പൂട്ടിക്കിടക്കുന്ന വീടുപോലും തട്ടിയെടുക്കും
കോൺഗ്രസ് ക്രിമിനൽ കൂട്ടം


സ്വന്തം ലേഖകൻ
Published on Dec 08, 2025, 12:00 AM | 1 min read
തിരുവനന്തപുരം
"ആളില്ലാത്ത വീടുപോലും അടിച്ചെടുക്കുന്ന ക്രിമിനൽ കൂട്ടങ്ങളല്ലേ കോൺഗ്രസ്, യെവൻമാർക്ക് എങ്ങനെ വോട്ട് ചെയ്യും. –കവടിയാറിലെ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചോദിച്ച് അനൗൺസ്മെന്റ് വാഹനം കടന്നുപോയപ്പോൾ ജവഹർ നഗർ സ്വദേശി മധു ചോദിക്കുകയാണ്. വ്യാജരേഖ ചമച്ച് ജവഹർ നഗറിലെ പത്ത് കോടി രൂപ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്റെയും സംഘത്തിന്റെയും തട്ടിപ്പ് നാട്ടുകാർ മറന്നിട്ടില്ല. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ വീടും 14 സെന്റ് വസ്തുവുമാണ് മാഫിയസംഘം കഴിഞ്ഞ ജനുവരിയിൽ കൈക്കലാക്കിയത്. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യവസായി അനിൽ തമ്പിയുമായി ചേർന്നാണ് മണികണ്ഠൻ തട്ടിപ്പ് നടത്തിയത്. വസ്തുവിന്റെ മേൽനോട്ടക്കാരൻ വില്ലേജ് ഓ ഫീസിൽ കരം അടയ്ക്കാനെത്തുമ്പോഴാണ് വീടും സ്ഥലവും മറ്റൊരാളുടെ പേരിലായെന്ന് അറിഞ്ഞത്. കേസി ൽ ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ റിമാൻഡിലാണ്. ആധാരം എഴുത്തുകാരൻ കൂടിയായ മണികണ്ഠൻ കോൺഗ്രസിലെ ഉന്നതബന്ധം ഉപയോഗിച്ച് തലസ്ഥാനത്ത് വൻ ഭൂമാഫിയ സംഘത്തെതന്നെ ഉണ്ടാക്കിയിട്ടുണ്ട്. മണികണ്ഠന് സംരക്ഷണമൊരുക്കിയത് മുൻമന്ത്രികൂടിയായ തലസ്ഥാനത്തെ കോൺഗ്രസ് നേതാവായിരുന്നു. ഇതേ നേതാവ് തലസ്ഥാനത്ത് ബിനാമി പേരിൽ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അവകാശികളില്ലാത്ത കെട്ടിടങ്ങളും നിയമക്കുരുക്കിൽ കിടക്കുന്ന വസ്തുക്കളും വ്യാജരേഖ ചമച്ച് തട്ടിയെടുക്കുന്നതാണ് തലസ്ഥാനത്തെ മാഫിയ സംഘത്തിന്റെ രീതി. ജില്ലയിൽ മറ്റൊരു ഭൂമി ഇടപാടിൽ വ്യാജ ട്രഷറി ചെലാനുകൾ ഉപയോഗിച്ച് ഭൂഉടമയിൽനിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തതിനും മണികണ്ഠനും സംഘത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമച്ച് ഭൂമിയിടപാടുകൾ നടത്തിയതായി നേരത്തെയും പരാതികളുണ്ടായിരുന്നെങ്കിലും പലതും പണംനൽകി ഒത്തുതീർപ്പാക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ മണികണ്ഠന്റെ കുടുംബവീട്ടിലും സ്ഥാപനത്തിലും ബാങ്കുകാർ ജപ്തിനോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാൽ രണ്ടുമാസത്തിനുള്ളിൽ കാലടിയിൽ ആഡംബര വീടിന്റെ നിർമാണം ആരംഭിക്കുകയും വാഹനം വാങ്ങുകയും ചെയ്തു. മണികണ്‌ഠൻ കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റുകാൽ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.











0 comments