print edition കൊള്ളസംഘം

രാജ്യത്തെ കൊള്ളയടിക്കുന്ന ബിജെപിയുടെ അഴിമതി സഖ്യകക്ഷിയാണ് ഇന്ന് ഇഡി. പ്രതിപക്ഷ നേതാക്കൾക്ക് എതിരെ കേസെടുത്ത് ബിജെപിയിലെത്തിച്ച് വെളുപ്പിക്കും. ബിജെപി നേതാക്കളുടെ കുംഭകോണംപോലും കണ്ടഭാവം കാട്ടില്ല. എന്തിന് ബിജെപിയുടെ ഇലക്‌ടറൽ ബോണ്ട് ശേഖരിക്കാനുള്ള ഏജന്റായും മാറും...
തിരുവനന്തപുരം
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കിഫ്‌ബി വേട്ടയ്‌ക്കിറങ്ങിയ ഇഡി പക്ഷെ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ അഴിമതി കണ്ടഭാവം പോലും കാണിച്ചില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്ന 500 കോടി രൂപയുടെ ഭൂമികുംഭകോണ ആരോപണം, മുൻ പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കം പ്രതിസ്ഥാനത്തുവന്ന കൊടകര കുഴൽപ്പണക്കേസ്, തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെട്ട സഹകരണസംഘങ്ങളിലെ തട്ടിപ്പ്.... ഇവയെല്ലാം ഇഡിയുടെ കൺമുന്നിലൂടെ കടന്നുപോയതാണ്.
രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽ നടത്തിയ കോടികളുടെ ഭൂമി തട്ടിപ്പ് വിവരം പുറത്തുവിട്ട് അഭിഭാഷകനായ കെ എൻ ജഗദേഷ് കുമാർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരാതി നൽകിയിരുന്നു. രാജ്യസഭാ എംപിയായിരുന്നപ്പോഴാണ് ചട്ടങ്ങൾ ലംഘിച്ച് ബിപിഎൽ കന്പനി ഉടമകൂടിയായ രാജീവ് ചന്ദ്രശേഖർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ഗോപാൽ നന്പ്യാർ എന്നിവർകർണാടകത്തിലെ സർക്കാർ ഭൂമി കൈക്കലാക്കിയത്. തെളിവ് വ്യക്തമാക്കുന്ന രേഖകളടക്കം നൽകിയിട്ടും പ്രതികരിക്കാൻ ഇഡി തയ്യാറായിട്ടില്ല.
പെരിങ്ങമ്മല ലേബർ കോൺട്രാക്ട് സംഘത്തിന്റെ വൈസ് പ്രസിഡന്റായിരിക്കെ ജാമ്യവ്യവസ്ഥകൾ പാലിക്കാതെ സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് 43 ലക്ഷം രൂപയുടെ വായ്‌പാ തട്ടിപ്പാണ് മറ്റൊന്ന്. ക്രമക്കേടുകൾ മൂലം 2018ൽ സംഘം പൂട്ടിപ്പോയതിനാൽ നിക്ഷേപകർക്ക് പണവും മടക്കിക്കിട്ടിയിട്ടില്ല.
ബിഎസ്‌എൻഎൽ എൻജിനിയേഴ്‌സ് സഹകരണസംഘത്തിലും 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബിജെപി നേതാക്കൾ നടത്തി. ഇതിലൊന്നും ബിജെപി നേതാക്കളുടെ ക്രമക്കേടുകൾക്കെതിരെ നോട്ടീസ് പോലും അയക്കാൻ തയ്യാറാകാത്ത ഇഡിയാണ് കിഫ്‌ബിക്കെതിരെ ഇണ്ടാസുമായി വന്നിരിക്കുന്നത്. കിഫ്‌ബി മസാല ബോണ്ടിൽ ഫെമ ചട്ടലംഘനം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനുമാണ് നോട്ടീസ് അയച്ചത്. എല്ലാ തെരഞ്ഞെടുപ്പുകാലത്തും കേന്ദ്ര എജൻസികളെയിറക്കി ബിജെപി പാദസേവ ചെയ്യാറുണ്ട്.
വ്യക്തമായ തെളിവുകളൊന്നുമില്ലാത്ത എൻഫോഴ്‌സ്‌മെന്റ് നീക്കത്തിന് കോടതികളിൽ നിരവധിതവണയാണ് തിരിച്ചടി നേരിട്ടത്. കേരളത്തിൽ അന്പരപ്പിക്കുന്ന വികസനങ്ങൾ യാഥാർഥ്യമക്കിയ കിഫ്‌ബിയെ അപകീർത്തിപ്പെടുത്തുകയെന്ന ബിജെപിയുടെ ലക്ഷ്യത്തിന് കുടപിടിക്കുകയാണ് ഇഡി.








0 comments