പ്ലാസ്റ്റിക്‌ മലിനീകരണം ആഗോള പ്രതിസന്ധിയിലേക്കോ

plastic pollution
avatar
ഡോ. കുശല രാജേന്ദ്രൻ

Published on Jul 27, 2025, 11:46 AM | 2 min read

പ്ലാസ്‌റ്റിക് മാലിന്യ ഭീഷണി നേരിടാൻ സമീ പകാലത്തായി കേരളം സ്വീകരിക്കുന്ന നടപടികൾ മാതൃകാപരമാണ്‌. ഒക്ടോബർ രണ്ടുമുതൽ കൂടുതൽ ഫലപ്രദവും പ്രായോഗികവുമായ നടപടികളിലേക്ക്‌ സംസ്ഥാന സർക്കാർ നീങ്ങുകയാണ്‌. ചെറുതും വലുതുമായ പ്ലാസ്റ്റിക്കുകൾ നമ്മുടെ ജലാശയങ്ങളിലെ മലിനീകരണത്തിന്റെ ആശങ്കാജനകമായ ഉറവിടമായി മാറിയിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ മേലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ഫലപ്രദമാണ്. തീരപ്രദേശങ്ങളിലെ പ്ലാസ്റ്റിക്മാലിന്യങ്ങൾ ടൂറിസത്തെയും കടൽത്തീര സ്വത്ത് മൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കും. കണക്കുകൾ പ്രകാരം, പ്ലാസ്റ്റിക്കിൽനിന്ന് സമുദ്രപ്രകൃതി മൂലധനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട ആഗോള സാമൂഹിക ചെലവ് പ്രതിവർഷം 100 ബില്യൺ യുഎസ് ഡോളറിലധികമാണ്‌. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം അനിവാര്യമാണെന്ന് അടിവരയിട്ടു സൂചിപ്പിക്കുന്നു, ഈ കണക്ക്‌.


സർവവ്യാപി


ലോകത്ത്‌ പ്ലാസ്റ്റിക്കുകൾ സർവവ്യാപിയായി മാറിയിരിക്കുന്നു. ഇത്‌ സൃഷ്‌ടിക്കുന്ന മാലിന്യം സമുദ്രത്തിൽ മാത്രമല്ല ശുദ്ധജല ആവാസവ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്‌ സമീപകാല പഠനങ്ങൾ പറയുന്നു. വടക്കൻ പസഫിക് സമുദ്രത്തിൽ കാണുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ വൻ കൂമ്പാരത്തിന് പ്ലാസ്റ്റിക് ബാഗുകൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഹവായിയുടെ ഇരട്ടി വലിപ്പമുള്ള ഈ മാലിന്യക്കൂമ്പാരം ‘ഗ്രേറ്റ് പസഫിക് മാലിന്യം’ എന്നറിയപ്പെടുന്നു. 16 ലക്ഷം ചതുരശ്ര കീലോമീറ്റർ വിസ്‌തീർണം ഇതിനുണ്ട്‌. വൈൽഡ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, സമുദ്രത്തിലെ ഈ മാലിന്യത്തിന്റെ 80 ശതമാനം കരയിൽനിന്നാണ് എത്തുന്നത്. ഈ സ്ഥിതി തുടർന്നാൽ 2050 ആകുന്നതോടെ സമുദ്രങ്ങളിൽ മത്സ്യത്തേക്കാളധികം പ്ലാസ്റ്റിക്കുകളാകുമെന്ന മുന്നറിയിപ്പുണ്ട്. വ്യാപകമായ മലിനീകരണം സമുദ്രജീവികൾക്കും ആവാസവ്യവസ്ഥയ്ക്കും വലിയ ഭീഷണി ഉയർത്തുന്നു. പ്ലാസ്റ്റിക്കിൽനിന്ന് സമുദ്രത്തിലെത്തുന്ന വിഷകരമായ രാസവസ്തുക്കൾ, മൈക്രോപ്ലാസ്റ്റിക്കുകൾ എന്നിവ ദീർഘകാലം നിലനിൽക്കും.


പ്ലാസ്റ്റിസ്‌ഫിയർ


സമുദ്ര മാലിന്യത്തിന്റെ ഏറ്റവും സാധാരണവും പ്രശ്‌നകരവുമായ ഒന്നാണ് നേർത്ത പ്ലാസ്റ്റിക് ഷോപ്പിങ്‌ ബാഗുകൾ. അവ പലപ്പോഴും മാലിന്യസംസ്കരണത്തിൽനിന്ന് ഒഴിവാക്കപ്പെട്ട് ജലാശയങ്ങളിലെത്തുന്നു. ലോകമെമ്പാടും ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഏകദേശം രണ്ടുമുതൽ അഞ്ച്‌ ശതമാനംവരെ പ്രതിവർഷം സമുദ്രങ്ങളിൽ എത്തുന്നു. 12 ദശലക്ഷം സമുദ്രമാലിന്യങ്ങളിൽ നടത്തിയ ഒരു ആഗോള സർവേയിൽ 14 ശതമാനത്തോളം വരുന്ന പ്ലാസ്റ്റിക് ബാഗുകളാണ് ഏറ്റവും സാധാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. കടലാമകൾ പ്ലാസ്റ്റിക് ബാഗുകളെ ജെല്ലിഫിഷായി തെറ്റിദ്ധരിച്ച്‌ തീറ്റയാക്കും. ഇവ വയറ്റിൽ അടിഞ്ഞുകൂടുകയും അത് ജീവിയുടെ നാശത്തിന്‌ വഴിവയ്‌ക്കുകയും ചെയ്യും.

