കലക്കാൻ വിമതർ; ആകെ പ്രതിസന്ധി


സ്വന്തം ലേഖകൻ
Published on Dec 08, 2025, 12:00 AM | 1 min read
തിരുവനന്തപുരം
വിമതരും ഗ്രൂപ്പുപോരും ശക്തമായി, പരാജയഭീതിയിൽ കടുത്ത പ്രതിസന്ധിയിലായി യുഡിഎഫ്. കോർപറേഷനിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഉൾപ്പെടെ വിമതർ പ്ര ചാരണരംഗത്ത് സജീവമാണ്. വാർഡ് കമ്മിറ്റികളിലെ തീരുമാനം മറികടന്ന് സ്വന്തം താൽപ്പര്യത്തിനനുസരിച്ച് നേതാക്കന്മാർ സ്ഥാനാർഥികളെ നിർത്തിയെന്ന് ആരോപിച്ചാണ് ഇവർ മത്സരത്തിനിറങ്ങിയത്. തിരുവനന്തപുരം കോർപറേഷനിൽ മൂന്ന് വാർഡിലും നെയ്യാറ്റിൻകര, നെടുമങ്ങാട് നഗരസഭകളിലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും വിമതരുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന വാർഡുകളിൽ ലീഗും വിമതരെ നിർത്തി. കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കുന്നുണ്ട്. കോർപറേഷനിലെ പുഞ്ചക്കരി വാർഡ് ആർഎസ്‌പിക്ക് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ എ ജി കൃഷ്ണവേണിയാണ് രംഗത്തുള്ളത്. ഹാർബർ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി നിസാബീവിക്കെതിരെ വിഴിഞ്ഞം പഞ്ചായത്ത് മുൻപ്രസിഡന്റുകൂടിയായ കോൺഗ്രസ് നേതാവ് ലതാസുഗതനും വിഴിഞ്ഞം വാർഡിൽ കോൺഗ്രസിലെ സുധീർഖാനെതിരെ യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈനും മത്സരിക്കുന്നുണ്ട്. പാറശാല ചെങ്കൽ പഞ്ചായത്തിലെ ആറയൂർ കിഴക്ക് വാർഡിലും കുളത്തൂർ പഞ്ചായത്തിലെ വിരാലിപുരം, ചെറുവൽപഴിഞ്ഞി വാർഡുകളിലും യുഡിഎഫിന് വിമതരുണ്ട്. പാറശാല പഞ്ചായത്തിലെ ഇഞ്ചിവിള, അയിങ്കാമം, പവതിയാൻവിള, കാരോട് പഞ്ചായത്തിലെ വെ ൺകുളം, കാന്തള്ളൂർ, പൊറ്റയിൽകട എന്നിവിടങ്ങളിലും വിമതർ പോരാട്ടത്തിലാണ്. നെടുമങ്ങാട് നഗരസഭയിൽ മാർക്കറ്റ്, പറമുട്ടം, അരശുപറമ്പ് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ മുസ്ലിംലീഗ് സ്ഥാനാർഥികളുണ്ട്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കൂന്തള്ളൂർ ഡിവിഷൻ, കല്ലിയൂർ പഞ്ചായത്തിലെ ഒന്നാംവാർഡ്, 21–ാം വാർഡ്, നെയ്യാറ്റിൻകര നഗരസഭയിലെ തൊഴുക്കൽ വാർഡ്, നിലമേൽ വാർഡ്, ടൗൺ വാർഡ്, കളത്തുവിള വാർഡ് എന്നിവിടങ്ങളിലും വിമതരുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ, തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി എന്നിവിടങ്ങളിലും കുറ്റിച്ചലിൽ ആറിടത്ത് ആർഎസ്‌പിയും കോൺഗ്രസിന് വെല്ലുവിളിയാണ്.











0 comments