മോഹിപ്പിച്ചു പക്ഷേ...

ദിലീപ് മലയാലപ്പുഴ
Published on May 31, 2025, 10:51 PM | 2 min read
കാത്തിരുന്ന ആ യാത്രാവസരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകുക... അതും വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം. നാസയുടെ ബഹിരാകാശ യാത്രാദൗത്യത്തിനുള്ള എല്ലാ പരിശീലനവും ഒരുക്കവും പൂർത്തിയാക്കി കാത്തിരുന്ന നിമിഷങ്ങൾ. ഐഎസ്‌ആർഒയിലെ ശാസ്‌ത്രജ്ഞനും തിരുവനന്തപുരം വഴുതക്കാട് സ്വദേശിയുമായ പി രാധാകൃഷ്‌ണൻ ഒട്ടനവധി കടമ്പകൾ കടന്നാണ് അത്തരമൊരു ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ലോകത്തെ നടുക്കിയ ബഹിരാകാശ ദുരന്തത്തെ തുടർന്ന് അദ്ദേഹത്തിന്റെ യാത്ര റദ്ദാക്കപ്പെടുകയായിരുന്നു.
ചലഞ്ചർ ദുരന്തം
1986 ജനുവരി 29. രണ്ട് വനിതകളടക്കം ഏഴ് ബഹിരാകാശ സഞ്ചാരികളുമായി ചലഞ്ചർ സ്‌പേയ്‌സ് ഷട്ടിൽ ഫ്ളോറിഡയിലെ കെന്നഡി സ്‌പേയ്‌സ്‌സെന്ററിൽനിന്ന് കുതിച്ചുയർന്നു. വിക്ഷേപണത്തിന്റെ 73–-ാം സെക്കന്റിൽ അപ്രതീക്ഷിതമായി സ്‌പേയ്‌സ്‌ഷട്ടിൽ അഗ്നിഗോളമായി പൊട്ടിത്തെറിച്ചു. യാത്രികരെല്ലാവരും മരിച്ചു. അധ്യാപികയായ ക്രിസ്റ്റാമക് ആലിഫ്, പൈലറ്റ് മൈക്കിൾ ജോൺ സ്‌മിത്ത്, റൊണാൾഡ് മക്‌നയർ, എലിസൻ എസ് ഒനിസുക, ജൂഡിത് എ റസ്‌നിക്, ഫ്രാൻസിസ് സ്‌കോബി, ഗ്രിഗറി ജാർവിസ് എന്നിവരാണ് ദുരന്തത്തിനിരയായത്. ഖരബൂസ്റ്ററിലെ സുരക്ഷാവളയം പൊട്ടിയതിനെ തുടർന്നുള്ള ചോർച്ചയായിരുന്നു കാരണം. ചലഞ്ചർ ഷട്ടിൽ മടങ്ങി വന്നശേഷം ആ വർഷം തന്നെ സെപ്‌തംബറിലുള്ള അടുത്ത ദൗത്യത്തിലായിരുന്നു രാധാകൃഷ്‌ണനടങ്ങുന്ന സംഘത്തിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. നാസയുടെ എല്ലാ പ്രവർത്തനങ്ങളേയും ഈ ദുരന്തം ബാധിച്ചു. സ്‌പേയ്‌സ് ഷട്ടിൽ ദൗത്യങ്ങൾ താൽക്കാലികമായി അവർ നിർത്തിവച്ചു.
അന്വേഷണ കമീഷന്റെ റിപ്പോർട്ട് ലഭിച്ചശേഷം 6 മാസത്തിനകം പിഴവുകൾ പരിഹരിച്ച് പുതിയ ഷട്ടിൽ യാത്ര തിരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. മറ്റുള്ള രാജ്യങ്ങളിൽനിന്നുള്ളവരെ സ്‌പേയ്‌സ് ഷട്ടിൽ ദൗത്യത്തിന്റെ ഭാഗമാക്കുന്നതും ഒഴിവാക്കി. ചലഞ്ചർ കുതിച്ചുയരുന്നതും തുടർന്നുള്ള അപകടവുമെല്ലാം ഫ്‌ളോറിഡയിൽ സ്‌ക്രീനിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു രാധാകൃഷ്‌ണൻ. ഒടുവിൽ നിരാശയോടെ ഇന്ത്യയിലേക്ക് മടങ്ങി. ദുരന്തമുണ്ടായില്ലായിരുന്നുവെങ്കിൽ രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തേക്ക് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാകുമായിരുന്നു അദ്ദേഹം. ആദ്യ മലയാളിയും.

