ശ്രീഹരിക്കോട്ട @ 100


വി പി ബാലഗംഗാധരൻ
Published on Jan 26, 2025, 01:00 AM | 3 min read
ശ്രീ ഹരിക്കോട്ട സതീഷ് ധവാൻ സ്‌പേയ്‌സ് സെന്റർ... ഇന്ത്യയുടെ ബഹിരാകാശ കവാടമെന്ന് അറിയപ്പെടുന്ന ഇവിടെനിന്നാണ് ചന്ദ്രനെയും ചൊവ്വയെയും സൂര്യനെയും പഠിക്കാനുള്ള യാത്രകൾ ഐഎസ്‌ആർഒ ആരംഭിച്ചത്. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച റെക്കോഡ് കുതിപ്പും ഇവിടെനിന്നായിരുന്നു. വിദേശ ഉപഗ്രഹങ്ങളടക്കം വിജയകരമായി വിക്ഷേപിച്ച ശ്രീഹരിക്കോട്ട റേഞ്ച് (ഷാർ) എൻജിനിയറിങ് മികവിന്റെ സാക്ഷ്യപത്രമാണ്. ഇവിടെനിന്നുള്ള നൂറാമത്തെ വിക്ഷേപണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഐഎസ്‌ആർഒ. വിക്ഷേപണം 29ന് നടക്കും.
പടിഞ്ഞാറൻ തീരത്തെ തുമ്പയിൽനിന്ന് വിക്ഷേപിക്കുന്ന, ചെറിയ റോക്കറ്റുകൾ എന്നെങ്കിലും വലുതാവുമ്പോൾ അവയെ കിഴക്കോട്ട് വിക്ഷേപിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞത് വിക്രം സാരാഭായിയാണ്. ഈ തിരിച്ചറിവാണ് അദ്ദേഹത്തെ ശ്രീഹരിക്കോട്ടയിലേക്ക് നയിച്ചത്. ഒറ്റപ്പെട്ടുകിടന്ന ദ്വീപിനെ ലോകോത്തര വിക്ഷേപണ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ഐഎസ്‌ആർഒ.
അൽപ്പം ചരിത്രം
തിരുവനന്തപുരത്തെ തുമ്പയിൽ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയ പ്രൊഫ. ചിറ്റ്ണിസു തന്നെയാണ് ചെന്നൈയിൽനിന്ന് 80 കിലോമീറ്റർ വടക്കുമാറി 38,000 ഏക്കറുള്ള ശ്രീഹരിക്കോട്ട ദ്വീപ്, പുതിയ റോക്കറ്റ് കേന്ദ്രത്തിനായി കണ്ടെത്തിയത്.1971 ഒക്ടോബർ 9-ന് പുതിയ കേന്ദ്രത്തിൽനിന്നുള്ള ആദ്യ വിക്ഷേപണം നടന്നു. 35 കിലോഗ്രാം ഭാരമുള്ള രോഹിണി- 125ലാണ് തുടക്കം. സൗണ്ടിങ്‌് റോക്കറ്റായിരുന്നു ഇത്. 77 ആയപ്പോഴേക്കും 6 ടൺ ഭാരമുള്ള റോക്കറ്റ് വിക്ഷേപിക്കാനുള്ള സൗകര്യമായി.
അക്കാലത്ത് ചെറുതരം സൗണ്ടിങ് റോക്കറ്റുകളുടെ വിക്ഷേപണം തുടർച്ചയായി നടക്കുന്നുണ്ടായിരുന്നു. ശ്രീഹരിക്കോട്ടയിൽ ഇതുവരെ വിക്ഷേപിച്ച രോഹിണി (ആർഎച്ച്) 125 മുതൽ ആർഎച്ച് -560 വരെയുള്ള 538 സൗണ്ടിങ് റോക്കറ്റുകളിൽ 370 എണ്ണം (തുമ്പയിൽനിന്ന് ഇടയ്ക്കിടെ വിക്ഷേപിക്കാറുള്ള) ആർഎച്ച്- 200 ഇനത്തിൽപ്പെട്ടതാണ്. എന്നാൽ ഇന്ന് ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾക്കാണ് പ്രസക്തി. അവയുടെ വിക്ഷേപണം 1979 ആഗസ്‌ത് 10-ന് എ പി ജെ അബ്ദുൽ കലാം നയിച്ച ആദ്യ എസ്എൽവി-3 വിക്ഷേപണത്തോടെ ആരംഭിച്ചു. സ്പേയ്‌സ് ഡോക്കിങ് ദൗത്യത്തിനായുള്ള പിഎസ്എൽവി സി-60 വരെയുള്ള 99 വിക്ഷേപണങ്ങളിലും ശ്രീഹരിക്കോട്ടയുടെ മികവിന്റെ കൈയൊപ്പുകൾ കാണാം. വിരളമായ ചില പരാജയങ്ങൾ പോലും പിൽക്കാല ദൗത്യങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു.
