മിന്നൽ പ്രളയങ്ങൾക്ക് പിന്നിൽ

ഡോ. ശംഭു കുടുക്കശ്ശേരി
Published on Aug 29, 2025, 12:00 AM | 2 min read
ഈ ഇടവപ്പാതിക്കാലത്ത് ആഗസ്റ്റ് ആദ്യവാരം ഉത്തരാഖണ്ഡിലും 15–-16 തീയതികളിൽ വടക്കുപടിഞ്ഞാറൻ ജമ്മു കശ്‌മീർ,വടക്കൻ പാകിസ്ഥാൻ എന്നിവിടങ്ങളിലും ഉണ്ടായ അതിതീവ്രമഴയും മിന്നൽ പ്രളയവും വൻ നാശമാണ് ഉണ്ടാക്കിയത്. പാക്കിസ്ഥാനിൽ വൻ ആൾനാശവുമുണ്ടായി. ഹിമാചൽപ്രദേശിലും ജമ്മുവിലും കഴിഞ്ഞ ദിവസവും വീണ്ടും മിന്നൽപ്രളയമുണ്ടായി. 30ൽ അധികം പേർ ജമ്മുവിൽ മരിച്ചു. മൺസൂൺ ന്യൂനമർദപ്പാത്തിയുടെ (monsoon trough) വടക്കോട്ടുള്ള വിസ്ഥാപനംമൂലം ചക്രവാത അന്തരീക്ഷച്ചുഴി ഉടലെടുത്തതാണ് ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിന് കാരണമായത്.
ബ്രേക്ക് മൺസൂൺ
മൺസൂൺകാലത്ത് ശരാശരി പടിഞ്ഞാറൻ ഇന്ത്യമുതൽ മധ്യ ഇന്ത്യ വഴി ബംഗാൾ ഉൾക്കടൽവരെ നീണ്ടുകിടക്കുന്ന ന്യൂനമർദപ്പാത്തിയാണ് മൺസൂൺ ന്യൂനമർദപ്പാത്തി. ഇതിന്റെ ഹിമാലയ സാനുക്കളിലേക്കും ജമ്മു കാശ്മീർ മേഖലകളിലേക്കുമുള്ള വിസ്ഥാപനം മധ്യ ഇന്ത്യയിൽ മഴക്കുറവുണ്ടാക്കുകയും നേപ്പാൾ, ഹിമാലയഭാഗങ്ങൾ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ തീവ്രമഴക്കും കാരണമായി. ഈ മഴയുടെ വിസ്ഥാപന പ്രതിഭാസത്തെ ‘ബ്രേക്ക് മൺസൂൺ’ എന്നു വിളിക്കുന്നു. ആഗസ്റ്റ് 4 മുതൽ 10 വരെ നിലനിന്ന ബ്രേക്ക് മൺസൂൺമൂലം വിസ്ഥാപനം ചെയ്യപ്പെട്ട മൺസൂൺ ആഗസ്റ്റ് 15–-16 തീയതികളിൽ ന്യൂനമർദപ്പാത്തിയുടെ പടിഞ്ഞാറൻഭാഗം ജമ്മുകശ്മീർ മേഖലയിൽത്തന്നെ നിലയുറപ്പിക്കുകയും മറ്റുള്ള ഭാഗങ്ങൾ മധ്യ ഇന്ത്യ വഴി തെക്കോട്ട് ചരിഞ്ഞ് ബംഗാൾഉൾക്കടലിലേക്ക് വിന്യസിക്കുകയും ചെയ്തു. അവിടെത്തന്നെ നിലയുറപ്പിച്ച പടിഞ്ഞാറൻ ഭാഗത്തിന്റെ സ്വാധീനമാണ് കശ്‌മീർ -പാക്പ്രവിശ്യകളിൽ അതിതീവ്ര മഴയ്ക്ക് കാരണമായത്. മൺസൂൺ ന്യൂനമർദപ്പാത്തിയുടെ ഈ വിസ്ഥാപന സ്വഭാവം മൺസൂൺ കാലത്ത് സാധാരണമാണ്.
