ad
Deshabhimani

print edition തടയാനാകില്ല ; തകർത്ത് മുന്നേറും

ldf
വെബ് ഡെസ്ക്

Published on Dec 08, 2025, 04:22 AM | 3 min read

വഴിയിലെത്ര ദുരന്തങ്ങളാണ്‌. മുന്നേറാനെന്ത് പ്രതിബന്ധങ്ങളാണ്‌. കഴുത്തുഞെരിച്ചു 
ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സർക്കാരും അതുകണ്ട് പുളകംകൊള്ളുന്ന യുഡിഎഫും.
സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിട്ട് ലോകത്തിനു മുന്നിൽ ചിരിതൂകി നിൽക്കുന്ന 
കേരളത്തിന്റെ വികസനവഴിയിൽ അട്ടിമറിക്ക്‌ തക്കംപാർത്തിരിക്കുന്നവർ നാടിന്റെ ശത്രുക്കളാണ്‌. ജീവിതാനുഭവങ്ങളുടെ ആഴങ്ങളിൽ ജനപക്ഷ സർക്കാരിനെ ഹൃദയത്തോടുചേർത്ത മനുഷ്യർ നാടിനുവേണ്ടി വിധിയെഴുതും


കേരളത്തിന്‌ നഷ്ടം ലക്ഷം കോടി

കേന്ദ്രസർക്കാരിന്റെ കടുത്ത വിവേചനത്തിലൂടെ കേരളത്തിന്‌ നഷ്ടമായത്‌ ഒരുലക്ഷം കോടിയിലേറെ രൂപ. ​നികുതിവിഹിതം, ഗ്രാന്റ്‌, പദ്ധതി വിഹിതം, കടമെടുപ്പു പരിധി എന്നിവ വെട്ടിക്കുറച്ചതിലൂടെയാണിത്‌. പത്താം ധനകമീഷനിൽ കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതം 3.88 ശതമാനമായിരുന്നു. നിലവിലെ 15–ാം കമീഷനായപ്പോൾ 1.92 ശതമാനമാക്കിക്കുറച്ചു. ഇതിലൂടെ 2024–25 ൽ കേന്ദ്ര നികുതി വിഹിതത്തിൽ 27,000 കോടിയാണ്‌ കുറഞ്ഞത്‌. നാല്‌ ശതമാനമായിരുന്നെങ്കിൽ അമ്പതിനായിരം കോടിയോളം രൂപ കേരളത്തിന്‌ ലഭിക്കുമായിരുന്നു. ജിഎസ്‌ടി പരിഷ്‌കരണത്തിലൂടെ വർഷം 8,000 മുതൽ 9,000 കോടി രൂപവരെയാണ്‌ വരുമാനനഷ്ടം. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം 12-–ാം ധനകമീഷനിൽ 4.54 ശതമാനമായിരുന്നു. പതിനഞ്ചാം കമീഷന്റെ റിപ്പോർട്ടിൽ 2.68 ശതമാനമാക്കി വെട്ടി.


നികുതിവിഹിതവും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള ധനസഹായവുമാണ്‌ കേന്ദ്രത്തിൽനിന്ന്‌ സംസ്ഥാനങ്ങൾക്കുള്ള വരുമാനം. 2021–22ൽ കേരളത്തിന്റെ ആകെ വരുമാനത്തിൽ കേന്ദ്രവിഹിതം 34 ശതമാനമായിരുന്നു. നിലവിൽ 25 ശതമാനമാണ്‌. ബിഹാർ പോലുള്ള സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 74 ശതമാനവും കേന്ദ്രം നൽകുന്നു.


കേരളത്തിന്റെ വരുമാനം വെട്ടിക്കുറയ്ക്കാൻ പതിനെട്ടടവും പയറ്റുകയാണ്‌ മോദിസർക്കാർ. അതിന്റെ ഭാഗമായാണ്‌ സംസ്ഥാനത്തിന്റെ വായ്‌പാപരിധിയടക്കം കുറച്ചത്‌. കിഫ്‌ബിയും പെൻഷൻ കമ്പനിയുമെടുക്കുന്ന വായ്‌പകൾ സംസ്ഥാനത്തിന്റെ വായ്‌പാപരിധിയിൽപ്പെടുത്തി. പൊതുമേഖലയിലെ ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപത്തിന്‌ സർക്കാർ ഗ്യാരന്റി നിൽക്കുന്നതിലും തടയിട്ടു. ജിഎസ്‌ടി പരിഷ്‌കാരംവഴിയും വരുമാനനഷ്ടമുണ്ടാക്കി.