പ്രധാന ദൗത്യങ്ങൾ
ഏതാണ് പ്രധാനമെന്ന് തിരിച്ചറിയാൻ പ്രയാസമായത്രയധികം മികച്ച ദൗത്യങ്ങൾ ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചിട്ടുണ്ട്. ആദ്യം വിജയിച്ച എസ്എൽവി-ഇ-2 റോക്കറ്റ് വിക്ഷേപിച്ചതോടെ ഇന്ത്യ സ്വന്തമായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന അപൂർവ രാഷ്ട്രങ്ങളുടെ നിരയിൽ ഇടം നേടി. തുടർന്ന് നിരവധി പ്രധാന ദൗത്യങ്ങളിൽ ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ, എസ്ആർഇ,സ്പേസ് ഡോക്കിങ് പോലുള്ള മികവുറ്റ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയതോടെ ലോക ബഹിരാകാശ ഗവേഷണരംഗത്തെ മുൻനിരയിൽ ഐഎസ്‌ആർഒ എത്തി. 60ലധികം പിഎസ്എൽവികളും 16 ജിഎസ്എൽവിയും 7 തവണ ജിഎസ്എൽവി മാർക്ക് 3യും ഇവിടെനിന്ന് പറന്നുയർന്നു. കഴിഞ്ഞ ഡിസംബർ 30-ന് നടന്ന 99-‐ാമത്തെ ദൗത്യത്തിലൂടെ ബഹിരാകാശ സംഗമത്തിനുള്ള സ്പേസ് ഡോക്കിങ് പരീക്ഷണം വിജയിച്ചത് മറ്റൊരു നാഴികക്കല്ലായി.
എസ്എൽവിയുടെ 4 ദൗത്യങ്ങൾക്കുശേഷം വന്നത് എഎസ്എൽ വി 4 ദൗത്യങ്ങളാണ്. വിശ്വസ്‌ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എൽവിയാണ് ശ്രീഹരിക്കോട്ടയിൽനിന്ന് ഏറ്റവും കൂടുതൽ വിക്ഷേപിച്ചിട്ടുള്ളത്. എണ്ണത്തിൽ കുറവെങ്കിലും വണ്ണത്തിൽ ഒട്ടും കുറവില്ലാത്ത, ഭാരമേറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ നിർമിച്ച ജിഎസ്എൽവിയും അതിലും വലിയ ജിഎസ്എൽവി-മാർക്ക് -3 (എൽവിഎം-3) ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചിട്ടുണ്ട്. ചെറു ഉപഗ്രഹ വിക്ഷേപണ വാഹിനിയായ എസ്എസ്എൽവിയും ഇവിടെനിന്ന് പറന്നുയർന്നു.
സ്‌പേസ് പോർട്ട്
ശ്രീഹരിക്കോട്ട ഒരു വെറും വിക്ഷേപണത്തറയല്ല. അത് റോക്കറ്റ് വിക്ഷേപണസമുച്ചയങ്ങളുടെ ‘നഗരമാണ്’. ഇന്ത്യയുടെ സ്‌പേസ് പോർട്ട്. വിവിധ ശ്രേണി റോക്കറ്റുകൾക്ക് ഉപയോഗിക്കാവുന്ന 2 സമഗ്രമായ വിക്ഷേപണസമുച്ചയങ്ങളാണ് ഇവിടുത്തെ ഏറ്റവും സങ്കീർണമായ സംവിധാനങ്ങൾ. ഈ സമുച്ചയങ്ങളിൽ വിക്ഷേപണ തറകൾ, മൊബൈൽ സർവീസ് ടവറുകൾ, വാഹനങ്ങൾ അസംബ്ലി ചെയ്യുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനും പരിശോധന നടത്തുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാമുണ്ട്.
വിക്ഷേപണ വാഹനങ്ങളുടെ സംയോജനം, പരിശോധന എന്നിവയ്ക്ക് ഈ സൗകര്യം നിർണായകമാണ്. റോക്കറ്റ് ഘടകങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിനും പേലോഡുകൾ സംയോജിപ്പിക്കുന്നതിനും റോക്കറ്റ് എഞ്ചിനുകളുടെ സ്റ്റാറ്റിക് ടെസ്റ്റുകൾ നടത്തുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങൾ ഇവിടെയുണ്ട്.
ലോകത്തിലെ ഒന്നാംകിട ഖരനോദക നിർമാണ പ്ലാന്റും ശ്രീഹരിക്കോട്ടയുടെ അഭിമാനമാണ്. നിരവധി ഇന്ത്യൻ വിക്ഷേപണ വാഹനങ്ങളുടെ പ്രധാന ഘടകമായ ഖര ഇന്ധന റോക്കറ്റ് മോട്ടോറുകളുടെ നിർമാണവും പരിശോധനയും ഇവിടെ നടക്കുന്നു. വിവിധ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ദ്രവ ഇന്ധനങ്ങൾ സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും.
