ad
Deshabhimani

പകര്‍ച്ചവ്യാധികള്‍ ആളെക്കൊല്ലുന്നു

107 യുഡിഎഫ് ദിനങ്ങള്‍; 60 മരണം

Epidemic
avatar
സ്വന്തം ലേഖകൻ

Published on Sep 04, 2026, 02:54 AM | 2 min read

കൊച്ചി


ആരോഗ്യരംഗത്തെ അനാസ്ഥമൂലം ജില്ലയില്‍ പകര്‍ച്ചവ്യാധി മരണങ്ങള്‍ കുത്തനെ വര്‍ധിച്ചു. 60 പേരാണ് മെയ് 19 മുതല്‍ സെപ്‌തംബര്‍ നാലുവരെ ജില്ലയില്‍ പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചത്. എല്‍ഡിഎഫ് കാലത്ത് കൃത്യമായി നടന്നിരുന്ന മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം യുഡിഎഫ് സര്‍ക്കാരിന്റെ ഏകോപനമില്ലായ്മമൂലമാണ് പരാജയപ്പെട്ടത്. വിദേശപൗരനും നാലുവയസുള്ള കുഞ്ഞും അതിഥിത്തൊഴിലാളിയുംവരെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പനി, എലിപ്പനി, ഡെങ്കി, എച്ച്1 എന്‍1, വെസ്റ്റ്നൈല്‍ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ശ്വാസകോശ അണുബാധ, ഇന്‍ഫ്ലുവന്‍സ, മസ്തിഷ്കജ്വരം എന്നിവയാണ് പ്രധാനമായും മരണകാരണമായത്.


​ആളെക്കൊല്ലിയായത് എലിപ്പനി


എലിപ്പനിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മരണം വിതച്ചത്. 27 പേരാണ് ജൂണ്‍ മുതല്‍ ഇതുവരെ എലിപ്പനിമൂലം മരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ മഴക്കാലപൂര്‍വ ശുചീകരണത്തിലെ വീഴ്ചയാണ് ഇതിന്റെ മൂലകാരണം. ആഗസ്തിൽമാത്രം 332 പേർ എലിപ്പനി ബാധിതരായി. 10 പേര്‍ മരിച്ചു.


​സൂക്ഷിക്കുക 
എച്ച്1എൻ1, ഡെങ്കി


എച്ച്1 എന്‍1 ആണ് മറ്റൊരു പ്രധാന മരണകാരണമായ രോഗം. 11 പേരാണ് ഇതുമൂലം മരിച്ചത്. ജില്ലയില്‍ ഇപ്പോഴും നിരവധി പേര്‍ എച്ച്1 എന്‍1 ബാധിതരാകുന്നുണ്ട്. വായുവിലൂടെ പകരുന്നതിനാല്‍ അതിവേഗത്തിലാണ് രോഗവ്യാപനം. ഡെങ്കിയാണ് നിരവധിപേരെ ബാധിച്ച രോഗം. ആഗസ്തില്‍ മാത്രം 332 പേരാണ് രോഗികളായത്. മൂന്നുമാസത്തിനിടെ 1170 പേര്‍ രോഗികളായി, നാലുപേര്‍ മരിച്ചു. ജില്ലാ ആരോഗ്യവകുപ്പും ഭരണകേന്ദ്രവും ഇടപെട്ട് ജൂണില്‍ മൂന്നുദിവസം ഡ്രൈഡേ ആചരിച്ചിട്ടും പ്രതിരോധം തീര്‍ക്കാനായില്ല. ജൂണില്‍ മഴക്കാലം തുടങ്ങി നിരവധിപേര്‍ രോഗബാധിതരായശേഷമാണ് ജൂലൈ പകുതിയോടെ കൊതുകുനിവാരണത്തിനായി ജീവനക്കാരെ ആരോഗ്യവകുപ്പ് നിയോഗിച്ചത്.


പനിച്ചുവിറച്ച മഴക്കാലം


മഴക്കാലം പനിക്കാലം കൂടിയായ കാഴ്ചയായിരുന്നു ജില്ലയിലെമ്പാടും. 71,775 പേരാണ് പനിബാധിച്ച്‌ ചികിത്സ തേടിയത്. ജൂണില്‍ 26,738 പേരും ജൂലൈയില്‍ 24,375 പേരും ആഗസ്‌തില്‍ 20,662 പേരും പനിബാധിതരായി. നാലുപേര്‍ മരിച്ചു.


ഭീതി വിതച്ച് വെസ്റ്റ്നൈല്‍


പരിചിതമല്ലാത്ത വെസ്റ്റ്നൈല്‍ പനി ബാധിച്ച് മൂന്നുപേരാണ് മരിച്ചത്. ജൂണ്‍ അഞ്ചിന്‌ പറവൂർ കിഴക്കേപ്രം സ്വദേശിനിയും എട്ടിന് കടുങ്ങല്ലൂർ സ്വദേശിയും ആഗസ്‌ത്‌ ഒന്നിന് ബിനാനിപുരം സ്വദേശിയുമാണ് വെസ്റ്റ്നൈല്‍ ബാധിച്ച് മരിച്ചത്.


മരണകാരണമായി 
മറ്റ് രോഗങ്ങളും


ശ്വാസകോശ അണുബാധമൂലം 4, ഇന്‍ഫ്ലുവന്‍സ 3, വയറിളക്കം 1, മസ്തിഷ്കജ്വരം 1, ഹെപ്പറ്റൈറ്റിസ് എ മൂലം ഒരു മരണവുമുണ്ടായി. 14,543 പേര്‍ക്കാണ് വയറിളക്കരോഗം ബാധിച്ചത്.


ഇന്റർസെക്ടറൽ യോഗം ചേര്‍ന്നിട്ടും പ്രയോജനമില്ല


ജില്ലയില്‍ പകര്‍ച്ചവ്യാധി തടയാന്‍ മറ്റുവഴികളില്ലാതെ ഇന്റർസെക്ടറൽ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. നിരവധിപേര്‍ മരിച്ചശേഷം ഓണക്കാലത്തിന്‌ മുന്നോടിയായാണ് എഡിഎമ്മിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. അതിനുശേഷം എട്ടുപേര്‍ പകര്‍ച്ചവ്യാധിമൂലം മരിച്ചു.


ഇ–കോളിയും ഭീഷണി


ഓണക്കാലത്ത് നഗരത്തിലെ ഭക്ഷണവിതരണസ്ഥാപനങ്ങളില്‍ പരിശോധന നടത്തി 53 കുടിവെള്ള സാംപിള്‍ ശേഖരിച്ചതില്‍ 29ൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. പരിശോധന മുന്‍പേ നടത്തിയിരുന്നെങ്കില്‍ കുറെയേറെപേര്‍ വയറിളക്കരോഗങ്ങളില്‍നിന്ന്‌ രക്ഷപെട്ടേനെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home