ദേശീയപാത 66ന്റെ പുതിയ രൂപരേഖ
എക്‌സിറ്റ്, എന്‍ട്രി പോയിന്റുകള്‍ മൂത്തകുന്നത്തുനിന്ന് 3.1 കിലോമീറ്റര്‍ അകലെ

ഉയരപ്പാത കടന്നുപോകുന്ന ഭാഗത്തെ മൂത്തകുന്നം കവലയിലെ തിരക്ക്
പറവൂര്‍
ദേശീയപാത 66ന്റെ പുതുക്കിയ രൂപരേഖപ്രകാരം മൂത്തകുന്നം കവലയില്‍നിന്ന് ഇറങ്ങാനും കയറാനും നിശ്ചയിച്ചിട്ടുള്ള സ്ഥലം 3.1 കിലോമീറ്റര്‍ തെക്കോട്ടുമാറി മുറവന്‍തുരുത്തിൽ. മൂത്തകുന്നത്ത് എക്‌സിറ്റ്, എന്‍ട്രി സൗകര്യങ്ങള്‍ വേണമെന്ന ആവശ്യമുന്നയിച്ച് പ്രദേശവാസികള്‍ ദേശീയപാത പോര്‍ട്ടലില്‍ നല്‍കിയ പരാതിക്ക് പ്രോജക്ട് ഡയറക്ടര്‍ പി പ്രദീപ്കുമാർ കഴിഞ്ഞദിവസം നല്‍കിയ മറുപടി കത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.
മൂത്തകുന്നത്തുനിന്ന് തൃശൂർജില്ലയിലെ കൊടുങ്ങല്ലൂരിലേക്ക് ഇപ്പോള്‍ ഏകദേശം അഞ്ചുകിലോമീറ്റര്‍ യാത്രചെയ്താല്‍ എത്താനാകും. പുതുതായി നിശ്ചയിച്ച പ്രവേശനമാര്‍ഗം വന്നാല്‍ സര്‍വീസ് റോഡിലൂടെ മൂത്തകുന്നത്തുനിന്ന് 3.1 കിലോമീറ്റര്‍ തെക്കോട്ടു സഞ്ചരിച്ചാല്‍ മാത്രമേ പാതയില്‍ കയറാനാകൂ. ഇതുവഴി പോകുന്പോൾ കൊടുങ്ങല്ലൂരിലേക്കെത്താൻ എട്ടുകിലോമീറ്ററിലേറെ സഞ്ചരിക്കേണ്ടിവരും. തൃശൂരില്‍നിന്ന് മൂത്തകുന്നത്തേക്ക് വരുന്നവര്‍ക്കും ഈ ദൂരം പിന്നിട്ടാലേ എത്താനാകൂ.
ജില്ലാ അതിര്‍ത്തിയായ മൂത്തകുന്നത്ത് ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ വന്നുപോകുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മുനമ്പം ഹാര്‍ബര്‍ ഉള്‍പ്പെടെയുള്ള വ്യവസായമേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇതോടെ ദുഷ്‌കരമാകും. പ്രദേശവാസികളുടെ യാത്രാമാര്‍ഗം തടസ്സപ്പെടുത്തി ദുഷ്‌കരമാക്കുന്നതിനെതിരെ വടക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികള്‍ സമരരംഗത്താണ്. മൂത്തകുന്നം കവലയുടെ പ്രാധാന്യം കണക്കിലെടുത്ത് എക്‌സിറ്റ്, എന്‍ട്രി പോയിന്റുകള്‍ ഇവിടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷന്‍ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്. ആയിരങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാനാണ് തീരുമാനം.









0 comments