ചത്ത മൃഗം അഴുകിയാലും വിഴുങ്ങിയ പ്ലാസ്റ്റിക് നശിക്കുന്നില്ല. മറ്റൊരു മൃഗം അത് വിഴുങ്ങുകയും ഒടുവിൽ അവയും അതേ ഫലങ്ങൾ അനുഭവിക്കുകയും ചെയ്തേക്കാം. പ്ലാസ്റ്റിക് മാലിന്യം പ്രത്യേകിച്ച് മൈക്രോപ്ലാസ്റ്റിക്‌, ജല പരിതസ്ഥിതികളിൽ അടിഞ്ഞുകൂടിയതോടെ ബാക്ടീരിയ, ഫംഗസ് എന്നിവയുൾപ്പെടെ വിവിധതരം സൂക്ഷ്മാണുക്കൾ തങ്ങളുടേതായ ഒരു പുതിയ ആവാസവ്യവസ്ഥതന്നെ സൃഷ്ടിച്ചിരിക്കുന്നു. അതാണ് ‘പ്ലാസ്റ്റിസ്ഫിയർ’. ഈ പുതിയ സമൂഹത്തെക്കുറിച്ച് പഠിക്കുന്ന ‘വുഡ്സ് ഹോൾ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂഷനിലെ’ ഗവേഷകർ പറയുന്നതനുസരിച്ച്‌ സസ്യങ്ങൾ, മേയുന്നവർ, വേട്ടക്കാർ എല്ലാം ഉൾപ്പെടുന്ന ഒരു സമ്പൂർണ ആവാസവ്യവസ്ഥയാണിത്. ഇത്‌ സമുദ്രത്തിന്റെ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കിയേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ.


നിയന്ത്രണങ്ങൾ


പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുക എന്നത് ആഗോളതലത്തിൽ നയപരമായ മുൻഗണനയായി മാറണം. പ്ലാസ്റ്റിക് ബാഗ് നിരോധന/നിയന്ത്രണങ്ങളും ഫീസും ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നയപരിഹാരങ്ങളായി ഉയർന്നുവന്നിട്ടുള്ളത് പ്രതീക്ഷ നൽകുന്നു. നൂറിലധികം രാജ്യങ്ങൾക്ക് പ്ലാസ്റ്റിക് കാരിയർ ബാഗുകൾ നിയന്ത്രിക്കുന്ന ദേശീയ, അല്ലെങ്കിൽ ഉപദേശ നയങ്ങളുണ്ട്. കൂടാതെ 175 രാജ്യങ്ങൾ ആഗോള പ്ലാസ്റ്റിക് ഉടമ്പടിക്കുള്ള ചർച്ചകളിലാണ്. നൂറി-ലധികം രാജ്യങ്ങൾ പലവിധത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിസ്ഥിതിയിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിൽ അവയുടെ ഫലപ്രാപ്തി വ്യവസ്ഥാപിതമായി വിലയിരുത്തപ്പെട്ടിട്ടില്ല. നിരോധനം, ഫീസ് ഈടാക്കൽ തുടങ്ങിയ നടപടികൾ പ്രശ്‌നം ലഘൂകരിക്കും.


ചില സ്ഥലങ്ങളിൽ കുപ്പിവെള്ളമോ പ്ലാസ്റ്റിക് ബാഗോ അകത്തുകടത്തണമെങ്കിൽ ഒരു നിശ്ചിത ഫീസ് നൽകാനും മടങ്ങിവരുമ്പോൾ അകത്തേക്ക് കൊണ്ടുപോയ വസ്തുക്കൾ മടക്കിക്കൊണ്ടുവന്നതായി ബോധ്യപ്പെടുത്തിയാൽമാത്രം പണം മടക്കിനൽകേണ്ടതുള്ളൂ എന്ന രീതിയുണ്ട്. എന്നാൽ, വരുംകാലങ്ങളിൽ മാലിന്യത്തോത്‌ വർധിക്കുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, നയമാറ്റങ്ങളുണ്ടായില്ലെങ്കിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മുഖ്യ ആഗോളപ്രശ്നമായി വളരും. എന്തായാലും സർക്കാർ നടപടികൾക്കൊപ്പം സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം ഉണ്ടായില്ലെങ്കിൽ പ്ലാസ്‌റ്റിക് വില്ലൻ സൃഷ്ടിക്കുന്ന പ്രതിസന്ധി അതിരൂക്ഷമാകും. ഈ കാര്യത്തിൽ വിപുലമായ ബോധവൽക്കരണവും അനിവാര്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home