മീൻമുട്ടി വെള്ളച്ചാട്ടം മനംമയക്കുന്ന കാഴ‌്ചകൾക്ക‌് മങ്ങലേറ്റിട്ട‌് ആറുവർഷം

കൽപ്പറ്റ
ജില്ലയിലെ ഏറ്റവും വലുതും മനോഹരവുമായ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ട‌് ആറുവർഷവും മനം കവരുന്ന കാഴ‌്ചകളൊരുക്കുന്ന നീലിമല വ്യൂ പോയിന്റ‌് അടച്ചിട്ട‌് ഒരു വർഷവും തികയുമ്പോഴും സഞ്ചാരികൾക്ക‌് തുറന്നുകൊടുക്കാനുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നില്ലാത്തത‌് നാട്ടുകാരെയും സഞ്ചാരികളെയും ഒരുപോലെ നിരാശയിലാക്കുന്നു. ജില്ലയുടെ വിനോദ സഞ്ചാരമേഖലയ‌്ക്ക‌് കനത്ത ആഘാതമേൽപ്പിച്ച‌് മീൻമുട്ടി വെളളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ട‌് ആറുവർഷം തികഞ്ഞു. വലിപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടം ജില്ലയിൽ ടൂർ പാക്കേജിൽ ഒന്നാം സ്ഥാനത്തായിരുന്നു. മൂന്നു തട്ടുകളിലായി കുത്തനെ പതിക്കുന്ന 600 അടി ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടം നയനമനോഹര കാഴ‌്ചയാണ‌്. തമിഴ‌്നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിലുള്ള ചോലാടിപ്പുഴയിലൂടെ പതഞ്ഞൊഴുകി താഴേക്ക‌് പതിക്കുന്ന സുന്ദരദൃശ്യം ആരുടെയും മനം മയക്കും. അരണിപ്പുഴയിലൂടെ ചാലിയാറിലാണ‌് ഈ വെള്ളച്ചാട്ടം അവസാനിക്കുക. 2009ലാണ‌് വനസംരക്ഷണ സമിതി രൂപീകരിച്ച‌് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾക്ക‌് പ്രവേശനം നൽകിയത‌്. പിന്നീട‌് ഈ കേന്ദ്രം ജില്ലയുടെ ടൂറിസം മേഖലയുടെ നട്ടെല്ലായി മാറിയിരുന്നു. രണ്ട‌് വർഷംകൊണ്ട‌് 60 ലക്ഷം രൂപയുടെ വരുമാനം സർക്കാരിന‌് ഉണ്ടായി എന്നത‌് അറിയുമ്പോഴാണ‌് ഇവിടേക്കുള്ള സഞ്ചാരികളുടെ ബാഹുല്യം മനസ്സിലാവുക.
വനം വകുപ്പുദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിനരികിലുള്ള ഭൂവുടമകളും തമ്മിലുള്ള തർക്കത്തെ തുടർന്നും ഒരു വിനോദ സഞ്ചാരിയുടെ അപകട മരണത്തെ തുടർന്നുമാണ‌് വനംവകുപ്പ‌് പ്രവേശനം നിരോധിച്ചത‌്. ചിലരുടെ പിടിവാശികൊണ്ട‌് ജില്ലയ‌്ക്ക‌് കനത്ത നഷ്ടമാണുണ്ടായത‌്. തദ്ദേശിയരും വിദേശികളുമായ നിരവധി പേരാണ‌് ഗൂഗിൾ സേർച്ച‌് ചെയ‌്ത‌് ഇപ്പോഴും ഇവിടേക്ക‌് എത്തിക്കൊണ്ടിരിക്കുന്നത‌്. വൻ വികസനമുണ്ടാകേണ്ട വടുവൻചാൽ ടൗണും ശുഷ‌്കിച്ചു. ടാക‌്സി, ഹോട്ടൽ, ചെറുകിട കച്ചവടക്കാർ തുടങ്ങി എല്ലാ മേഖലയിലുമുള്ളവർ ദുരിതത്തിലായി. 30 പേർക്ക‌് പ്രത്യക്ഷമായും നിരവധി പേർക്ക‌് പരോക്ഷമായും ജോലി ലഭിച്ചിരുന്നു. അതും നിലച്ചു. കേസുള്ള ഭൂമിയിലൂടെ ട്രക്കിങ‌് നടത്താനാവില്ലെന്നാണ‌് വനംവകുപ്പിന്റെ നിലപാട‌്. എന്നാൽ സി കെ ശശീന്ദ്രൻ എംഎൽഎയുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിലേക്ക‌് പോകാൻ നാട്ടുകാർ സൗകര്യപ്രദമായ മറ്റൊരു റോഡ‌് കണ്ടെത്തിയെങ്കിലും വനംവകുപ്പ‌് അനുകൂല നടപടിയെടുത്തിട്ടില്ല. ജീവനക്കാരുടെ അപര്യാപ‌്തതയാണ‌് വനംവകുപ്പ‌് ചൂണ്ടിക്കാണിക്കുന്നത‌്. അതേസമയം നേരത്തെ പിരിച്ചുവിട്ട വനസംരക്ഷണ സമിതി വിളിച്ചുചേർത്ത‌് ഈ പ്രശ‌്നം പരിഹരിക്കാവുമെന്ന‌് നാട്ടുകാർ പറയുന്നു. റോഡ‌്, പാർക്കിങ‌്, ടോയ‌് ലറ്റ‌് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുമുണ്ട‌്.
മിക്ക സമയങ്ങളിലും കോടമഞ്ഞ‌് പുതച്ചുകിടക്കുന്ന, പ്രകൃതി സുന്ദരമായ നീലിമലയുടെ കാര്യത്തിലും ഇതേ അവഗണന തുടരുകയാണ‌്. കഴിഞ്ഞ വർഷം ഡിസംബറിലാണ‌് ഈ കേന്ദ്രത്തിലേക്കുള്ള പ്രവേശനം വനംവകുപ്പ‌് നിരോധിച്ചത‌്. എത്രയോ വർഷങ്ങളായി സഞ്ചാരികൾ നിർബാധം പോയ‌്ക്കൊണ്ടിരുന്ന വിനോദ സഞ്ചാരകേന്ദ്രമാണിത‌്. വടുവൻചാൽ ചിത്രഗിരി സ‌്കൂൾ പരിസരത്തുനിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ നീലിമല വ്യൂപോയിന്റിലെത്താം. നിലമ്പൂരിന്റെ ഭാഗങ്ങൾ, ചെമ്പ്ര, എടക്കൽ, നീലഗിരി കുന്നുകൾ തുടങ്ങി എല്ലാ മേഖലയും കാണാവുന്ന പോയിന്റാണിത‌്. സീസണാവുമ്പോൾ നൂറുകണക്കിന‌് സഞ്ചാരികളാണ‌് ഇവിടേക്കും എത്തിക്കൊണ്ടിരുന്നത‌്.
ട്രക്കിങ‌് തുടങ്ങുന്ന സ്ഥലത്തുതന്നെ വനം വകുപ്പ‌് വേലിയിട്ടതിനാൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടെയും ഇവിടേക്ക‌് പോകാൻ സാധിക്കാത്ത സ്ഥിതിയാണെന്ന‌് നാട്ടുകാർ പറയുന്നു. മീൻമുട്ടിയും നീലിമല വ്യൂപോയിന്റും തുറക്കുമെന്ന പ്രതീക്ഷയിൽതന്നെയാണ‌് സഞ്ചാരികളും നാട്ടുകാരും ഉള്ളത‌്.









0 comments