നക്ഷത്രാന്തര അതിഥി വരവായ്‌

Comet 3I ATLAS
avatar
നവനീത് കൃഷ്ണൻ എസ്

Published on Jul 06, 2025, 01:00 AM | 2 min read

ക്ഷത്രങ്ങളുടെ ലോകത്തുനിന്ന്‌ കൗതുകങ്ങൾ നിറച്ച്‌ ഒരു അതിഥി എത്തുന്നു. സൗരയൂഥത്തിന്‌ പുറത്തുള്ള ഇന്റർസ്റ്റെല്ലാർ മേഖലയിൽനിന്ന് നമ്മുടെ സൗരയൂഥത്തിലേക്കെത്തിയ വാൽനക്ഷത്രം. 3I/ATLAS എന്ന്‌ പേരിട്ടിരിക്കുന്ന കോമറ്റിനെ ശാസ്‌ത്രലോകം കൗതുകത്തോടെ നിരീക്ഷിക്കുകയാണ്‌. സാധാരണ നാം കാണാറുള്ളത്‌ നമ്മുടെ സൗരയൂഥത്തിൽത്തന്നെയുള്ള വാൽനക്ഷത്രങ്ങളെയാണ്‌. അതായത് സൂര്യനെ ചുറ്റുന്ന വാൽനക്ഷത്രങ്ങൾ. എന്നാലിത്‌ അങ്ങകലെ ഏതോ നക്ഷത്രക്കൂട്ടത്തിൽനിന്ന്‌ എത്തിയതാണ്‌. നിലവിൽ 67 കോടി കിലോമീറ്റർ അകലെകൂടിയാണ്‌ യാത്ര. സെക്കൻഡിൽ 60 –-70 കിലോമീറ്റർവരെ വേഗതയിലും. ഈ വേഗത തന്നെയാണ് ഈ വസ്തുവിന്റെ വരവ്‌ സൗരയൂഥത്തിന്‌ പുറത്തുനിന്നാണെന്ന് ഉറപ്പിച്ചുപറയാൻ അവസരമൊരുക്കുന്നത്. പ്രപഞ്ചത്തിന്റെ ഏതോ കോണിൽനിന്ന്‌ വന്ന് മറ്റേതോ കോണിലേക്ക് പോകുന്ന വസ്‌തു എന്നർഥം.


അറ്റ്‌ലസ്‌ ടെലിസ്‌കോപ്


ചിലിയിൽ റിയോ ഹർട്ടാഡോയിലുള്ള എൽ സോസ് ടെലിസ്കോപ്പാണ് ആദ്യമായി ഈ വാൽനക്ഷത്രത്തെ നിരീക്ഷിച്ചത്‌.അറ്റ്‌ലസ് ടെലിസ്‌കോപ്‌ സമുച്ചയത്തിന്റെ ഭാഗമാണ്‌ എൽസോസ്‌. ഭൂമിക്ക്‌ ഭീഷണിയായേക്കാവുന്ന ഉൽക്കകൾ, മറ്റ്‌ ബഹിരാകാശ വസ്‌തുക്കൾ തുടങ്ങിയവയെ നിരന്തരം നിരീക്ഷിക്കാനും കണ്ടെത്താനും ലോകത്ത്‌ നിരവധി സംവിധാനങ്ങളുണ്ട്‌. അങ്ങനെയുള്ള ഒരു സംവിധാനമാണ് അറ്റ്‌ലസ് (ATLAS) അഥവാ Asteroid Terrestrial-impact Last Alert System. വലിയൊരു ടെലിസ്കോപ് സമുച്ചയമാണിത്‌. സാധാരണ ടെലിസ്കോപ്പൊക്കെ ഏതെങ്കിലും ഒരു സ്ഥലത്താവുമുണ്ടാവുക. പക്ഷേ അറ്റ്‌ലസ്‌ അങ്ങനെയല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്‌ ഇവ സ്ഥാപിച്ചിരിക്കുന്നത്. ഹവായ്, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പുകൾ. ഇവയെ ഒരുമിപ്പിച്ച് ഒറ്റ ടെലിസ്കോപ്പായി പരിഗണിച്ചാണ് അറ്റ്‌ലസിന്റെ പ്രവർത്തനം. 24 മണിക്കൂറും തുടർച്ചയായി ആകാശനിരീക്ഷണത്തിനുള്ള സംവിധാനമാണിത്‌. നാസയുടെ സഹായത്തോടെ ഹവായിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയാണ് പ്രവർത്തിപ്പിക്കുന്നത്‌.


പേരുവന്ന വഴി


ധനുരാശി (Sagittarius constellation)യുടെ ഭാഗത്തുനിന്നാണ്‌ നക്ഷത്രാന്തര അതിഥിയുടെ വരവ്. ഇങ്ങനെ വന്നിട്ടുള്ള രണ്ടേ രണ്ട്‌ വസ്തുക്കളെയാണ് നാളിതുവരെ കണ്ടെത്തിയിട്ടുള്ളത്. 2017ൽ ഔമാമുവ (Oumuamua)യും 2019ൽ ബോറിസോവും (Borisov). മൂന്നാമത്തെ ഇന്റർസ്റ്റെല്ലാർ വസ്തുവാണ് ഇപ്പോഴത്തെ ഈ അതിഥി. അതിനാൽത്തന്നെ 3I എന്ന്‌ പേരിട്ടു.‘ I ’എന്നാൽ ഇന്റർസ്റ്റെല്ലാർ എന്നർഥം. കണ്ടെത്തിയ ടെലിസ്കോപ് സമുച്ചയത്തിന്റെ പേരുകൂടി ചേർത്തപ്പോഴാണ്‌ 3I/ATLAS എന്നുവന്നത്‌.


ഹൈപ്പർബോളിക് പാത


സെപ്തംബർവരെ ടെലിസ്കോപ്പുകളിലൂടെ വാൽനക്ഷത്രത്തെ കാണാനാവും. പിന്നീട് ഡിസംബറോട് വീണ്ടും ദൃശ്യമാവും. ഭൂമിയുടെ 24 കോടി കിലോമീറ്റർ അകലെക്കൂടിയാവും അപ്പോൾ 3I/ATLAS കടന്നുപോവുക. ഒക്ടോബർ 30ന് സൂര്യനോട് ഏറ്റവും അടുത്തെത്തും. ആകൃതിയെ പറ്റിയെല്ലാം പഠിച്ചുവരുന്നതേ ഉള്ളൂ. വാൽനക്ഷത്രമായതിനാൽ വാതകവും ജലബാഷ്പവുമെല്ലാം ചേർന്ന 25,000 കിലോമീറ്ററോളം നീളമുള്ള വാലും കോമയുമൊക്കെ ഉണ്ടാകാം. ഹൈപ്പർബോളിക് എന്നറിയപ്പെടുന്ന ഒരു തരം പാതയിലൂടെയാണ്‌ സഞ്ചാരം. അതായത് ഏതെങ്കിലും ഒരു വസ്തുവിനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ലിത്‌. ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒന്നാകുമിത്‌.




deshabhimani section

Related News

View More
0 comments
Sort by

Home