എന്തുകൊണ്ട് മ്യാൻമർ

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മ്യാൻമറിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സമീപകാലത്തെ ഏറ്റവും ശക്തമായ ഭൂകമ്പമാണ്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയിലെ പ്രഭവകേന്ദ്രത്തിൽനിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിൽപ്പോലും വ്യാപകമായ കുലുക്കം അനുഭവപ്പെട്ടു. തുടർന്നുണ്ടായ നിരവധി തുടർചലനങ്ങളിൽ 11 മിനിറ്റിനുശേഷം 6.4 തീവ്രത രേഖപ്പെടുത്തിയതും ഉൾപ്പെടുന്നു. ഈ ഭൂകമ്പം അപ്രതീക്ഷിതമെന്ന് കരുതാനാകില്ല. ഈ ഭ്രംശനമേഖലയിൽ മുമ്പും ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ മധ്യത്തിലൂടെ വടക്കുനിന്ന് തെക്കോട്ട് നീളുന്ന സാഗൈംഗ് ഭ്രംശന മേഖല (Sagaing Fault)യിലാണ് ഈ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുള്ളത്. 1930നും 1956നും ഇടയിൽ 7.0 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ആറ് ശക്തമായ ഭൂകമ്പങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്ന് അമേരിക്കയുടെ ഭൂകമ്പ നിരീക്ഷണകേന്ദ്രമായ യുഎസ്ജിഎസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തെക്കുകിഴക്കൻ ഏഷ്യ
എന്തുകൊണ്ടാണ് തെക്കുകിഴക്കൻ ഏഷ്യ കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാകുന്നെന്ന ചോദ്യം വീണ്ടുമുയരുന്നത്. 40 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ, യുറേഷ്യൻ ഫലകങ്ങളുടെ കൂട്ടിയിടിയിൽനിന്ന് ഉത്ഭവിച്ച ഹിമാലയം, ദക്ഷിണ ഇന്തോ-ബർമൻ ശ്രേണി, ആൻഡമാൻ- നിക്കോബാർ എന്നിവയുൾപ്പെടെ ഭൂമിയിലെ ഏറ്റവും വലിയ ഭ്രംശനമേഖലകളിൽ ചിലതിനോട് ചേർന്നു കിടക്കുന്നതിനാൽ ദക്ഷിണേഷ്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും പല ഭാഗങ്ങളും ഭൂകമ്പ സാധ്യത കൂടുതലാണ്. രണ്ടു ഭൂവൽക്ക പാളികൾ കൂട്ടിയിടിച്ചാണ് ഹിമാലയവും ദക്ഷിണ ഇന്തോ–-- ബർമൻ ശ്രേണിയും ഉണ്ടായതെങ്കിലും ഈ രണ്ടു മേഖലയിലെയും ഭൂകമ്പങ്ങൾ പലതുകൊണ്ടും വ്യത്യസ്ത സ്വഭാവങ്ങൾ കാണിക്കാറുണ്ട്.
തെക്കുകിഴക്കൻ ഏഷ്യയിലെ ടെക്റ്റോണിക് അതിർത്തികളിലെ ഭൂകമ്പങ്ങൾ സ്വഭാവത്തിൽ വൈവിധ്യമുള്ളവയാണ്. അവയിൽ ചിലത് ഉത്ഭവിക്കുന്നത് അധികം ആഴമില്ലാത്ത (5 മുതൽ 15 കിലോമീറ്റർ വരെ) പ്രഭവകേന്ദ്രങ്ങളിൽനിന്നാകാം. മറ്റു ചില ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം 200 മുതൽ 400 കിലോമീറ്റർ വരെയുള്ള ആഴത്തിലാകാം. ഇപ്പോഴുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർമാത്രം ആഴത്തിലായതിനാലാണ് കൂടുതൽ നാശനഷ്ടമുണ്ടാക്കിയതും വ്യാപകമായി കുലുക്കം അനുഭവപ്പെട്ടതും.
ഹിമാലയത്തിൽ ഉത്ഭവിക്കുന്ന വലിയ ഭൂകമ്പങ്ങൾ ഏതാണ്ട് കിഴക്കു പടിഞ്ഞാറു ദിശയിലുള്ള ഹിമാലയ പ്ലേറ്റ് അതിർത്തിയിലാണ് ഉണ്ടാകുന്നത്. ത്രസ്റ്റ് ഫോൾട്ടുകൾ (Thrust faults) എന്ന് ഭൗമശാസ്‌ത്രജ്ഞർ വിളിക്കുന്ന ഇവിടത്തെ ഭ്രംശനമേഖലയുടെ ഇരുവശവുമുള്ള പാളികൾ പരസ്പരം ഉരസി, ഒന്ന് മറ്റൊന്നിന്റെ മുകളിലേക്ക് ഇടിച്ചു കയറുകയാണ് ചെയ്യുക. ഈ പ്രദേശത്ത് ഭൂകമ്പങ്ങൾ സാധാരണയായി 15 മുതൽ 30 കിലോമീറ്റർവരെ ആഴത്തിലാണ് ഉണ്ടാകുന്നത്.
