സുനിതയുടെ 13 മണിക്കൂർ ബഹിരാകാശ നടത്തം ; ലോകം കാത്തിരിക്കുന്നു

sunitha williams
avatar
ദിലീപ്‌ മലയാലപ്പുഴ

Published on Jan 11, 2025, 11:02 PM | 1 min read


ഏഴു മാസമായി നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസ്‌ സങ്കീർണമായ സ്‌പെയ്‌സ്‌ വാക്കിന്‌ ഒരുങ്ങുന്നു. നിലയത്തിനുപുറത്ത്‌ 13 മണിക്കൂർ അവർ ചെലവഴിക്കും. രണ്ടു ദിവസമായാണിത്‌. നിലയത്തിന്‌ അനിവാര്യമായ അറ്റകുറ്റപ്പണിക്ക്‌ അവർ നേതൃത്വം നൽകും. സമീപകാലത്തെ ഏറ്റവും നീണ്ട അറ്റകുറ്റപ്പണിയാകുമിത്‌. പൂർണതോതിലുള്ള നവീകരണം എന്നാണ്‌ നാസതന്നെ വിശേഷിപ്പിച്ചിരിക്കുന്നത്‌.


ആദ്യ ബഹിരാകാശ നടത്തം ജനുവരി 16ന് രാവിലെ എട്ടിന്‌ ആരംഭിക്കും. ആറര മണിക്കൂർ നീണ്ടുനിൽക്കും. നാസയുടെ ബഹിരാകാശയാത്രികരായ നിക്ക് ഹേഗും സുനിതയ്‌ക്കൊപ്പം ചേരും. നിലയത്തിലെ തകരാറിലായ പാത നിയന്ത്രണ സംവിധാനം മാറ്റി സ്ഥാപിക്കുക, എക്‌സറേ ടെലിസ്‌കോപ്പ്‌ നിസർ, നാവിഗേഷൻ റിഫ്‌ളക്ടർ, ആൽഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്റർ തുടങ്ങിയവ പരിശോധിച്ച്‌ അറ്റകുറ്റപ്പണി നടത്തുക എന്നിവയാണ്‌ ദൗത്യം. കൂടാതെ, നിലയത്തിന്റെ പുറംചട്ടയിൽ പൂർണ പരിശോധനയും ഉണ്ടാകും. നിലയത്തിൽ ജൂൺമുതൽ കുടുങ്ങിപ്പോയ സഹയാത്രികൻ ബുച്ച്‌ വിൽമോറാണ്‌ രണ്ടാം ബഹിരാകാശ നടത്തത്തിൽ സുനിതയ്‌ക്കൊപ്പം ചേരുക.


23ന്‌ രാവിലെ 7.15ന്‌ ആരംഭിക്കുന്ന ദൗത്യവും ആറര മണിക്കൂർ നീളും. ഇരുവരും ചേർന്ന്‌ റേഡിയോ ഫ്രീക്വൻസി ആന്റിന മാറ്റി സ്ഥാപിക്കും. നിലയത്തിനു പുറത്തുള്ള യന്ത്രക്കൈയുടെ തകരാറുകൾ പരിഹരിക്കും. ഇതുകൂടാതെ സൂക്ഷ്‌മാണുക്കളുടെ സാന്നിധ്യവും പരിശോധിക്കും. മൂന്നുതവണ നിലയത്തിലെത്തിയിട്ടുള്ള സുനിതയുടെ എട്ടാമത്തെ ബഹിരാകാശ നടത്തമാണിത്‌. അതിനിടെ സുനിതയുടെയും ബുച്ച്‌ വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കം അനിശ്‌ചിതമായി നീളുകയാണ്‌. ഏറ്റവും ഒടുവിൽ അടുത്തമാസമാണ്‌ ഇരുവരും മടങ്ങാനിരുന്നത്‌. മടക്കയാത്രയ്‌ക്കുള്ള പേടകം തയ്യാറാകാത്തതിനാൽ യാത്ര വീണ്ടും നീട്ടിയിരിക്കുകയാണ്‌. ബോയിങ്‌ സ്‌റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി അതേ പേടകത്തിൽ കഴിഞ്ഞ ജൂൺ ആറിനാണ്‌ ഇരുവരും അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിലെത്തിയത്‌. സ്‌റ്റാർലൈനർ പേടകത്തിന്‌ യാത്രയ്‌ക്കിടെതന്നെ സാങ്കേതികത്തകരാറുകൾ ഉണ്ടായി. ഇതുമൂലമാണ്‌ ഇരുവർക്കും മടങ്ങാൻ കഴിയാതിരുന്നത്‌. എന്തായാലും സുനിതയുടെ മണിക്കൂറുകൾ നീളുന്ന ബഹിരാകാശ നടത്തം കൗതുകപൂർവം കാത്തിരിക്കുകയാണ്‌ ലോകം.



deshabhimani section

Related News

View More
0 comments
Sort by

Home