ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി ശുഭാംശു ശുക്ല


വി പി ബാലഗംഗാധരൻ
Published on Jun 01, 2025, 12:00 AM | 2 min read
ഗഗൻയാൻ ദൗത്യത്തിനായി കാത്തിരിക്കാതെ, ശുഭാൻശു ശുക്ല ബഹിരാകാശ യാത്രയ്‌ക്കുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ 14 ദിവസത്തെ വാസമാണ് ലക്ഷ്യം. മറ്റ് തടസ്സമൊന്നും ഉണ്ടായില്ലെങ്കിൽ ജൂൺ എട്ടിന് പുറപ്പെടും. യാത്രയുടെ മുന്നോടിയായി ശുക്ലയും സംഘവും ‘ക്വാറന്റൈനി’ ൽ പ്രവേശിച്ചു കഴിഞ്ഞു. നാസയുടെ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയാകും ശുക്ല. രാകേഷ് ശർമയുടെ പിൻഗാമിയായി ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും.
ആക്സിയം-4 മിഷൻ
ജൂൺ 8-ന് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് യാത്ര. സ്പേയ്‌സ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ശുക്ലയും സംഘവുമായി കുതിക്കുക. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് അവർ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുക. അമേരിക്കൻ കമ്പനിയായ ആക്സിയം സ്പേസ്, നാസ, സ്പേയ്‌സ്എക്സ്, ഐഎസ്‌ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ദൗത്യം. രണ്ടാഴ്‌ച അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ ചെലവഴിക്കുന്ന സംഘം നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. മെക്രോ ഗ്രാവിറ്റിയെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളാണിവ. വരാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന് അറിവും അനുഭവസമ്പത്തും നൽകുന്നതാണിത്. ഐഎസ്ആർഒ-യും ആക്സിയം സ്പേയ്‌സും ഒപ്പുവച്ച കരാർ പ്രകാരാണ് ശുക്ലയുടെ ഇപ്പോഴത്തെ യാത്ര. ഗഗൻയാൻ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ് അദ്ദേഹം. ഗ്രൂപ്പ് ക്യാപ്റ്റൻ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഈ ദൗത്യത്തിൽ ശുക്ലയുടെ പകരക്കാരൻ.
തയ്യാറെടുപ്പ്
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി 2020-ൽ റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനോട്ട് പരിശീലന കേന്ദ്രത്തിൽ ശുക്ല അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയിരുന്നു. ബംഗളൂരുവിലെ ഐഎസ്ആർഒ- പരിശീലന കേന്ദ്രത്തിൽ സൂക്ഷ്മ ഗുരുത്വാകർഷണ പരിശീലനവും അടിയന്തര നടപടിക്രമങ്ങളും അഭ്യസിച്ചു. 2024-ൽ കാലിഫോർണിയയിലെ സ്പേയ്‌സ്എക്സ് ആസ്ഥാനത്ത് ക്രൂ ഡ്രാഗൺ പരിശീലനവും നാസയുടെ ജോൺസൺ സ്പേയ്‌സ് സെന്ററിൽ ബഹിരാകാശനിലയ പരിശീലനവും നടത്തി. കഴിഞ്ഞ മാസം 26-ന് പ്രീ-ഫ്ലൈറ്റ് ക്വാറന്റൈനിൽ പ്രവേശിച്ചു.

ടെസ്റ്റ് പൈലറ്റ്
1985 ഒക്ടോബർ 10-ന് ഉത്തർപ്രദേശിലെ ലക്നൗവിൽ റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ ശംഭു ദയാൽ ശുക്ലയുടെയും ആശാ ശുക്ലയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് വിങ് കമാൻഡർ ശുഭാൻഷു ശുക്ല, 2000 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള വ്യോമസേന ടെസ്റ്റ് പൈലറ്റാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയശേഷം 2006-ൽ വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ ചേർന്നു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയ്‌റോസ്പേസ് എൻജിനിയറിങ്ങിൽ എംടെക് നേടി. ഭാര്യ ഡോ. കാമന ശുക്ലയ്ക്കും നാല് വയസ്സുകാരനായ മകനുമൊപ്പം ലക്നൗവിൽ താമസം.
മറ്റുള്ളവർ
ആക്സിയം-4 മിഷന്റെ ഭാഗമായി ശുക്ലയ്‌ക്കൊപ്പം മൂന്നു പേർകൂടി ബഹിരാകാശനിലയത്തിലേക്ക് പോകുന്നുണ്ട്. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്സിയം സ്പേയ്‌സിന്റെ ഹ്യൂമൻ സ്പേയ്‌സ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ ആണ് കമാൻഡർ. ശുഭാൻശു ശുക്ല പൈലറ്റും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവസ്‌കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റുള്ളവർ.

ആക്സിയം-4 മിഷൻ സംഘാംഗങ്ങൾ ടിബോർ കാപു, ശുഭാൻശു ശുക്ല, പെഗ്ഗി വിറ്റ്സൺ, സ്വാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവസ്‌കി
ഗഗൻയാൻ
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്‌ആർഒയുടെ സ്വന്തം പദ്ധതിയാണ് ഗഗൻയാൻ. 1984-ൽ രാകേഷ് ശർമ സോവിയറ്റ് ദൗത്യത്തിൽ ബഹിരാകാശത്ത് എത്തിയതോടെയാണ് ഇന്ത്യ ഇങ്ങനെയൊരു സ്വപ്നം കാണാൻ തുടങ്ങിയത്. 2006-ൽ "ഓർബിറ്റൽ വെഹിക്കിൾ' എന്ന ആശയം വന്നു. 2009ഓടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തയ്യാറെടുപ്പുകളുടെ ഭാഗമായി ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ-1 വിജയകരമായി പൂർത്തിയാക്കി. വിക്ഷേപണ വാഹനം എൽവിഎം 3 റോക്കറ്റ്, ക്രൂ എസ്കേപ്പ് സിസ്റ്റം, ക്രൂ സർവീസ് മൊഡ്യൂളുകൾ തുടങ്ങിയവ തയ്യാറാകുകയാണ്. തെരഞ്ഞെടുക്കപ്പെട്ട വ്യോമസേനാംഗങ്ങളായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവർ റഷ്യയിൽ വിപുലമായ പരിശീലനം പൂർത്തിയാക്കി. ഇതിനിടെയാണ് ശുക്ലയ്‌ക്ക് ആക്സിയം-4 ദൗത്യത്തിൽ അവസരം ലഭിക്കുന്നത്.
ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യത്തെ ആളില്ലാ ദൗത്യം ഈ വർഷം നടക്കും. അടുത്തവർഷം രണ്ടാമത്തേതും. ഇവയിൽ "വ്യോമമിത്ര' എന്ന വനിതാ ഹ്യൂമനോയിഡ് റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. 2027-ലായിരിക്കും മനുഷ്യദൗത്യം. 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ മൂന്ന് ദിവസത്തേക്കാണ് യാത്ര ലക്ഷ്യമിടുന്നത്. മടക്കയാത്രയിൽ ദൗത്യപേടത്തെ അറബിക്കടലിൽ സുരക്ഷിതമായി ഇറക്കും.
(തിരുവനന്തപുരം വിഎസ്‌എസ്‌സിയിലെ മുൻ ശാസ്‌ത്രജ്ഞനാണ് ലേഖകൻ)









0 comments