പാർക്കർ വീണ്ടും ഇരച്ചുകയറി

Parker Solar Probe

photo credit: nasa

avatar
ദിലീപ്‌ മലയാലപ്പുഴ

Published on Mar 30, 2025, 11:39 AM | 1 min read

സൂര്യന്റെ ബാഹ്യാന്തരീക്ഷത്തിലേക്ക്‌ ഇരച്ചുകയറി നാസ പാർക്കർ സോളാർ പ്രോബ്‌ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്‌. സൂര്യന്റെ 62 ലക്ഷം കിലോമീറ്റർ അടുത്തുവരെയെത്തി വിവരശേഖരണം നടത്തി മടങ്ങിയ പേടകത്തിൽനിന്ന്‌ സിഗ്നലുകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്‌. പാർക്കർ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നർഥം.


മെരിലാന്റിലെ ജോൺഹോപ്‌കിൻസ്‌ അപ്ലൈഡ്‌ ഫിസിക്‌സ്‌ ലാബ്‌ ഇത്‌ സ്ഥിരീകരിക്കുകയും ചെയ്‌തു. സൂര്യന്റെ അന്തരീക്ഷം വഴി കടന്നുപോകുമ്പോഴുള്ള വികിരണംമൂലം ഭൂമിയുമായുള്ള ആശയവിനിമയം നിലച്ചിരുന്നു. ഇത്‌ പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്‌. അതിതീവ്ര ചൂടിനെ അതിജീവിച്ച്‌ പേടകം സുരക്ഷിതമാണ്‌. സൂര്യനെ ചുറ്റി മണിക്കൂറിൽ 6.92 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന പേടകം മാർച്ച്‌ 18നാണ്‌ സൗരാന്തരീക്ഷത്തിലേക്ക്‌ തിരിഞ്ഞത്‌. 22ന്‌ സൂര്യന്‌ ഏറ്റവും അടുത്തെത്തി. 27ന്‌ പുറത്തുകടന്നു. അതിതീവ്ര വികിരണവും താപവുമുള്ള മേഖലയിലൂടെ യാത്ര ചെയ്‌ത പേടകത്തിലെ എല്ലാ ഉപകരണങ്ങളും സുരക്ഷിതമാണ്‌. പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത കാർബൺ കോമ്പസിറ്റ്‌ കവചമാണ്‌ അതികഠിനമായ ഈ ചൂടിൽനിന്ന്‌ പേടകത്തെ സംരക്ഷിക്കുന്നത്‌. 2018 ആഗസ്റ്റിൽ വിക്ഷേപിച്ച പേടകം സൗരാന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്‌ ഇത്‌ 23–-ാം തവണയാണ്‌. അടുത്ത ജൂൺ 19ന്‌ വീണ്ടും പാർക്കർ സൗരാന്തരീക്ഷത്തിലേക്ക്‌ എത്തും. സൂര്യന്‌ ഏറ്റവും അടുത്തെത്തുന്ന പേടകമാണ്‌ പാർക്കർ. 685 കിലോഗ്രാം ഭാരമുള്ള പേടകത്തിൽ 4 പരീക്ഷണ ഉപകരണങ്ങളുണ്ട്‌. സൂര്യനെപ്പറ്റിയുള്ള സമ്പൂർണ പഠനമാണ്‌ ലക്ഷ്യം.


ഐഎസ്‌ആർഒ 2023 സെപ്‌തംബറിൽ വിക്ഷേപിച്ച ആദിത്യ എൽ1 സൂര്യനെപ്പറ്റിയുടെ പഠനം തുടരുകയാണ്‌. സൂര്യനും ഭൂമിക്കുമിടയിലുള്ള ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽനിന്നാണ്‌ പേടകം സൂര്യനെ നിരീക്ഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home