ചൈനയിലെ പ്രളയം
ചൈനയിലെ ഇത്തവണത്തെ ഉഷ്ണകാലത്ത് റെക്കോഡ് താപതരംഗവും വെള്ളപ്പൊക്കവും അനുഭവപ്പെട്ടു. ജൂലൈ 28 വരെ പെയ്ത മഴയിൽ ബൈജിങ് പ്രവിശ്യ (യാൻഖ്വിങ്ങ്, ഹ്വൈറോ, മിയൂൻ) അപ്പാടെ വെള്ളത്തിൽ മുങ്ങി. വടക്കൻ ചൈനയിലെ 19 മഴമാപിനികളിൽ ജൂലൈയിലെ റെക്കോഡ് മഴ രേഖപ്പെടുത്തുകയും 13 എണ്ണത്തിൽ മഴയളവുകളിലെ സർവകാല റെക്കോർഡും രേഖപ്പെടുത്തി. മധ്യ ചൈനയിലും തെക്കൻ ചൈനയിലും ജൂണിൽത്തന്നെ ഉരുൾപൊട്ടലുകളും മിന്നൽപ്രളയങ്ങളും ഉണ്ടായത് അവിടെ ഇത്തവണ മഴക്കാലംമുമ്പേ തന്നെ എത്തിച്ചേർന്നതുമൂലമാണ്. ബീജിങ്ങിലേയും ഗാൻസുമേഖലയിലേയും അതിതീവ്രമഴ ദിനങ്ങളിൽ മധ്യ ഇന്ത്യ, വടക്കുകിഴക്കൻ ഇന്ത്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യ, വടക്കൻപെനിൻസുലാർ ഇന്ത്യ എന്നിവിടങ്ങളെ ഗ്രസിച്ച ഭൗമോപരിതല മൺസൂൺ ന്യൂനമർദപ്പാത്തിയുടെ പ്രഭാവം ചൈനാമേഖലയിൽവരെ കടന്നുകയറുന്നതായി കാണപ്പെട്ടു. ചക്രവാത അന്തരീക്ഷച്ചുഴികളും ചൈനയുടെ ഈ ഭാഗങ്ങളിൽ മൺസൂൺ ന്യൂനമർദപ്പാത്തിയുമായി ബന്ധപ്പെട്ട് കാണപ്പെട്ടു. ഈ ന്യൂനമർദപ്പാത്തിയിൽ തണുത്ത ധ്രുവക്കാറ്റും (cold front) ഭൂമധ്യരേഖാ പ്രദേശത്തുനിന്നുള്ള ആർദ്രതയേറിയ ഉഷ്ണക്കാറ്റും (warm front) തള്ളിക്കയറി സ്വാധീനിച്ചതും അതി തീവ്രമഴയ്ക്കും മിന്നൽപ്രളയങ്ങൾക്കും കാരണമായി.
മംഗോളിയയിൽ മിന്നൽ പ്രളയങ്ങൾക്ക് കാരണമായത് അവിടെ നിലകൊണ്ട ചക്രവാത അന്തരീക്ഷച്ചുഴിയിലേക്ക് ധ്രുവപ്രദേശത്തുനിന്നും ഉഷ്ണമേഖലാപ്രദേശത്തുനിന്നുമുള്ള വായൂപിണ്ഡ (airmass) സംയോജനവും അതുമൂലമുണ്ടായ തീവ്ര സംവഹനവുമായിരുന്നു.ജൂലൈയിൽമാത്രം അമേരിക്കയിലെ ദേശീയ ദിനാവസ്ഥാ സേവനബ്യൂറോ ഏതാണ്ട് 3600 ഓളം മിന്നൽപ്രളയ മുന്നറിയിപ്പുകൾ നൽകിയിരുന്നു. അതിതീവ്രമഴ മധ്യ, കിഴക്കൻഅമേരിക്കയെ പൂർണമായും കീഴടക്കി. ഏപ്രിൽമുതൽ ജൂലൈവരെ ശരാശരിയെക്കാൾ 150 % മുതൽ 200% വരെ അധിക മഴയാണ് അവിടെ റിപ്പോർട്ട്ചെയ്തത്.
ഉഷ്ണമേഖലയിൽനിന്ന് വർധിച്ചതോതിലുള്ള ആർദ്രതയുടെ തള്ളിക്കയറ്റമാണ് ഇതിനു പ്രധാനകാരണം.സാധാരണഗതിയിൽ പടിഞ്ഞാറുനിന്ന് വീശുന്ന കാറ്റിന്റെ അഭാവവും കാറ്റിന്റെ ശക്തിയേറിയ പടിഞ്ഞാറുനിന്നുള്ള നാളീ (jet stream) പ്രവാഹത്തിന്റെ ശോഷണവും തെക്കോട്ടുള്ള വിസ്ഥാപനവും അറ്റ്‌ലാന്റിക് കരീബിയൻ കടൽതാപനിലയും വർധിച്ച ആർദ്രതയുമെല്ലാം ശക്തമായ മഴയ്ക്ക് കാരണമായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ സൂചനയാണ് ഇവയെല്ലാം. വിയറ്റ്നാമിനെ ഭീതിയിലാഴ്ത്തി മണിക്കൂറിൽ 126 കിലോമീറ്റർ വേഗത്തിൽ കഴിഞ്ഞദിവസം ആഞ്ഞടിഞ്ഞ കാജികി ചുഴലിക്കൊടുങ്കാറ്റും വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇതിനെ തുടർന്ന് ബംഗാൾ ഉൾക്കടലിലും മാറ്റങ്ങളുണ്ടായി.









0 comments