നേരത്തെ എത്തിയ ഇടവപ്പാതി

Southwest Monsoon
avatar
ശംഭു കുടുക്കശേരി

Published on Jun 01, 2025, 12:00 AM | 2 min read


ഇടവപ്പാതി ഇക്കുറി തുടക്കത്തിൽ തന്നെ തുള്ളിക്കൊരുകുടമായി പെയ്‌തിറങ്ങുകയായിരുന്നു. ഇന്ത്യൻ മൺസൂണിന്റെ കവാടമായ കേരളത്തിൽ പ്രതീക്ഷിച്ചതിലും ഒരാഴ്‌ചമുമ്പേ എത്തിയ കാലവർഷം, ആദ്യദിനം തന്നെ കൊങ്കൺ തീരവും കടന്ന്‌ ഗോവ വരെയെത്തി. മുംബൈ, ബംഗളൂരു നഗരങ്ങളെ വെള്ളത്തിലാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിലെ ചിലയിടങ്ങളിൽ താഴ്‌ന്നപ്രദേശങ്ങളിൽ വെള്ളം കയറി. നദികളിൽ ജലനിരപ്പ്‌ ഉയർന്നു. കനത്ത കാറ്റ്‌ നാശം വിതച്ചു. 10 ദിവസത്തെ കണക്കിൽ സമീപകാലത്തെ റെക്കോഡ്‌ മഴ ലഭിച്ചതായി കാണാം.


ആൻഡമാനിലും നേരത്തെ

തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ്‌ മെയ് 13നാണ്‌ ആൻഡമാനിലെത്തിച്ചേർന്നത്‌. 24ന്‌ കേരളത്തിലുമെത്തി. കേരളത്തിലും കർണാടകത്തിലും പടിഞ്ഞാറൻ തീരങ്ങളിൽ പലയിടത്തും മഹാരാഷ്ടയിലും തീവ്രമഴ സമ്മാനിച്ചായിരുന്നു മൺസൂൺ തുടക്കം.

അന്തരീക്ഷത്തിലെ താഴ്ന്ന മണ്ഡലത്തിലെ പടിഞ്ഞാറൻ കാറ്റായ മൺസൂൺ ലോ ലെവൽജെറ്റ്‌ നാളീവ്യൂഹത്തിന്റെ ഗതിയിലും വേഗതയിലും വ്യാപ്തിയിലുമുള്ള സവിശേഷതകൾ, കേരളത്തിലെ 14 പ്രധാന മഴമാപിനികളിൽ 60 ശതമാനത്തിലും 2.5 മില്ലീ മീറ്ററിലുപരിയുള്ള മഴയളവ്, ഇൻസാറ്റ് ഉപഗ്രഹത്തിൽനിന്ന് ലഭ്യമാകുന്ന തരംഗദൈർഘ്യം കൂടിയ വികിരണത്തിന്റെ മൂല്യം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കാലവർഷമെത്തിയെന്നുള്ള പ്രഖ്യാപനം കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ നടത്തുന്നത്‌.


ഈ ഘടകങ്ങളെല്ലാം കാണപ്പെട്ടാലും അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ന്യൂനമർദമേഖലകൾ ശക്തിപ്പെടാനുള്ള സാധ്യത മൺസൂൺ കാറ്റിന്റെ ഗതിയെ വഴിമാറ്റിവിടുമെന്നതിനാൽ മൺസൂൺ പ്രഖ്യാപന തീയതികളിൽ മാറ്റംവരുത്താറുമുണ്ട്‌. മെയ്‌ 21ന്‌ 3 മാനണ്ഡങ്ങളും തൃപ്തികരമായിട്ടും മുംബൈക്കുസമീപം നിലനിന്നിരുന്ന ന്യൂനമർദത്തിന്റെ തീവ്രതാ സാധ്യത പരിഗണിച്ച്‌ മൺൺസൂൺ വരവ് 24 ആയി പ്രഖ്യാപിക്കപ്പെട്ടു. ഇതിനുമുമ്പ്‌ ഇത്രയും നേരത്തെ കാലവർഷം എത്തിയത്‌ 2009 മെയ്‌ 23നായിരുന്നു.


rain alert


കിഴക്കൻ കാറ്റ്‌

മെയ് പതിനൊന്നോടെ ഭൂനിരപ്പിൽനിന്ന്‌ 12 മുതൽ 18 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള കിഴക്കൻ കാറ്റിന്റെ നാളി (Tropical Easterly Jet) 95%ത്തിനുമുകളിൽ സ്ഥിരത ആർജിച്ചതും കാലവർഷത്തിന്റെ നേരത്തെയുള്ള വരവ്‌ അറിയിച്ചു.


