അഫീലിയനും പെരിഹീലിയനും

-perihelion
avatar
നവനീത് കൃഷ്ണൻ എസ്

Published on Aug 24, 2025, 12:00 AM | 3 min read

ഏകദേശം 15 കോടി കിലോമീറ്ററാണ് സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം. കൃത്യമായ ദൂരം അറിയണമെങ്കിൽ വർഷത്തിൽ ഏതു സമയത്തെ ദൂരമെന്ന് പ്രത്യേകംതന്നെ അറിയണം. കാരണം ദീർഘവൃത്താകാരമായ പാതയിലാണ് സൂര്യനു ചുറ്റും ഭൂമി സഞ്ചരിക്കുന്നത്. ജൊഹനാസ് കെപ്ലർ എന്ന ശാസ്ത്രജ്ഞൻ 1600കളിൽത്തന്നെ കണ്ടെത്തിയതാണ് ഇക്കാര്യം.


​​രണ്ടേ രണ്ടു തവണ


​എന്തായാലും ഭൂമിക്കും സൂര്യനും ഇടയിലെ ദൂരം 14.7 കോടിമുതൽ 15.2 കോടി കിലോമീറ്റർവരെയാണ്‌. കൃത്യം 15 കോടി കിലോമീറ്റർ എന്ന ദൂരം വർഷത്തിൽ രണ്ടേ രണ്ടു തവണ മാത്രമേ വരൂ. നിസ്സാരമായ ദൂരവ്യത്യാസമേ സത്യത്തിൽ ഇതുതമ്മിലുള്ളൂവെന്ന്‌ പറയാം. ഏകദേശം അരക്കോടി കിലോമീറ്റർമാത്രം. സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും കൂടുതൽ അകലം വരുന്നത് ജൂലൈ 3നും 7നും ഇടയിലാണ്. ഈ സമയത്ത് ഭൂമിയുടെ സ്ഥാനത്തെ അഫീലിയൻ (Aphelion) എന്നാണു പറയുക. സൂര്യനിൽനിന്ന് 15.2 കോടി കിലോമീറ്റർ അകലെയാണ് ഈ സ്ഥാനം. Apo എന്നാൽ ഗ്രീക്ക് ഭാഷയിൽ ദൂരെ എന്നാണ് അർഥം. helios എന്നാൽ സൂര്യനെന്നും. ഇതു രണ്ടും ചേർത്താണ് സൂര്യനിൽനിന്ന് ദൂരെ എന്ന അർഥത്തിൽ അഫീലിയൻ എന്ന വാക്കുണ്ടായത്.


ഇനി സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും അടുത്തെത്തുന്നത് ജനുവരി 2നും 5നും ഇടയിലാകും. സൂര്യനോട് ഭൂമി ഏറ്റവും അടുത്തെത്തുമ്പോൾ ഭൂമിയുടെ സ്ഥാനത്തെ പെരിഹീലിയൻ (Perihelion) എന്നാണു വിളിക്കുക. Peri എന്നാൽ അടുത്ത് എന്നാണ് അർഥം. പെരിഹീലിയൻ എന്നാൽ സൂര്യനോട് അടുത്ത് എന്ന് അർഥം. എന്തായാലും സൂര്യനിൽനിന്ന് 14.7കോടി കിലോമീറ്റർ അകലെയാകും അപ്പോൾ ഭൂമി.


perihelion


​ഇനി മറ്റൊരു കാര്യത്തിലേക്കു വരാം. ചിലർ കരുതുന്നത് ഭൂമിയിലെ കാലാവസ്ഥ വ്യത്യാസപ്പെടുന്നത് ഈ ദൂരവ്യത്യാസംമൂലമാണെന്നാണ്. തെറ്റായ ധാരണയാണത്. വെറും അര കോടി കിലോമീറ്റർമാത്രം വരുന്ന വ്യത്യാസം ഭൂമിയിലെ കാലാവസ്ഥയെ കാര്യമായി മാറ്റിമറിക്കാൻ കഴിയുന്ന ദൂരമൊന്നും അല്ല. സൂര്യനിൽനിന്നുള്ള ഊർജത്തിന്റെ 7 ശതമാനംമാത്രം വ്യത്യാസമേ അഫീലിയനിലും പെരിഹീലിയനിലും തമ്മിലുണ്ടാകൂ.


