തുടരും വികസനം കുറിക്കും പുതുചരിത്രം

2021ല്‍ സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടായതുപോലെ ജില്ലാ പഞ്ചായത്തിലും തുടര്‍ഭരണത്തിന് കളമൊരുങ്ങുകയാണെന്നും എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാകുമെന്നും നേതാക്കള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയില്‍ നാല് ബ്ലോക്ക് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. ഇത് നിലനിര്‍ത്തുകയും മറ്റുള്ളിടത്ത് ഭരണത്തിലെത്തുകയും ചെയ്യും. പഞ്ചായത്തുകളില്‍ 30ഇടത്താണ് ഭരണമുള്ളത്. ഭൂരിപക്ഷം പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ- സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി നടത്തിപ്പിലുള്‍പ്പടെ ഒന്നാമതെത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ജില്ലയെ ഇന്നുകാണുന്ന വികസിത പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് പിണറായി സര്‍ക്കരാണ്. ഇടുക്കി മെഡിക്കല്‍ കോളേജ്, ഗവ. നഴ്‍സിങ് കോളേജ്, ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പൊതുവിദ്യാലയങ്ങള്‍, റോഡുകള്‍ തുടങ്ങി സമസ്ത മേഖലകളിലും ജില്ലയെ കൈപിടിച്ചുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ജില്ല നേരിട്ടുകൊണ്ടിരുന്ന ഭൂ പ്രശ്നങ്ങള്‍ക്കാകെ പരിഹാരം കണ്ടെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് അനുഭവവേദ്യമായി. 60 വര്‍ഷമായി ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭൂ നിയമ ഭേദഗതിയും ചട്ട രൂപീകരണവും സമയബന്ധിതമായി നടപ്പാക്കാനായി. 55,000 ഉപാധിരഹിത പട്ടയങ്ങളാണ് പിണറായി സര്‍ക്കാര്‍ ജില്ലയില്‍ വിതരണം ചെയ്‍തത്. ഇടുക്കി പാക്കേജിലുള്‍പ്പെടുത്തി മെഡിക്കല്‍ കോളേജിലും അടിമാലി താലൂക്ക് ആശുപത്രിയിലും കാത്ത്‍ലാബ് അനുവദിച്ചത് മലയോര ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ച് വിശ്വാസമാര്‍ജ്ജിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ പിന്തുണ നല്‍കാന്‍ ജനങ്ങള്‍ മുന്നോട്ട് വരുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് എന്നതുപോലെ ജില്ലയിലെ കോണ്‍ഗ്രസും ബിജെപിയും തകര്‍ന്നടിഞ്ഞ് അനൈക്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജോസഫിനും ലീഗിനും കടുത്ത അവഗണന നേരിടുന്നതിലൂടെ സമ്പൂര്‍ണ ശിഥിലീകരണത്തിലാണ് യുഡിഎഫ്. വികസന വിരുദ്ധതയും ഐക്യമില്ലായ്മയും മൂലം ജനങ്ങള്‍ക്കിടയില്‍നിന്നും ഒറ്റപ്പെട്ട് സമ്പൂര്‍ണ പരാജയത്തിലേക്ക് നീങ്ങുകയാണ് യുഡിഎഫ്. വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കളായ കെ സലിംകുമാര്‍, സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, അനില്‍ കൂവപ്ലാക്കല്‍, കെ പി മേരി, കെ വി ശശി, മുഹമ്മദ് ഫൈസല്‍, കെ ഐ ആന്റണി എന്നിവര്‍ പങ്കെടുത്തു.








0 comments