മുംബൈയിൽ മൺസൂൺ 16 ദിവസം നേരത്തെ മെയ് 26ന് എത്തിച്ചേർന്നു. സാധാരണ ഇത്‌ ജൂൺ 11ഓടെയായിരുന്നു. ആ ഭാഗത്ത്‌ നിലനിന്ന ന്യൂനമർദം കാലവർഷത്തിന്റെ വരവിനെ സ്വാധീനിച്ചു. മുംബൈ കൊളാബയിൽ 107 വർഷത്തെ റെക്കോഡ്‌ മഴയായ 295 മില്ലീമീറ്റർ രേഖപ്പെടുത്തി. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മൺസൂൺ 10 ദിവസം നേരത്തെ എത്തിച്ചേർന്നു. നിലവിൽ കാലവർഷമുന്നേറ്റം നേരത്തെയാണെങ്കിലും ഈ നില വടക്കോട്ട്‌ തുടരണമെന്നുമില്ല. സാധാരണഗതിയിൽ ഇന്ത്യ മുഴുവൻ മൺസൂൺ പരക്കേണ്ടത്‌ ജൂലൈ 8നാണ്‌.


മൺസൂൺ ലോ ലെവൽ ജറ്റ്‌

കേരളത്തിലെ മൺസൂൺമഴ ശക്തിയാർജിക്കുന്നത്‌ മൺസൂൺ ലോ ലെവൽ ജറ്റ്‌ എന്ന പടിഞ്ഞാറൻ കാറ്റിന്റെ കരുത്തിലാണ്‌. മഡഗാസ്കർ ദ്വീപിനടുത്ത് ഫിൻലാറ്റർജറ്റ് എന്നറിയപ്പെടുന്ന കാറ്റുവ്യൂഹം സൊമാലിയയിലെ ന്യൂനമർദപ്രദേശത്താൽ ആഗിരണം ചെയ്‌ത്‌ (അവിടെ സൊമാലിയജറ്റ്) തുടർന്ന്‌ ശക്തിയാർജിക്കും.


‘ഭൂഭ്രമണവളയൽ’പ്രക്രിയമൂലം വളഞ്ഞ് ശരാശരി 1.5 കി.മീ ഉയരത്തിൽ വേഗതയുള്ള പടിഞ്ഞാറൻകാറ്റായി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തണയുന്നതാണ് മൺസൂൺ ലോ ലെവൽ ജറ്റ്‌. ഈ നാളിയിലുടലെടുക്കുന്ന അനേകം ചെറു ചക്രവാതച്ചുഴികൾ അറബിക്കടലിൽ സംവഹനത്തെ ത്വരിതപ്പെടുത്തി കാലവർഷ മേഘങ്ങളാക്കും. ഈ വർഷം കാലവർഷം തുടങ്ങുംമുമ്പേ പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും വ്യാപ്തിയുമേറിത്തുടങ്ങിയിരുന്നു. മെയ്‌ 23 മുതൽ 28 വരെ മണിക്കൂറിൽ 56‐94 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു പടിഞ്ഞാറൻ കാറ്റിന്റെ ശക്തി.


കേരളത്തിൽ കാലവർഷം ശക്തിപ്പെടാൻ കൃത്യതയോടെ വീശുന്ന പടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യം അനിവാര്യമാണ്‌. കൃത്യതയേറിയ പടിഞ്ഞാറൻ കാറ്റ്, പടിഞ്ഞാറൻ കാറ്റിലെ ന്യൂനമർദപ്പാത്തി, ഒഡിഷാതീരത്തിനടുത്തുള്ള ചക്രവാതച്ചുഴിയിലേയ്ക്കുള്ള പടിഞ്ഞാറൻ കാറ്റിന്റെ വലിക്കൽ എന്നിവയാണ്‌ മെയ് 29 ഓടെ കാലവർഷം അതിതീവ്രമാകാൻ കാരണമായത്‌.


ജൂൺമുതൽ സെപ്തംബർവരെയുള്ള കാലവർഷക്കാലത്ത്‌ രാജ്യത്ത്‌ 106% അധിക മഴ ലഭിക്കുമെന്നാണ്‌ പ്രവചനം. എൽ നിനോയുടെ അഭാവമാണ്‌ ഈ വർഷം മൺസൂണിനെ ശക്തിപ്പെടുത്താനുള്ള പ്രധാനകാരണം.കഴിഞ്ഞ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത്‌ 1748 മില്ലിമീറ്റർ മഴ കേരളത്തിൽ ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home