കാലാവസ്ഥ മാറുന്നതിന്റെ അടിസ്ഥാനം ഭൂമിയുടെ അക്ഷത്തിന്റെ ചരിവാണ്. ഈ ചരിവുമൂലം ഭൂമിയിലെ ഓരോ പ്രദേശത്തും കിട്ടുന്ന സൂര്യപ്രകാശത്തിന്റെ അളവ് വ്യത്യാസപ്പെടും. ഭൂമിയുടെ വടക്കേ അർധഗോളത്തിൽ വേനലായിരിക്കുന്ന കാലത്ത് ആ അർധഗോളം സൂര്യനുനേരെ ചരിഞ്ഞുനിൽക്കും. മറുഭാഗത്ത് ശൈത്യകാലവും ആയിരിക്കും. പിന്നീട് പടിപടിയായി ആറു മാസത്തിനുശേഷം ഈ ചരിവ് തെക്കേ അർധഗോളത്തിലേക്കു മാറും. അതോടെ വേനൽക്കാലം തെക്കേ അർധഗോളത്തിലെത്തും. വടക്കേ അർധഗോളത്തിൽ ആ സമയം ശൈത്യകാലവും വന്നെത്തും. അതായത് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരവ്യത്യാസം കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കില്ലെന്നർഥം.


​അബദ്ധ പ്രചാരണങ്ങൾ


​ഇപ്പോൾ ഇക്കാര്യം പറയാൻ ഒരു കാരണമുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ കറങ്ങിനടക്കുന്ന ഒരു സന്ദേശമുണ്ട്. ‘ആഗസ്ത്‌ 22 വരെ, കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പുള്ള കാലാവസ്ഥയായിരിക്കും. ഇതിനെ ആൽപീലിയൻ ഇവന്റ് എന്ന് വിളിക്കുന്നു. രാവിലെ 5.27 ന് ഇത് ആരംഭിക്കും.......' എന്നൊക്കെ പറഞ്ഞാണ് ഇത് ആരംഭിക്കുന്നതു തന്നെ!! ആഗസ്ത്‌ 22വരെ ആൽപീലിയൻ ഇവന്റാണെന്നു പറയുന്നതുതന്നെ തെറ്റാണ്. എന്തിനേറെ, ആൽപീലിയൻ എന്ന വാക്കുതന്നെ തെറ്റാണ്. അഫീലിയൻ എന്ന വാക്കിനെ വികൃതമായി അവതരിപ്പിച്ചിരിക്കുകയാണിവിടെ. ജൂലൈ ആദ്യവാരം വരുന്ന അഫീലിയൻ ആഗസ്ത്‌ 22വരെ നീണ്ടുനിൽക്കുമെന്നു പറയുന്നതും തെറ്റ്.


ഈ സന്ദേശത്തിലെ മറ്റൊരു തെറ്റ്, "സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 90,000,000 കിലോമീറ്ററാണ്' എന്ന വാദമാണ്. ഏകദേശം ഒമ്പത്‌ കോടി മൈൽ എന്നു പറഞ്ഞാൽ ഒരുവിധം ശരിയായേനെ. പക്ഷേ, ഒമ്പത്‌ കോടി കിലോമീറ്റർ എന്നത് തികച്ചും തെറ്റാണ്. അത്രയും അടുത്തായിരുന്നു ഭൂമിയെങ്കിൽ ഭൂമിയിൽ ജീവൻപോലും ഉണ്ടാകില്ലായിരുന്നു.


"ഈ ആൽപീലിയൻ ഇവന്റിൽ, രണ്ടും തമ്മിലുള്ള ദൂരം 152,000,000 കിലോമീറ്ററായി വർധിക്കും. അതായത്, 66 ശതമാനം വർധന.' എന്നൊരു വാക്യംകൂടിയുണ്ട് ഈ സന്ദേശത്തിൽ. അഫീലിയനിൽ 15.2കോടി കിലോമീറ്റർ എന്നത് ശരിയാണ്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം 66ശതമാനം വർധിക്കും എന്നൊക്കെ പറയുന്നത് തികച്ചും തെറ്റിദ്ധരിപ്പിക്കലാണ്. ഇതൊക്കെ പോരാഞ്ഞിട്ട് "ഈ കാലയളവിൽ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ജലദോഷം നമുക്ക് അനുഭവപ്പെടാം' എന്ന വാദവും ഈ സന്ദേശം പടച്ചുവിടുന്ന ‘വിദഗ്‌ധന്മാർ’ തട്ടിവിടുന്നുണ്ട്‌. ജലദോഷവും ഭൂമിയുടെ സ്ഥാനവും തമ്മിൽ ഒരു ബന്ധവും ഇല്ല. ജലദോഷം ഒരു വൈറസ് രോഗമാണ്. ഒരു വസ്തുതകൂടി പറയാം. അഫീലിയനിൽ ഭൂമിയുള്ള സമയത്ത് വടക്കേ അ‌ർധഗോളത്തിൽ പൊതുവെ വേനൽക്കാലമാണ്. തെക്കേ അർധഗോളത്തിൽ ശൈത്യകാലവും. പെരിഹീലിയനിലുള്ള സമയത്ത് നേരെ തിരിച്ചും. സന്ദേശത്തിലെ വാദം ഇതിനുനേരെ തിരിച്ചാണ് എന്നതാണ് രസകരം!




deshabhimani section

Related News

View More
0 comments
Sort by

Home