കടമ്പകൾ കഠിനം
സ്‌പേയ്‌സ്‌ഷട്ടിൽ ഉപയോഗിച്ച് ഇൻസാറ്റ് 1 സി, 1 ഡി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ദൗത്യത്തിനൊപ്പം പോകാൻ നാസ ഒരു ഇന്ത്യക്കാരന് അനുമതി നൽകുകയായിരുന്നു. അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം 1985ൽ വന്നു. ആദ്യം തന്നെ രാധാകൃഷ്‌ണൻ അപേക്ഷ നൽകി. അപേക്ഷകരായ 400 പേരിൽനിന്ന് 40 പേരുടെ പട്ടിക ഐഎസ്‌ആർഒ തയ്യാറാക്കി. മാനസിക,ശാരീരിക പരിശോധനകളടക്കം നൂറുകണക്കിന് കടമ്പകൾക്കൊടുവിൽ 7 പേരെ ഇന്റർവ്യൂവിന് വിളിച്ചു. നാസയിൽനിന്നുള്ള വിദഗ്‌ധനടക്കം പങ്കെടുത്ത ഇന്റർവ്യൂവിന് ഒടുവിൽ രാധാകൃഷ്‌ണൻ തെരഞ്ഞെടുക്കപ്പെട്ടു. പകരക്കാരനായി ബംഗളൂരു സെന്ററിലെ ശാസ്‌ത്രജ്ഞൻ എൻ സി ഭട്ടും. തുടർന്ന് വ്യോമസേനയുടെ പ്രത്യേക പരിശീലനത്തിനുശേഷമാണ് ബഹിരാകാശ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള അതിതീവ്ര പരിശീലനത്തിന് നാസയിലെത്തിയത്.
ആര്യഭട്ടയിലും
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ഫിസിക്‌സിൽ എംഎസ്‌സി പാസായശേഷം 1967ലാണ് ഐഎസ്‌ആർഒയുടെ ആദ്യ രൂപമായ ‘ടേൾസി’ൽ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ സയന്റിസ്റ്റ് എൻജിനീയറായി രാധാകൃഷ്‌ണൻ ജോലിക്ക് കയറിയത്. ഇന്ത്യ ആദ്യമായി നിർമിച്ച ആര്യഭട്ട ഉപഗ്രഹത്തിന്റെ സൗരോർജ പാനലടക്കമുള്ള സംവിധാനങ്ങളുടെ പ്രധാന ചുമതലക്കാരനായിരുന്നു. ആദ്യകാല റോക്കറ്റുകളുടെ പദ്ധതികളിലടക്കം പങ്ക് വഹിച്ചു. വലിയമല എൽപിഎസ്‌സി ഡപ്യൂട്ടി ഡയറക്ടറായി 2003ൽ വിരമിച്ചു. വിഎസ്‌എസ്‌സിയിൽ ഗ്രൂപ്പ് ഡയറക്ടറായും പ്രവർത്തിച്ചു. പരേതയായ രുദ്രായണി (അസി. എഡിറ്റർ, സർവവിജ്ഞാന കോശം)യാണ് ഭാര്യ. മക്കൾ: ഗൗതം (റിട്ട. വിങ് കമാൻഡർ), ലക്ഷ്‌മി (യുഎസ്‌എ).









0 comments