print edition ശബരിമല തീർഥാടകർക്കായി ഇഷ്ടംപോലെ ബസ്

തിരുവനന്തപുരം
ശബരിമല തീർഥാടകർക്കായി വിവിധ ഡിപ്പോകളിൽനിന്ന് മൂന്നുഘട്ടങ്ങളിലായി 1769 ബസുകളാണ് കെഎസ്‌ആർടിസി ക്രമീകരിച്ചത്. ലോഫ്ലോർ നോൺ എസി, ലോഫ്ലോർ എസി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഡീലക്‌സ്, സൂപ്പർ എക്‌സ്‌പ്രസ് തുടങ്ങിയ ശ്രേണികളിലാണ് സർവീസ്. 26 മുതൽ ജനുവരി 13വരെ 502 ബസും ജനുവരി 14 മുതൽ മകരവിളക്കുവരെ 800 ബസും സജ്ജമാക്കി. തമിഴ്‌നാട് തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നും സർവീസുണ്ട്.
ദിവസം പമ്പ-നിലയ്ക്കൽ റൂട്ടിൽ 180 ചെയിൻ സർവീസുകളാണുള്ളത്. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് മാത്രം പമ്പയിലേക്ക് 80 സർവീസുണ്ട്. നിലക്കൽ–പമ്പ ചെയിൻ സർവീസിന് 204 ബസുണ്ട്. ഇതിനായി സ്‌പെഷൽ ഓഫീസറെയും നിയമിച്ചു. മലയാളത്തിനുപുറമെ ഇംഗ്ലീഷ്, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ബസിന്റെ ബോർഡുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, അന്പലങ്ങൾ, പ്രധാനസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നാൽപ്പത് തീർഥാടകർ ഉണ്ടെങ്കിൽ ബജറ്റ് ടൂറിസം സെല്ലിൽനിന്ന് ബസെത്തും. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് താൽക്കാലിക സർവീസുണ്ട്. ടിക്കറ്റെടുക്കാൻ എല്ലാ ബസിലും യുപിഐ സൗകര്യവും. ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്തുമെന്ന് കെഎസ്‌ആർടിസി സിഎംഡി പ്രമോജ് ശങ്കർ പറഞ്ഞു.
നിലയ്‌ക്കലിലും പമ്പയിലും സ്‌മാർട്ട് ബസ് സ്റ്റോപ്പും ആരംഭിച്ചു. ടിക്കറ്റ് വെൻഡിങ് സംവിധാനം, വൈഫൈ തുടങ്ങിയ സൗകര്യങ്ങളോടെയാണിത്. ചാലക്കയം, പ്ലാപ്പള്ളി, പെരുനാട്,- വടശേരിക്കര, അത്തിക്കയം, മുക്കട, പ്ലാച്ചേരി എന്നിവിടങ്ങളിലായി മൊബൈൽ മെക്കാനിക്കൽ സംഘവും സജ്ജമാണ്. കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും പമ്പയിലുണ്ട്.
മടക്കം സംതൃപ്‌തിയോടെ
‘ഞങ്ങളുടെയെല്ലാം മുഖം കണ്ടാലറിയില്ലേ. സുഖദർശനം ലഭിച്ച സംതൃപ്‌തിയോടെയാണ് മലയിറങ്ങുന്നത്. അവധി ദിനമായതിനാൽ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്ക മനസിലുണ്ടായിരുന്നു. ഇവിടെയെത്തിയതോടെ അതെല്ലാം മാറി. കുറഞ്ഞ സമയം മാത്രമാണ് കാത്തുനിന്നത്’– തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നാരായണന്റെ വാക്കുകളിലുണ്ട് സുഖയാത്രയുടെ സന്തോഷം. മല കയറുമ്പോഴും ഒരു ബുദ്ധിമുട്ടും അനുഭവിച്ചിട്ടില്ല. എല്ലായിടത്തും വെള്ളം ഒരുക്കിയിട്ടുണ്ട്. ചെറിയ ബുദ്ധിമുട്ട് തോന്നിയപ്പോൾ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് യാത്ര തുടങ്ങിയത്. ഇവിടെ ഇപ്പോൾ നല്ല സൗകര്യമുണ്ട്’– നാരായണൻ പറഞ്ഞു.

കാത്തുനിൽക്കാതെയുള്ള യാത്ര
‘യാത്ര കെഎസ്‌ആർടിസിയിലാക്കാമെന്ന് പറഞ്ഞപ്പോൾ ആദ്യം പേടിയായിരുന്നു. ബുദ്ധിമുട്ടാവില്ലേയെന്ന്. എന്നാൽ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ഇത്തവണ സന്നിധാനത്തെത്തിയത്’– ചേർത്തല സ്വദേശിയായ വിജയനും മകൻ അനൂപിനും പറയാനുള്ളത് സുഖയാത്രയുടെ അനുഭവങ്ങൾ.
"ചേർത്തല കോട്ടയം വഴി എരുമേലി വന്ന ശേഷമാണ് പമ്പയിലേക്ക് ബസ് കയറിയത്. എരുമേലി എത്തിയപ്പോൾ നല്ല തിരക്കായതിനാൽ ആശങ്കയുണ്ടായിരുന്നു. വാവരെ കാണാതെ പോകാൻ പറ്റാത്തതിനാൽ എന്തുംവരട്ടെയെന്ന് കരുതിയാണ് ഇറങ്ങിയത്. എന്നാൽ ബുദ്ധിമുട്ട് ഒന്നുമുണ്ടായില്ല. ആധാർ കാർഡ് കാണിച്ച് സ്‌പോട്ട് ബുക്കിങ്ങിലൂടെയാണ് മല കയറിയത്’ – വിജയൻ പറഞ്ഞു.

വിജയനും മകൻ അനൂപും











0 comments