മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം ഗൂഢാലോചന അന്വേഷിക്കണം: എം ഗീതാനന്ദൻ

കൽപ്പറ്റ
എടവകയിലെ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡിനറ്റർ എം ഗീതാനന്ദൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തി വംശീയപരമായ കുറ്റകൃത്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ മന്ത്രി ഒ ആർ കേളു പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. സംഭവത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന് പങ്കുണ്ടോ എന്നത് അന്വേഷിക്കണം. ഇന്നത്തെ സാഹചര്യത്തിൽ ഓട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോകുക എന്നത് സാമാന്യബോധത്തിന് നിരക്കാത്തതാണ്. ആംബുലൻസ് എത്താൻ താമസിച്ചു എന്നതുകൊണ്ട് ആരും ഓട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോകാറില്ല. കൊണ്ടുപോകാൻ അൽപ്പം താമസിച്ചാലും വലിയപ്രശ്‌നങ്ങളാവുന്ന അവസ്ഥ അവിടെ ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് ധൃതിപിടിച്ച് മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയത്. ഇതിന് പ്രേരിപ്പിച്ചവർക്കെതിരെ നടപടി ഉണ്ടാവണം. രാഷ്‌ട്രീയ മുതലെടുപ്പിന് മൃതദേഹത്തെ അപമാനിക്കുന്നത് ശരിയല്ല. പിരിച്ചുവിട്ട ട്രൈബൽ പ്രൊമോട്ടറെ തിരിച്ചടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെമ്മാട് കോളനിയിലെ മാതനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കണം. കുറ്റക്കാർക്കെതിരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രമേശൻ കൊയിലിപ്പുര, ഗോപാലൻ മരിയനാട് എന്നിവരും പങ്കെടുത്തു.
Related News

0 comments