വിക്ഷേപണ സമയത്തും അതിനുശേഷം വാഹനവും നിയന്ത്രണ സംവിധാനവുമായുള്ള വാർത്താവിനിമയത്തിനായുള്ള ടെലിമെട്രി, ട്രാക്കിങ്, കമാൻഡ് നെറ്റ്‌വർക്ക് ശ്രീഹരിക്കോട്ടയുടെ അധീനതതയിലുണ്ട്. എല്ലാ വിക്ഷേപണ പ്രവർത്തനങ്ങളുടെയും നാഡീകേന്ദ്രമായ മിഷൻ കൺട്രോൾ സെന്ററും ഇവിടെയാണ്. ശാസ്ത്രജ്ഞരും എൻജിനിയർമാരും മിഷന്റെ എല്ലാ വശങ്ങളും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും ഇവിടെയാണ്. ഗഗൻയാൻ,ശുക്രയാൻ, നാലാം ചാന്ദ്രയാൻ, ബഹിരാകാശനിലയ നിർമാണം തുടങ്ങിയ ദൗത്യങ്ങൾക്കായി തയ്യാറെടുക്കുന്ന ഐഎസ്‌ആർഒക്ക് ശ്രീഹരിക്കോട്ട വലിയ മുതൽക്കൂട്ടാണ്. ശ്രീഹരിക്കോട്ടയിൽ ഭാവി ദൗത്യങ്ങൾക്കായുള്ള അത്യാധുനിക വിക്ഷേപണത്തറ നിർമിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്‌ആർഒ.
(ഐഎസ്‌ആർഒയിലെ മുൻ ശാസ്‌ത്രജ്ഞനാണ് ലേഖകൻ)
ധവാന്റെ പേര്
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ ഭരണസംവിധാനത്തിലെ വഴിത്തിരിവായിരുന്നു സതീഷ് ധവാന്റെ വരവ്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയറക്ടറായിരുന്ന സതീഷ് ധവാൻ 1972 ജൂലൈയിൽ ബഹിരാകാശ വകുപ്പിന്റെ തലവനായി. ധവാൻ ചുമതലയേൽക്കുമ്പോൾ ശ്രീഹരിക്കോട്ട എസ്എൽവി പോലുള്ള ചെറിയ വാഹനങ്ങൾ വിക്ഷേപിക്കാൻ മാത്രം സജ്ജമായിരുന്നു. അദ്ദേഹം ശ്രീഹരിക്കോട്ടയുടെ സാധ്യതകൾ തിരിച്ചറിഞ്ഞു. ധവാന്റെ നേതൃത്വത്തിൽ, ശ്രീഹരിക്കോട്ട ലോകോത്തര ബഹിരാകാശ കേന്ദ്രമായി മാറാനുള്ള പദ്ധതികൾ രൂപപ്പെട്ടു. ശ്രീഹരിക്കോട്ടയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകളുടെ അംഗീകാരമായി, ഇസ്രോ ഈ കേന്ദ്രത്തിന് സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേര് നൽകി. സെന്റർ ഡയറക്ടർമാരായി മലയാളി ശാസ്‌ത്രജ്‌ഞർ ചുമതലവഹിച്ചിട്ടുണ്ട്. 1985 മുതൽ 89 വരെ എം ആർ കുറുപ്പായിരുന്നു ഡയറക്ടർ. എം സി ദത്തൻ(2008–-12), പി കുഞ്ഞികൃഷ്‌ണൻ(2015–18)എന്നിവരാണ് മറ്റുള്ളവർ. നിലവിൽ ഡയറക്ടറായ എ രാജരാജനും കേരള ബന്ധമുള്ളയാളാണ്. ഡോ. എസ് സോമനാഥ് ഐഎസ്‌ആർഒ ചെയർമാനായിരിക്കെ നിരവധി വികസന പ്രവർത്തനങ്ങൾ ശ്രീഹരിക്കോട്ടയിൽ നടത്തി.
സെഞ്ച്വറിയിൽ ജിഎസ്‌എൽവി
നൂറാം വിക്ഷേപണത്തിൽ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്–02നെ ലക്ഷ്യത്തിലെത്തിക്കുക ജിഎസ്‌എൽവി റോക്കറ്റാണ്. 29ന് രാവിലെ 6.23ന് പേടകവുമായി ജിഎസ്‌എൽവി എഫ്15 റോക്കറ്റ് കുതിക്കും. 20 മിനിറ്റിനുള്ളിൽ നിശ്ചിത ഭ്രമണപഥത്തിൽ ഉപഗ്രഹമെത്തും. 2250 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. 50.9 മീറ്ററാണ് റോക്കറ്റിന്റെ ഉയരം.









0 comments