Deshabhimani

പഞ്ചായത്തിന്റെയും വാർഡ്‌ അംഗത്തിന്റെയും വീഴ്‌ച അനേഷിക്കണം: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 09:19 PM | 0 min read

കൽപ്പറ്റ
ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ സംസ്‌കാരത്തിനായി കൊണ്ടുപോയ സംഭവത്തിൽ പഞ്ചായത്ത്‌ ഭരണസമിതിയുടെയും വാർഡ്‌ അംഗത്തിന്റെയും വീഴ്‌ച അന്വേഷിക്കണമെന്നും ഉത്തരവാദിത്വം നിറവേറ്റാത്ത പഞ്ചായത്ത്‌ അംഗം രാജിവയ്‌ക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. എടവക പഞ്ചായത്തിന്റെ മുക്കിന്‌ താഴെയായിരുന്നു സംഭവം. 
പഞ്ചായത്ത്‌ ഓഫീസിനോട്‌ ചേർന്നുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പഞ്ചായത്തിൽതന്നെയുള്ള നല്ലൂർനാട്‌ അംബേദ്‌ക്കർ ആശുപത്രിയിലും ആംബുലൻസുകൾ ഉണ്ടായിരുന്നു. ഇവ ലഭ്യമാക്കുന്നതിന്‌ ഒരിടപെടലും പഞ്ചായത്ത്‌ അംഗമോ, ഭരണസമിതിയോ നടത്തിയില്ല. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാഷ്‌ട്രീയ പാർടിയുടെ നിയന്ത്രണത്തിൽ രണ്ട്‌ ആംബുലൻസ്‌ പഞ്ചായത്തിലുണ്ട്‌.  ഇതും വിട്ടുനൽകാതെയാണ്‌ പ്രസിഡന്റും അംഗങ്ങളും  ടിഡിഒ ഓഫീസിൽ സമരനാടകം നടത്തിയത്‌. ആദിവാസി വയോധികയുടെ മരണത്തിൽ മനുഷ്യത്വപരമായി ഇടപെടാതെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒളിച്ചോടുകയാണ്‌ പഞ്ചായത്ത്‌ ഭരണസമിതി. രാഷ്ട്രീയ താൽപ്പര്യത്തോടെ പ്രവർത്തിക്കുകയാണ് ചെയ്തത്. 
ഉദ്യോഗസ്ഥർക്ക്‌ വീഴ്‌യുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണം. മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയതിലെ ദുരൂഹത നീക്കണം. ആംബുലൻസ്‌ എത്താൻ കാത്തുനിൽക്കാതെ ചിലരുടെ ഇടപെടലിൽ തിരക്കിട്ട്‌ മൃതദേഹം കൊണ്ടുപോയെന്നാണ്‌ പ്രൊമോട്ടർ പറയുന്നത്‌. ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. ഫോണിൽ പ്രൊമോട്ടറെ ഭീഷണി പ്പെടുത്തുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വോയ്‌സ്‌ ക്ലിപ്പ്‌ പുറത്തുവന്നിട്ടുണ്ട്‌. ഇത്‌ ഗൂഢാലോചനയിലേക്ക്‌ വിരൽചൂണ്ടുന്നതാണ്‌. ഇക്കാര്യവും  അന്വേഷിക്കണമെന്ന്‌ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


deshabhimani section

Related News

0 comments
Sort by

Home