കൊണ്ടോട്ടിയിലും അടിപൊട്ടി

കൊണ്ടോട്ടി നഗരസഭ ചെമ്പാല വാർഡിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷം
കൊണ്ടോട്ടി
നഗരസഭയിലേക്കുള്ള സ്ഥാനാർഥി നിർണയത്തെ ചൊല്ലി മുസ്ലിംലീഗിൽ സംഘർഷം. വാർഡ് 21 ചെമ്പാലയിലാണ് ലീഗ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മുസ്ല്യാരങ്ങാടി ലീഗ് ഓഫീസിനുസമീപത്തെ ലീഗ് നേതാവിന്റെ വീട്ടിലായിരുന്നു യോഗം. വീട്ടിൽനിന്ന് ആരംഭിച്ച കൈയാങ്കളി റോഡിലേക്ക് നീണ്ടു. നാലുപേർ മത്സരിക്കാൻ അവകാശവാദവുമായി എത്തിയതാണ് സംഘർഷത്തിന് കാരണം. നിലവിൽ മനാതൊടി വാർഡിലെ കൗൺസിലറായ മൊഹ്‌യുദ്ദീൻ അലിയാണ് സീറ്റിൽ നോട്ടമിട്ട പ്രധാനി. സിറ്റിങ് വാർഡ് വനിതാ സംവരണമായതോടെയാണ് ഇദ്ദേഹം ചെമ്പാലയിലേക്ക് തിരിഞ്ഞത്. ലീഗ് പ്രാദേശിക നേതാക്കളായ താന്നിക്കൽ മൊയ്തീൻകുട്ടി, ബാപ്പുട്ടി, അബ്ബാസ് എന്നിവർ നേരത്തെ സ്ഥാനാർഥിത്വത്തിനായി ശ്രമം തുടങ്ങിയിരുന്നു. മൊഹ്‌യുദ്ദീൻ അലി എത്തിയതോടെ സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലായി. വാർഡിൽ എംസിഎഫുമായി ബന്ധപ്പെട്ട തർക്കവും പ്രതിസന്ധിയുടെ ആഴംകൂട്ടി. ചെമ്പാലയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് എംസിഎഫ് നിർമിക്കാനുള്ള നഗരസഭയുടെ ശ്രമം ലീഗ് നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. വിഷയം ചർച്ചചെയ്യാൻ നഗരസഭയിൽ ചേർന്ന ചർച്ചയിലും സംഘർഷമുണ്ടായി. നഗരസഭ നൽകിയ പരാതിയിൽ 12 പേരെയും കണ്ടാലറിയാവുന്ന 50 പേരെയും ചേർത്ത് പൊലീസ് കേസെടുത്തിരുന്നു. കേസിൽ പ്രതിയാക്കപ്പെട്ട രണ്ടുപേർക്ക് വിദേശത്ത് പോകാനുമായില്ല. ഈ സംഭവത്തിൽ നിലവിലെ ലീഗ് കൗൺസിലർക്കെതിരെ ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.








0 comments