സർക്കാർ നിലപാട് ശരിവെച്ച് സുപ്രീം കോടതി

തരം മാറ്റുന്ന ഭൂമി 25 സെന്റ് കടന്നാൽ മുഴുവൻ നിലത്തിനും നികുതി ബാധകം

supreme court
വെബ് ഡെസ്ക്

Published on Feb 20, 2025, 01:28 PM | 1 min read

ന്യൂഡൽഹി: ഭൂമി തരംമാറ്റുമ്പോൾ നൽകുന്ന പത്ത് ശതമാനം ഫീസ് ഭൂവിസ്തൃതി 25 സെന്റ് പരിധിയിൽ കവിഞ്ഞാൽ മുഴുവൻ നിലത്തിനും ബാധകമായിരിക്കുമെന്ന് സുപ്രീം കോടതി. കേരള സംസ്ഥാന നിയമത്തിനെതിരായ ഹർജിയിലെ ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി.

ഹൈക്കോടതി വിധി പ്രകാരം 25 സെന്റ് പരിധിയിൽ കവിഞ്ഞ് അധികം വരുന്ന ഭൂമിക്ക് മാത്രമായിരുന്നു പത്ത് ശതമാനം ഈടാക്കിയിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് വിധി.


സുപ്രീം കോടതി സംസ്ഥാന നിയമം ശരിവെച്ചതോടെ ഇനി 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകേണ്ടി വരും.

25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കുമാത്രം ഫീസ് നൽകിയാൽ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.


ചെറുകിട ഉടമകൾക്ക് നൽകിയ ഇളവ് ശരിവെച്ചു


ചെറുകിട ഭൂഉടമകളെ സഹായിക്കാൻ 2021 ഫെബ്രുവരി 25-ന് തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് സർക്കാർ ഇളവ് വരുത്തിയിരുന്നു. തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 27- എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരുന്നത്. അതിൽ കൂടുതലുള്ള ഭൂമി ഭൂമി തരംമാറ്റുകയാണെങ്കിൽ ആകെയുള്ള ഭൂമിയുടെ 10 ശതമാനം ന്യായവില അനുസരിച്ച് ഫീസ് നല്‍കണമെന്നുമാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്ന സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്. ഇതാണ് സുപ്രീം കോടതി നിലനിർത്തിയിരിക്കുന്നത്.


സംസ്ഥാന സർക്കാരിന്റെ സർക്കുലർ നേരത്തെ ഹൈക്കോടതി റദ്ദാക്കുകയാണ് ഉണ്ടായത്. തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10 ശതമാനം ഫീസ് അടച്ചാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീം കോടതി അംഗീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home