കേന്ദ്രത്തിന്‌ കൈയടിക്കുന്ന യുഡിഎഫ്‌

കേന്ദ്രം നിരന്തരം കേരളത്തെ അവഗണിക്കുമ്പോഴും അതിനെ കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുകയാണ്‌ സംസ്ഥാനത്തെ പ്രതിപക്ഷം. കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ, യുഡിഎഫ്‌ ജനപ്രതിനിധികൾ പാർലമെന്റിൽ ഒരക്ഷരംപോലും മിണ്ടുന്നില്ല. സംസ്ഥാനത്തിനുള്ള കേന്ദ്ര ഫണ്ട്‌ വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ യുഡിഎഫ്‌ എംപിമാർ ഒരവസരത്തിലും ലോക്‌സഭയിൽ ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ്‌ ജനപ്രതിനിധികളും ഡൽഹിയിൽ സമരം നടത്തിയപ്പോൾ പങ്കെടുക്കാതെ മാറിനിൽക്കുകയായിരുന്നു യുഡിഎഫ്‌. ബിജെപി സർക്കാറിന്റെ കേരളവിരുദ്ധതയ്‌ക്ക്‌ കുടപിടിക്കുകയാണവർ. പിഎം ശ്രീയുടെ പേരിൽ എസ്‌എസ്‌എ ഫണ്ട്‌ പിടിച്ചുവച്ചപ്പോൾ അതിനെ ചോദ്യംചെയ്യാനും യുഡിഎഫ്‌ ഉണ്ടായില്ല. ഒമ്പതരവർഷത്തിനിടെ കേരളത്തിന്റെ ആവശ്യങ്ങൾ തടയുന്ന കേന്ദ്രത്തിനെതിരെ തെരുവിൽ ഒരു പ്രകടനംപോലും നടത്തിയിട്ടില്ല.



കരിപ്പുരിനെയും കണ്ണൂരിനെയും വട്ടംകറക്കി കേന്ദ്രം

ഭൂമി ഏറ്റെടുത്ത്‌ നൽകുന്നതിൽ കാലതാമസമെന്ന്‌ പറഞ്ഞ്‌ വ്യോമയാനമന്ത്രാലയം കരിപ്പൂരിൽ വിമാനങ്ങളെ വിലക്കുമ്പോൾ, സ്ഥലം ഏറ്റെടുത്ത്‌ നൽകിയ കണ്ണൂരിനും രക്ഷയില്ല. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്ക്‌ വിറ്റതുപോലെ ഇവയും സ്വകാര്യവൽക്കരിക്കുയാണ്‌ ലക്ഷ്യം. കണ്ണൂർ വിമാനത്താവള വികസനത്തിന്‌ വിദേശ വിമാന സർവീസിനുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകാൻ കേന്ദ്രത്തിന്‌ തടസ്സമില്ല. അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാമുണ്ട്‌. വിമാനത്താവളം ഗ്രാമത്തിലാണെന്ന കാരണംപറഞ്ഞ്‌ ഇത്‌ നിഷേധിക്കുകയാണ്‌. ഗോ ഫസ്റ്റ് എയർലൈൻസിന്റെ സർവീസ്‌ നിർത്തിയതോടെ വിമാനത്താവളം പ്രതിസന്ധിയിലായി. പ്രതിമാസം 240 സർവീസ്‌ നിലച്ചപ്പോൾ നഷ്ടം നാലു കോടി രൂപയാണ്‌. എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌.



മുണ്ടക്കൈയിൽ കൊടുംക്രൂരത

രാജ്യം നടുങ്ങിയ മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസർക്കാർ കാട്ടിയത്‌ കൊടുംക്രൂരത. അർഹമായ ധനസഹായം നിഷേധിച്ചതിന്‌ പുറമെ ദുരന്തബാധിതരുടെ കടബാധ്യത തള്ളാതിരിക്കാൻ നിയമം മാറ്റിയെഴുതി. പുനരധിവാസത്തിന്‌ കേരളം ആവശ്യപ്പെട്ടതിന്റെ ഒന്പതിലൊന്നുമാത്രം അനുവദിച്ച്‌ അപഹസിച്ചു. 2221.03 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ, ഉരുൾപൊട്ടി 14 മാസത്തിനുശേഷം അനുവദിച്ചത്‌ 260.56 കോടി മാത്രം.


2024 ജൂലൈ 29ന്‌ അർധരാത്രിയാണ്‌ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ ഇല്ലാതായത്‌. 298പേർ മരിച്ച ദുരന്തത്തിൽ 1202.12 കോടി രൂപയുടെ നഷ്ടമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തമേഖല സന്ദർശിച്ച്‌ ഫോട്ടോ ഷൂട്ട്‌ നടത്തിപ്പോയി. 1202.12 കോടി രൂപയുടെ നഷ്ടം കണക്കാക്കി ആഗസ്‌ത്‌ 17ന്‌ സംസ്ഥാനം ആദ്യം നിവേദനം നൽകി. പിന്നീട്‌ പിഡിഎൻഎ (പോസ്റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌സ്‌ അസസ്‌മെന്റ്‌) പരിശോധനാ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. പിഡിഎൻഎ സംഘം പരിശോധന നടത്തി 2221.03 കോടി രൂപ കണക്കാക്കി റിപ്പോർട്ട്‌ നൽകി. ഇതിലാണ്‌ നാമമാത്ര തുക അനുവദിച്ചത്‌.