കിഴക്കൻ ഇന്തോ ബർമൻ ശ്രേണി സങ്കീർണം
ഏകദേശം 2500 കിലോമീറ്റർ നീളമുള്ള ഹിമാലയ പ്ലേറ്റ് അതിർത്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ, കിഴക്കൻ ഇന്തോ ബർമൻ ശ്രേണികളുടെ ഘടന കൂടുതൽ സങ്കീർണമാണ്. വടക്കു -തെക്ക് ദിശയിലുള്ള വലിയ ത്രസ്റ്റ് ഭ്രംശനമേഖലകൾക്ക് പുറമെ, മ്യാൻമാർ മേഖലയിൽ മറ്റ് സമാന്തര ഭ്രംശമേഖലകളും വികസിച്ചിരിക്കുന്നു. ഇന്ത്യ, സുൻഡ പ്ലേറ്റുകൾക്കിടയിൽ ഏകദേശം 1200 കിലോമീറ്റർ നീളത്തിൽ തെക്ക് വടക്കു ദിശയിൽ സ്ഥിതിചെയ്യുന്ന സാഗൈംഗ് (Sagaing) ഭ്രംശനമേഖല ഇതിൽ പ്രധാനമാണ്. ഇവിടെ ഭ്രംശന മേഖലയുടെ ഇരുവശവുമുള്ള പാളികൾ ഒന്നിന് മുകളിലേക്ക് ഇടിച്ചു കയറുകയല്ല, സമാന്തരമായി വഴുതിമാറിക്കൊണ്ടിരിക്കുന്നു. ഇത്തരം മേഖകളിലുണ്ടാകുന്ന ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രങ്ങൾക്ക് പൊതുവെ 10–--15 കിലോമീറ്ററിലധികം ആഴമുണ്ടാകാറില്ല. അതുകൊണ്ടുതന്നെ അവ കൂടുതൽ അപകടങ്ങളുണ്ടാക്കും. മ്യാൻമറിന്റെ മധ്യത്തിലൂടെ വടക്കുനിന്ന് തെക്കോട്ട് വ്യാപിക്കുന്ന സാഗൈംഗ് ഭ്രംശമേഖലയുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് വൻ നാശമുണ്ടായിരിക്കുന്നത്.
കൂടുതൽ കരുതിയിരിക്കണം
ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിലോ ടിബറ്റിലോ അഫ്ഘാനിസ്ഥാനിലോ ഒക്കെ ഭൂചലനങ്ങളുണ്ടായാൽ അവ വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും അനുഭവപ്പെടുമെന്നിരിക്കെ, എന്തുകൊണ്ടാകാം മ്യാൻമറിലെ ഭൂകമ്പം ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ കാര്യമായി അനുഭവപ്പെടാതിരുന്നത്. കാരണം മറ്റൊന്നുമല്ല, തെക്കു -കിഴക്കു ദിശയിലുള്ള സാഗൈംഗ് ഫോൾട്ടിന്റെ ഘടനതന്നെ. യുഎസ്ജിഎസ് പുറത്തിറക്കിയ വിവരമനുസരിച്ച് വടക്കുകിഴക്കു ദിശയിൽത്തന്നെയാണ് കൂടുതൽ പ്രകമ്പനം അനുഭവപ്പെട്ടത്. മ്യാൻമാർ ഭൂകമ്പം ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. ഹിമാലയം മാത്രമല്ല, ഇന്ത്യയോട് ചേർന്നുകിടക്കുന്ന, ഇന്ത്യൻ യുറേഷ്യൻ ഫലകങ്ങളുടെ കൂട്ടിയിടിയിൽനിന്ന് ഉത്ഭവിച്ച പല ഭ്രംശനമേഖലകളിലും വൻ ഭൂകമ്പങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. നമ്മുടെ അതിർത്തികൾ ഭൗമശാസ്ത്രപരമായി അശാന്തമാണ്. നാം കൂടുതൽ കരുതിയിരിക്കേണ്ടതുണ്ട്.








0 comments