും കണ്ടെത്തിയിരുന്നു. ശാസ്ത്ര ജേർണൽ ക്രസ്റ്റേഷ്യാനയിലാണ് കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home