mundakkai


2024 ആഗസ്‌ത്‌ 10ന്‌ കേന്ദ്രസംഘം പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അതിതീവ്ര ദുരന്തമായ എൽ 3–യിൽ ഉൾപ്പെടുത്തണമെന്നും അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും ബാങ്ക്‌ കടം എഴുതിത്തള്ളണമെന്നും കേരളം ആവശ്യപ്പെട്ടു. അഞ്ച്‌ മാസം കഴിഞ്ഞാണ്‌ എൽ 3–ൽ ഉൾപ്പെടുത്തിയത്‌. സമയം വൈകിയതിനാൽ സഹായങ്ങൾ നഷ്ടമായി. ദുരിതബാധിതരുടെ കടം തള്ളാതിരിക്കാൻ ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ പതിമൂന്നാം വകുപ്പുതന്നെ ഒഴിവാക്കി.


കേന്ദ്ര അവഗണനയ്‌ക്കിടയിലും കേരളം പുനരധിവാസ പ്രവർത്തനങ്ങളിലാണ്‌. ലോകത്തിനുതന്നെ മാതൃകയായി കൽപ്പറ്റയിൽ ട‍ൗൺഷിപ്പ്‌ നിർമാണം അതിവേഗം പുരോഗമിക്കുന്നു.



വിദേശ സഹായം കേരളത്തിനില്ല; മഹാരാഷ്ട്രയ്ക്ക്‌ അനുമതി

2018ലെ മഹാപ്രളയ കാലത്ത്‌ വിദേശസഹായം സ്വീകരിക്കാൻ അനുവദിക്കാതെ കേരളത്തെ വഞ്ചിച്ച മോദി സർക്കാർ ബിജെപി ഭരിക്കുന്ന മഹാരാഷ്ടയ്‌ക്ക്‌ യഥേഷ്ടം അനുമതി നൽകി. പ്രളയത്തിൽ ഇരുപതിനായിരം കോടി രൂപയുടെ നാശനഷ്ടമാണ്‌ കേരളത്തിലുണ്ടായത്‌. ഖത്തർ 45 കോടിയുടെ സഹായവും യുഎഇ 900 കോടിയുടെ സഹായവും ഉടൻ വാഗ്‌ദാനംചെയ്‌തു. എഫ്‌സിആർഎ നിയന്ത്രണങ്ങളുള്ളതിനാൽ കേരളം അനുമതിക്ക്‌ കേന്ദ്രസർക്കാരിനെ സമീപിച്ചു. വിദേശസഹായം സ്വീകരിക്കാൻ വിസമ്മതിച്ച മോദിസർക്കാർ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾ ആഭ്യന്തരമായി ചെയ്യാനാകുമെന്ന നിലപാടെടുത്തു. തുടർന്നുള്ള ദുരിതാശ്വാസത്തിന്റെ കാര്യത്തിലും കേരളത്തോട്‌ ശത്രുതാപരമായ സമീപനം സ്വീകരിച്ചു. ആറായിരം കോടി രൂപയുടെ സഹായം തേടിയപ്പോൾ അതിന്റെ പകുതിയാണ്‌ അനുവദിച്ചത്‌.


അതേസമയം, മഹാരാഷ്ട്രയിൽ ഇ‍ൗവർഷം പ്രളയമുണ്ടായപ്പോൾ വിദേശഫണ്ട്‌ സ്വീകരിക്കാൻ കേന്ദ്രം അനുമതി നൽകി. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്ക്‌ പ്രത്യേകമായി എഫ്‌സിആർഎ രജിസ്‌ട്രേഷൻ അനുവദിച്ചു.


kerala



സംസ്ഥാനങ്ങൾക്ക് ശരാശരി 53 കേരളത്തിന്‌ വെറും 25

• ബിഹാറിന്റെ ആകെ വരുമാനത്തിൽ 74 ശതമാനവും കേന്ദ്രമാണ് നൽകുന്നത്.

• കേരളത്തിന്റെ ആകെ വരുമാനത്തിൽ 25 ശതമാനം
മാത്രമാണ് കേന്ദ്ര വിഹിതം. 2024–25ൽ കേരളത്തിന്റെ ആകെ വരുമാനം 1.39 ലക്ഷം കോടി രൂപയാണ്‌. ഇതിൽ 1.03 ലക്ഷം കോടി സംസ്ഥാനം കണ്ടെത്തി. കേന്ദ്രം തന്നത്‌ 35,415 കോടി.

• ബിജെപി ഭരിക്കുന്ന ബിഹാറിന്റെ പ്രതീക്ഷിത വരുമാനം 2025–26ൽ 2.61 ലക്ഷം കോടി രൂപയാണ്‌. ബിഹാർ കണ്ടെത്തുന്നത്‌ 67,741 കോടി രൂപ മാത്രം (26 ശതമാനം). 1.93 ലക്ഷം കോടി രൂപയും (74 ശതമാനം) കേന്ദ്രം നൽകുന്നു.

• ദേശീയ ശരാശരി 53 ശതമാനമാണ്.​


grant









deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home