Deshabhimani

മീനങ്ങാടിയിലുണ്ട് ഫിഫയുടെ വേൾഡ് കപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 07:56 PM | 0 min read

കൽപ്പറ്റ
മീനങ്ങാടി അമ്പത്തിനാലിലുണ്ട് ഫിഫയുടെ വേൾഡ് കപ്പ്. കടുത്ത അർജന്റീന ആരാധകനും വയനാടിന്റെ ബുള്ളറ്റ് ഷൂട്ടറുമായിരുന്ന കോളിയോട്ട്  ഉമ്മർ അലിയുടെ വീട്ടിലാണ് ഒറിജിനലിനെ വെല്ലുന്ന വേൾഡ് കപ്പുള്ളത്‌. ഖത്തർ ലോകകപ്പിൽ അർജന്റീന ലോക കിരീടം നേടിയപ്പോൾ  ആഗ്രഹിച്ചതാണ്‌ വേൾഡ്‌ കപ്പ്‌ പോലെയൊരു ട്രോഫി സ്വന്തമായി വേണമെന്ന്‌. സൗദി അറേബ്യയിൽ ട്രോഫി ലഭിക്കുമെന്ന്‌ അവിടെ ജോലിചെയ്യുന്ന സുഹൃത്ത് പൊഴുതന സ്വദേശി ഹാരിസ്‌ അറിയിച്ചു. ഇരുപതിനായിരം രൂപയോളമാണ് വില. 
ചെറുപ്പം മുതലേ ഒരുമിച്ച് ഫുട്ബോൾ കളിച്ചുവളർന്ന സുഹൃത്തിന്റെ ആഗ്രഹം നിറവേറ്റാൻ പിന്നീട്‌ ഫാരിസ്‌ തീരുമാനിച്ചു. ട്രോഫി വാങ്ങി മറ്റൊരു സുഹൃത്ത്‌ വഴി ഉമ്മറിന്‌  എത്തിച്ചുകൊടുത്തു. അർജന്റീന വേൾഡ് കപ്പ് നേടിയതിന്റെ രണ്ടാം വാർഷികം ഈ കപ്പിനൊപ്പമാണ്  ആഘോഷിച്ചത്. 
കേക്ക് മുറിച്ചു.  മധുരം വിതരണം ചെയ്‌തു. പലരും വേൾഡ് കപ്പ് കാണാനും ഫോട്ടോയെടുക്കാനും വീട്ടിലെത്തുന്നുണ്ട്‌. ദിവസവും കാണാൻ കിടപ്പുമുറിയിലാണ്  വച്ചിരിക്കുന്നത്. കേരളത്തിൽ അർജന്റീന കളിക്കാനെത്തുത്തത്‌ കാത്തിരിക്കുകയാണ്‌ ഉമ്മർ അലി. വീടിന് അർജന്റീനയുടെ പതാകയുടെ നിറമടിച്ചും ടീമിലെ കോച്ചിന്റെയും താരങ്ങളുടെയും ഫ്ലക്സുകൾ വച്ചും നീലയും വെള്ളയും നിറങ്ങളുള്ള വളർത്തുകിളികളെ പരിപാലിച്ചുമെല്ലാം അർജന്റീനയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ്‌ ഈ ആരാധകൻ. 
 
 


deshabhimani section

Related News

0 comments
Sort by

Home